വ്യവസായശാലകളുടെ നഗരത്തിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. തന്റെ തീവണ്ടി മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയതായി ഉച്ചഭാഷിണികള്‍ പറഞ്ഞപ്പോള്‍ ആരതി ബാഗും , തോളിലുറങ്ങുന്ന കുഞ്ഞിന്റെ ചൂടുമായി സിമന്റ് തറയില്‍ ഇറങ്ങിനിന്നു. അവള്‍ ഭര്‍ത്താവിന്റെ മുഖം തേടി ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ടു നടന്നു . അയാളെ എവിടെയും കാണാതായപ്പോള്‍ ഒരു സിമെന്റ് ബെഞ്ചിലിരുന്നു. ആ നഗരം പണിശാലകളുടേതു മാത്രമല്ല ,ഒറ്റപ്പെട്ട സ്ത്രീകളേയും കുട്ടികളേയും നായാടി പിടിക്കുന്ന രാത്രി സഞ്ചാരക്കാരുടേതു കൂടിയാണെന്ന ഓര്‍മ്മ അവള്‍ക്കുണ്ടായി . ആരതിയില്‍ ഭയം വളരാന്‍ തുടങ്ങി. അവളുടെ ഭാഗ്യം പ്ലാറ്റ്ഫോമിന്റെ ഒരു കോണില്‍ കയ്യിലുയര്‍ത്തിപ്പിടിച്ച ഐസ്ക്രീമുമായി അവളുടെ ഭര്‍ത്താവു പ്രത്യക്ഷപ്പെട്ടു. അയാള്‍ അടുത്തെത്തി. സ്നേഹം നിറഞ്ഞ കണ്ണുകളും പരിഭവമായി അവള്‍ ചോദിച്ചു.
‘’ എന്തേ ഞങ്ങളെ കാത്തിരുന്നില്ല?’‘
സാധാരണയില്‍ നിന്നും വ്യത്യസ്തമായി അയാള്‍ വില കൂടിയ , കടുത്ത നിറങ്ങളിലുള്ള വസ്ത്രം ധരിച്ചിരുന്നു എന്നവള്‍ കണ്ടു . വാസനപ്പൂക്കള്‍ നിറഞ്ഞ ഒരു പൂന്തോട്ടം പോലെ അയാള്‍ ഹരം പിടിപ്പിക്കുന്ന ഗന്ധം പുറപ്പെടുവിച്ചത് അവളെ അതിശയിപ്പിച്ചു . അവളോര്‍ത്തു അയാള്‍ അയാളല്ല , മറ്റാരോ ആണ്. അയാള്‍ കുഞ്ഞിനെ വിളിച്ചുണര്‍ത്തി ഐസ്ക്രീം കൊടുത്തു . ആര്‍ത്തിയോടെ അതു പിടിച്ചു വാങ്ങിയ കുഞ്ഞ് കരയാന്‍ തുടങ്ങി. ഐസ്ക്രീം നഷ്ടപ്പെട്ട ഒരു കപ്പുമാത്രമായിരുന്നു അത്. അയാള്‍ അതു ശ്രദ്ധിക്കാതെ ബാഗുമെടുത്ത് വേഗം നടന്നു . ആരതി കരയുന്ന കുഞ്ഞിനെയുമെടുത്ത് അയാളുടെ മുന്തിയ ഇനം ചെരുപ്പുകളെ പിന്തുടര്‍ന്നു. അവള്‍ ഇടക്കിടെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
‘’ ഏട്ടാ, മണി പത്തായി , കുഞ്ഞിനു വിശപ്പുണ്ട് . എന്തെങ്കിലും കഴിച്ചിട്ടു പോകാം’‘
‘’ പത്തു മിനിട്ടിനുള്ളില്‍ വീടെത്തെണം’‘
ആരതിക്കു മനസിലായി ; ഏട്ടന്‍ സ്നേഹമുള്ളയാള്‍ തന്നെ . വീട്ടില്‍ ഭക്ഷണമെല്ലാം ശരിയാക്കി വച്ചിട്ടുണ്ട്. അതാണ് ഈ സൗഗന്ധികപ്പൂക്കാരന്റെ ഒരു രീതി. ഗൗരവക്കാരന്റെ തമാശ. ‘ഇന്നു വീട്ടില്‍ ചെല്ലട്ടെ ചെവി പൊന്നാക്കുന്നുണ്ട്’ ഏങ്ങലടിച്ചു കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിച്ചുകൊണ്ട് അവള്‍ അയാളുടെ പുറകെ വീടിനുള്ളില്‍ കയറി.
കുഞ്ഞിനെ സോഫയിലിരുത്തിയിട്ട് അവള്‍ അയാളെ വിളിച്ചു.
‘’ഏട്ടാ , ആദ്യം കുഞ്ഞിനു വല്ലതും കൊടുക്കണം അവള്‍ക്കു വിശപ്പും ക്ഷീണവുമുണ്ട് ‘’
ആരതിക്കു മുമ്പില്‍ തീന്മേശ ശൂന്യമായിരുന്നു . അടുക്കളയിലെ പഴകിയ ഭക്ഷണപ്പാത്രങ്ങളിലൂടെ പല്ലികളും പാറ്റയും കയറിയിറങ്ങിക്കൊണ്ടിരുന്നു . അവിടേത്തന്നെ കെണിയിലകപ്പെട്ട ചിരിയുമായി ഒരെലി അവളെ നോക്കി ചത്തളിഞ്ഞു കിടന്നു. ആരതി അടുക്കളപ്പാത്രങ്ങളോടും തീര്‍ന്നു പോയ ഗ്യാസ്കുറ്റിയോടുമായി വിളിച്ചു ചോദിച്ചു.
‘’ അപ്പോള്‍ അതാണു കാര്യം . അടുക്കള ചത്തിട്ടു കുറെ നാളായി ‘’
‘’ മോള്‍ക്കു ഞാനെന്തു കൊടുക്കും?’‘
അവള്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ ഒരു ഭാവഭേദവും കൂടാതെ ടെലിവിഷന്റെ മുമ്പില്‍ ധ്യാനിച്ചിരുന്നു . ശല്യം സഹിക്കാതായപ്പോള്‍ അയാള്‍ അവളോടു കെഞ്ചി.
‘’ ആരതീ ഇന്നു ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരുന്ന ആവേശപൂര്‍ണ്ണമായ ഫൈനല്‍ റൗണ്ടാണ് . ഒരു മണിക്കൂറു കൂടിയെ ഉള്ളു’‘
‘’ പക്ഷെ കുഞ്ഞിനു വിശക്കുന്നു’‘
അവരുടെ സംഭാഷണത്തിന് ഒരു ചെറിയ ബയോളജിക്കല്‍ ബ്രേക്കു നല്‍കികൊണ്ട് കുഞ്ഞിന്റെ അലമുറ കേട്ടു :
‘’ അമ്മേ വെള്ളം വേണം’‘
‘’ ഏട്ടാ, ടാപ്പില്‍ പോലും തുള്ളി വെള്ളമില്ല ‘’
‘ഇതൊക്കെ ലോകമലയാളികള്‍ അറിയുമോ’? എന്ന അവളുടെ ചോദ്യത്തെ തുടര്‍ന്ന് ടിവിയിലെ ചെറിയ കൊമേഴ്സ്യല്‍ ബ്രേക്കും തീര്‍ന്നു . അവയവഭംഗിയും അല്പവസ്ത്രവുമണിഞ്ഞ ഒരു പെണ്ണ് ‘ വെല്‍ക്കം ബാക്ക്’ എന്നു ചിരിച്ചു നിന്നു.
‘’ മനുഷ്യാ ഇതുനിര്‍ത്തി വേഗം പോയി എന്തെങ്കിലും വാങ്ങിക്കൊടുക്ക് . മോള്‍ക്ക് വിശപ്പുണ്ട് . എന്റെ കാര്യം പോട്ടെ’‘
‘ മനുഷ്യന്‍’ എന്ന വിളികേട്ട് അയാള്‍ക്ക് അപരിചിതത്വം തോന്നി.
‘’ എനിക്കും ആഗ്രഹങ്ങളില്ലേ ആരതീ? കഴിഞ്ഞ മൂന്നുമാസമായി കണ്ടിട്ട്. ഈ സ്വീറ്റ് റൗണ്ട് ഫൈനല്‍ കാണാതിരുന്നാലെങ്ങനാ? എനിക്കും ആഗ്രഹങ്ങളില്ലേ . ഞാനല്‍പ്പം രസിക്കട്ടെ . പോ ശല്യമാകാതെ ‘’
ആരതി മന്ദഹസിച്ചു. സൗഗന്ധികപ്പൂവിന്റെ ഗന്ധം മുറ്റിയ ആ മുറിയില്‍ നിന്നും അവള്‍ തിരിച്ചു പോയി .
കുഞ്ഞിനെ എടുത്ത് അവള്‍ വീടിനു വെളിയിലിറങ്ങി. കൊച്ചു കൊച്ചു വെളിച്ച കീറുകളിലേക്ക് നടന്നു. അതൊരു സഞ്ചാരിയുടെ രാത്രിയായിരുന്നു.
Generated from archived content: story1_june9_12.html Author: chandrababu_panaggad