ശങ്കരാ… ആരോഗ്യം കാത്തുകൊളളണേ….

ആരോഗ്യമന്ത്രി പി. ശങ്കരന്‌ കാര്യങ്ങളെക്കുറിച്ച്‌ നല്ല ധാരണയാണുളളത്‌. അതുകൊണ്ടാണല്ലോ എറണാകുളം ജില്ല ആരോഗ്യവകുപ്പിലെ പേരുകേട്ട, കൈക്കൂലി വിദഗ്‌ദ്ധയെ യുവജനവേദി പ്രവർത്തകർ ‘പൊരിച്ച’ വാർത്തയറിഞ്ഞപ്പോൾ മന്ത്രി നടത്തിയ പ്രതികരണം. ടിയാൻ പറഞ്ഞതിങ്ങനെ- “ഡാക്‌ടർമാരുടെ സമീപനം മാറ്റിയില്ലെങ്കിൽ ജനങ്ങൾ തല്ലി മാറ്റും ഡായ്‌….ഡായ്‌”. വകുപ്പുമന്ത്രിമാരായാൽ ഇങ്ങനെതന്നെ വേണം; എന്തൊരാത്മാർത്ഥതയാണ്‌ വാക്കുകളിൽ. സന്തോഷംകൊണ്ട്‌ കേരളജനതയുടെ കണ്ണുനിറഞ്ഞുപോകുന്നു.

ഞങ്ങളുടെ പൊന്നു മന്ത്രി മാണിക്യമേ; നെഞ്ചിലിത്തിരി ഉശിരുളള യുവജനവേദിയിലെ പെണ്ണുങ്ങൾ കയറി ഇടപെട്ടപ്പോഴാണല്ലോ താങ്കൾക്ക്‌ കൈക്കൂലി മാഡം ഡോ.ജമീലാബീവിയുടെ തനിസ്വരൂപം മനസ്സിലായത്‌. അല്ലാതെ ആരോഗ്യവകുപ്പിന്റെ ചവറ്റുകൊട്ടയിൽ കിടക്കുന്ന ഇവരെക്കുറിച്ചുളള ഒരുപാടുപേരുടെ പരാതിയുടെ അടിസ്ഥാനത്തില്ലല്ലോ? പിന്നെ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു നേതാവിന്റെ സഹോദരി കൂടിയാകുമ്പോൾ ജമീലയ്‌ക്കെതിരെ എന്തു നടപടി എടുക്കാൻ? പേരിനായി ജമീലാബീവിയെ സസ്‌പെന്റു ചെയ്തതായി മന്ത്രി അറിയിച്ചിട്ടുണ്ട്‌. അത്രയും ഒത്തല്ലോ; നല്ലത്‌. ഒപ്പം മന്ത്രി ഇങ്ങനെകൂടി പറഞ്ഞു കേട്ടോ. യുവജനവേദിക്കാരുടെ പീറ ജനകീയ വിചാരണ കാരണമല്ല മറിച്ച്‌ മുൻപേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സസ്‌പെൻഷനെന്ന്‌…; നടപടിയെടുക്കാൻ കുറച്ച്‌ വൈകിപ്പോയി എന്നുമാത്രം.

മന്ത്രിസാറെ ജമീലാബീവി ഡോക്‌ടർ പണി തുടങ്ങിയിട്ട്‌ കൊല്ലം കുറെയായി; അവരുടെ പത്രാസും ബാങ്കിലെ അക്കൗണ്ടും കണ്ടാലറിയാം കൈക്കൂലി വാങ്ങൽ പണി കിട്ടിയ സമയത്ത്‌ തുടങ്ങിയതുതന്നെയാണെന്ന്‌. അതുകൊണ്ട്‌ പല്ലിളിച്ച്‌ ഇത്തരം വർത്തമാനമൊന്നും പറയല്ലേ; ചിലപ്പോ ജനങ്ങള്‌ കയറി സാറിനെയങ്ങ്‌ വിചാരണ ചെയ്തു കളയും. ചിരിക്കല്ലെ… കാര്യമായിട്ട്‌ പറഞ്ഞതാ…

* * * * * * * * * * * * * * * * * * * * * * * * * * * * * * *

എന്തൊരു വെഷമമായിരുന്നു സഹഡോക്‌ടർമാർക്ക്‌.. കൈക്കൂലി കൊടുക്കാത്തതിൽ ചികിത്സ നിക്ഷേധിച്ച ജനറലാസ്പത്രിയിലെ ഡോക്‌ടറെ യുവജനവേദിക്കാർ ജനകീയ വിചാരണ ചെയ്തത്‌ തെമ്മാടിത്തരമായിപ്പോയത്രെ. കാള വാലു പൊക്കിയതേയുളളൂ അപ്പോഴേക്കും ഡോക്‌ടർമാർ ചാടി ഇറങ്ങി സമരത്തിലേക്ക്‌. ഒന്നോർക്കണം നിങ്ങളുടെ സമരം യുവജനവേദിക്കാർക്കെതിരെയാ; അല്ലാതെ സർക്കാരിനെതിരെയല്ല. യുവജനവേദിക്കാർ നിലവിലല്പം പിശകാ. നിങ്ങളുടെ കളസം പൊക്കി വളളിച്ചൂരലോണ്ട്‌ അവർ നല്ല രണ്ടു പൂശ്‌ പൂശിയാൽ… സംഗതി ക്ലീൻ. അതോണ്ട്‌ മാന്യതയുടേയും സത്യസന്ധതയുടേയും പക്ഷത്തുനിന്ന്‌ പഠിക്ക്‌ ഡോക്‌ടർമാരേ… അല്ലാതെ ജമീലമാരെ വളർത്തല്ലേ…

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

നമ്മുടെ നാട്ടിൽ ഒരുപാട്‌ യുവജനസംഘടനകളുണ്ട്‌. ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ കോൺഗ്രസ്സ്‌, യുവമോർച്ച അങ്ങിനെ പോകുന്നു അവരുടെ പേരുകൾ. തമ്മിൽ തല്ലാനും, പൂക്കളമത്സരം, വടംവലി, റാലി നടത്തൽ എന്നിവയല്ലാതെ സമൂഹത്തിലെ സജീവ പ്രശ്‌നങ്ങളിൽ ഇടപെടുന്നത്‌ എന്തോ ഒരു കുറച്ചിലുപോലെയാണിവർക്ക്‌. നിങ്ങളാരും യുവജനവേദിയിൽ ചേരണമെന്ന്‌ പറയുന്നില്ല. എങ്കിലും സാധാരണ യുവത്വത്തിനുവേണ്ട ഉശിരെങ്കിലും കാണിക്കണം.

Generated from archived content: vartha_sankara.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here