കിടക്കട്ടെ രാവണപ്രഭുവിന്‌ അഞ്ചെണ്ണം…

അവാർഡുകൾ എന്നും വിവാദത്തിനുവേണ്ടിയുളളതാണെന്ന ഒരു ശക്തമായ വിശ്വാസം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. ഒപ്പം അവാർഡ്‌ കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കുമുണ്ട്‌. അവാർഡു കിട്ടാത്തവർ അവാർഡു കിട്ടിയവരേയും കൊടുത്തവരേയും “സംസ്‌കൃത” പദ സമ്പത്ത്‌ കൊണ്ട്‌ വേണ്ടരീതിയിൽ പ്രഹരിക്കുന്നു. കിട്ടിയ ചിലരാകട്ടെ പത്തു പുസ്തകം വിറ്റുപോകാൻ തന്നവരെതന്നെ തളളി പറയുന്നു. അവാർഡുകഥകൾ പറഞ്ഞു തീർക്കണമെങ്കിൽ കാലം കുറെ എടുക്കും. അതുകൊണ്ട്‌ നമുക്ക്‌ വിഷയത്തിലേയ്‌ക്ക്‌ വരാം.

കഴിഞ്ഞ വർഷത്തെ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചത്‌ പ്രിയ വായനക്കാർ അറിഞ്ഞിരിക്കുമല്ലോ. പ്രിയദർശന്റെ നേതൃത്വത്തിലുളള അവാർഡുകമ്മറ്റിയുടെ ചില തീരുമാനങ്ങൾ ശക്തമായിരുന്നെങ്കിലും ചില പാൽപായസങ്ങളിൽ കല്ലുകടിച്ചപോലെ തോന്നി. നെഞ്ചത്തടിച്ച്‌ കരയാനും ബോധംകെട്ട്‌ ഗ്ലൂക്കോസ്‌ കയറ്റാനും ങ്യാ…ഹാ.. കലാഭവൻ മണി ഇത്തവണ അവാർഡ്‌ ഫ്രെയിമില്ലില്ലാതിരുന്നത്‌ പ്രിയന്റെ ഭാഗ്യം. ഇവിടെ കരയുന്ന കുഞ്ഞിനും പാലില്ല എന്ന കാര്യം മണിക്കിപ്പോൾ മനസ്സിലായിട്ടുണ്ടാകും. അതൊക്കെ പോട്ടെ നമുക്ക്‌ കാര്യങ്ങളിലേക്ക്‌ കടക്കാം. ജയറാമിന്‌ മികച്ച നടനുളള അവാർഡു വാങ്ങിത്തരാം എന്ന്‌ ചിലർ ഉറപ്പുകൊടുത്ത്‌ അഭിനയിപ്പിച്ച ‘ശേഷ’ത്തിനാണ്‌ മികച്ച ചിത്രത്തിനുളള അവാർഡ്‌. (ജയറാമിന്‌ എല്ലാത്തവണയും എന്നപോലെ ഒരു സ്പെഷൽ അവാർഡു കിട്ടിയിട്ടുണ്ട്‌. പാവം കഞ്ഞികുടിച്ചു പോകട്ടെ.) മികച്ച നടനായി മികച്ച പ്രകടനത്തിലൂടെ മുരളിയും (നെയ്‌ത്തുകാരൻ) മികച്ച നടിയായി സുഹിസിനിയും (തീർത്ഥാടനം) തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമാ ലോകത്തെ മാസ്‌റ്ററെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന, അങ്ങിനെതന്നെയെന്ന്‌ നമ്മളൊക്കെയും വിശ്വസിച്ചുപോകുന്ന, എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങൾ നടത്തുന്ന ടി.വി.ചന്ദ്രനാണ്‌ (ഡാനി) മികച്ച സംവിധായകൻ.. അങ്ങിനെ വേറെ കുഴപ്പമില്ലാതെ പോകുന്നു ഇത്തവണത്തെ സിനിമാ അവാർഡുകൾ.

ഇനി അവാർഡുകമ്മറ്റിയുടെ ഡപ്പാംകൂത്തുകളിലേക്ക്‌ കടക്കാം. ജൂറി ചെയർമാൻ പ്രിയദർശന്റെ ആധികാരികമായ വെളിപ്പെടുത്തൽ മാധ്യമങ്ങളിലൂടെ നാം കേട്ടതാണ്‌. “ഡാനി തികച്ചും ഒരു സംവിധായകന്റെ സിനിമയാണ്‌. അതിനാൽ മികച്ച നടനായി ഡാനിയെ അവതരിപ്പിച്ച മമ്മൂട്ടിയെ പരിഗണിക്കാൻ സാധിക്കില്ല”. എന്റെ പ്രിയ പ്രിയൻ, സിനിമയെന്നത്‌ പൂർണ്ണമായും സംവിധായകന്റെ സൃഷ്‌ടിയാണെന്നുളളത്‌ അറിയാത്ത ഏതു സിനിമാക്കാരനുണ്ടാകും? ഒരുപക്ഷെ സംവിധായകൻ എന്ന നിലയിൽ തന്റെ കഴിവിൽ വിശ്വാസമില്ലാത്തതിനാലാവും ടിയാന്റെ ഈ പ്രസ്താവന. പാവം, പൂരത്തിനിടയിൽ ഒരു വെടി എന്ന മട്ടിൽ അടിച്ചുവിട്ടതായിരിക്കും… നടക്കട്ടെ… ജൂറി ചെയർമാനല്ലെ…

അടുത്തത്‌, കണ്ണകിയിലെ സിദ്ധിക്കിന്റെ ചോമയും, നെയ്‌ത്തുകാരനിലെ മുരളിയുടെ അപ്പമേസ്‌തരിയും, ഡാനിയിലെ മമ്മൂട്ടിയുടെ ഡാനിയൽ തോംസണും മേയ്‌ക്കപ്പിന്റെ സാധ്യതകൾ ഏറെ വരച്ചുകാട്ടുന്ന കഥാപാത്രങ്ങളാണ്‌. അത്‌ വേണ്ടുവോളം മേക്കപ്പ്‌മാന്മാർ ഉപയോഗിച്ചിട്ടുമുണ്ട്‌, വിജയിച്ചിട്ടുമുണ്ട്‌. പക്ഷെ പ്രിയന്റെ വാക്കുകളിൽ അവാർഡിനുതകുംവണ്ണം ഒരു നല്ല മേക്കപ്പ്‌മാന്റെ സാന്നിദ്ധ്യം എങ്ങും കണ്ടില്ലയെത്രേ. യു.എ.ഖാദറിനെപ്പോലുളള കമ്മറ്റി അംഗങ്ങൾ അടിച്ചുഫിറ്റായി കിടക്കുമെന്ന്‌ വിശ്വസിക്കാൻ വയ്യ.. സാരമില്ല.. ചിലപ്പോ മറന്നുപോയതായിരിക്കും.

പക്ഷെ മറക്കാത്ത പല കാര്യങ്ങളും വേണ്ടുംവണ്ണം പ്രിയൻ ചെയ്‌തിട്ടുണ്ട്‌. തന്റെ പ്രിയ സുഹൃത്ത്‌ മോഹൻലാലിന്റെ ചിത്രം ‘രാവണപ്രഭു’വിന്‌ അഞ്ചോളം അവാർഡുകൾ വാരിക്കോരിക്കൊടുത്തു. മികച്ച ഗായകനും മികച്ച ഗാനരചനയ്‌ക്കുമുളള അവാർഡുകൾ കൊടുത്തത്‌ നമുക്ക്‌ ക്ഷമിക്കാം. എങ്കിലും മികച്ച കലാമൂല്യത്തിനും ജനപ്രീതിയ്‌ക്കുമുളള അവാർഡുകൾ എന്തിന്റെയടിസ്ഥാനത്തിലാണ്‌ നല്‌കിയതെന്ന്‌ അന്വേഷിക്കേണ്ടിയിരിക്കുന്നു. ആളുകൾ കുറെ കണ്ടതുകൊണ്ട്‌ ജനപ്രീതിയാർജ്ജിക്കണമെന്നില്ല. നാലാള്‌ തികച്ചു കാണാത്ത ‘കുല’ത്തിനാണ്‌ കുറച്ചുനാൾമുമ്പ്‌ ജനപ്രീതിയ്‌ക്കുളള അവാർഡ്‌ നല്‌കിയത്‌. ഒന്നില്ലെങ്കിൽ അന്നത്തെ അവാർഡ്‌ കമ്മറ്റിക്ക്‌ തെറ്റുപറ്റി അല്ലെങ്കിൽ ഇന്നത്തെ അവാർഡു കമ്മറ്റിക്കാർക്ക്‌ തെറ്റുപറ്റി. പിന്നെ കൂടുതൽ ആളുകൾ കാണുന്നതിനാണ്‌ അവാർഡെങ്കിൽ ഷക്കീലചേച്ചിയുടെ പടങ്ങൾ തമ്മിലെ ഈ രംഗത്ത്‌ മത്സരമുണ്ടാകൂ. കലാമൂല്യത്തെക്കുറിച്ച്‌ പറയുമ്പോൾ, പണ്ട്‌ മോഹൻലാലുമായി ഒന്നിച്ചു നടന്നതല്ലേ. ഇന്നും നല്ല ബന്ധത്തിലാണ്‌ താനും, കൊടുത്തുകളയാം കുറച്ച്‌ കലാമൂല്യം. രാവണപ്രഭുവിലെ ‘കാർത്തികേയനെ’ന്ന മകൻ മോഹൻലാലിന്റെ അഭിനയവും, നാലാംകിട തെലുങ്കുസിനിമകളിലെപോലുളള രംഗങ്ങളും കണ്ടാൽ കലാമൂല്യമല്ല പ്രിയന്റെ ചന്തിക്കിട്ട്‌ വളളിച്ചൂരലോണ്ട്‌ രണ്ടടിയാ കൊടുക്കേണ്ടത്‌.

കുറച്ചുകൂടി…..

പ്രിയൻ ചെയ്ത നല്ല ഒരുകാര്യം എന്തെന്നാൽ, എന്നൊക്കെയാണോ എം.ടി. തിരക്കഥ എഴുതിയിട്ടുളളത്‌ അന്നൊക്കെ ഇദ്ദേഹത്തിന്‌ തിരക്കഥയ്‌ക്കുളള സമ്മാനം കിട്ടിയിട്ടുണ്ട്‌. ഇപ്രാവശ്യം മാതൃഭൂമിയുടെയും ഏഷ്യാനെറ്റിന്റേയും സാധ്യത കണ്ടിട്ടായിരിക്കാം കമലിന്‌ തിരക്കഥയ്‌ക്കുളള അവാർഡു നല്‌കി. ഒ.എൻ.വി. ചെയ്‌തതുപോലെ മത്സരങ്ങളിൽനിന്ന്‌ എം.ടി പിന്മാറേണ്ട കാലം കഴിഞ്ഞു. എങ്കിലും അദ്ദേഹം തിരക്കഥകൾ എഴുതുക തന്നെവേണം. സിനിമാസ്‌നേഹികളായ മലയാളികൾക്ക്‌ ഏറെ ആശ്വാസമാണിത്‌.

Generated from archived content: vartha_ravana.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English