സാംസ്‌കാരിക പ്രവർത്തകന് ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്‌ക്കിടാം, പക്ഷെ സാംസ്‌കാരിക വകുപ്പിന് ഭ്രാന്തുപിടിച്ചാലോ…അതായത് വകുപ്പുമന്ത്രിയ്‌ക്ക് ഭ്രാന്തുപിടിച്ച കാര്യമാണ് സൂചിപ്പിച്ചത്.
മുത്തങ്ങയെന്നുകേട്ടാൽ മത്തങ്ങ തിന്ന്‌തിന്ന് വായു കയറി വയറുവീർത്തതുപോലെയാണ് കേരളത്തിലെ മന്ത്രിമാർക്കും സ്പീക്കറിനും. ആകെയൊരു ഞെളിപിരി, മുൻകോപം, തരികിട വർത്തമാനം അങ്ങിനെപോകുന്നു ഇവരുടെ വായുദോഷങ്ങൾ. എങ്കിലും ലീഡർക്കതൊരു തമാശയാണ് കേട്ടോ. അന്തോണി മുത്തങ്ങക്കയത്തിൽ വീണ് ഇത്തിരി വെളളം കുടിക്കട്ടെ എന്ന് ഇതിയാനുമുണ്ട് ഒരാശ. പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയതല്ലേ.
മുത്തങ്ങയിലെ യഥാർത്ഥ വില്ലൻ ശ്രീമദ് വനംവകുപ്പ് സുധാകരൻ ‘ഷോലെ’ സിൽമയിലെ ഗബ്ബർസിംഗെന്ന് ചില കാരണവന്മാർ സൂചിപ്പിച്ചു തുടങ്ങി. “ഇസ് റിവോൾവർമേം ദൊ ഗോലിയാം ഹൈ… ഠേ… ഠേ… വെയ്‌ക്കടാവെടി മുത്തങ്ങയിലേക്ക്.” ടിയാന്റെ നിലപാടിതാണ്. കൂടാതെ മലയാളത്തിലെ അമരീഷ്‌പുരി സ്പീക്കർ വക്കം പുരുഷോത്തമന്റെ നൂറ്റൊന്നു വെടിവഴിപാടുപോലുളള ചില ഹിഡുംബൻ സംഭാഷണങ്ങൾ കേരളത്തെ ഞെട്ടിവിറപ്പിക്കുന്നുണ്ട്. ആദിവാസികളുടെ കോലടിക്കളിയിൽ പങ്കെടുത്ത ആന്റണിദേഹം കലാപരിപാടികൾ നടത്തി ക്ഷീണിച്ച് ഒരു ആക്‌ഷൻ ത്രില്ലർ സംഘടിപ്പിച്ചതാണെത്രെ മുത്തങ്ങയിൽ.. പക്ഷെ സംഗതി കൈവിട്ടുപോയില്ലേ..
സംഗതി ഇങ്ങനെയൊക്കെ പോകുന്ന സമയത്താണ് എം.ടിയടക്കമുളള ചില എഴുത്ത് സാംസ്‌കാരിക നേതാക്കളുടെ ചില മുത്തങ്ങ ഇടപെടലുകൾ. എന്തിര് പരിപാടിയിത്. ഞാൻ സാംസ്‌കാരം ഭരിക്കുമ്പോൾ യെവനാരടാ ഈ എം.ടി. കാർത്തികേയൻ മന്ത്രിക്ക് സംശയം. പത്തുപൈസയ്‌ക്ക് വരുമാനമുണ്ടാക്കട്ടെ എന്നു കരുതിയാണ് എം.ടിയേയും മറ്റു സാംസ്‌കാരികകുട്ടികളേയും ജൂറിയോ, വക്കീലോ ആയി നിയമിക്കുന്നത്. അപ്പോയെവനൊക്കെ മുത്തങ്ങാപ്രേമം. സർക്കാരു തരുന്നതൊന്നും വേണ്ടപോലും. ഇവനാര് ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടരോ? ഇതുവേണ്ടെങ്കിൽ മറ്റെതും രാജി വയ്‌ക്കടാ..
ഏതാ കാർത്തികേയൻസാറെ മറ്റെത്?
തുഞ്ചനോ കുഞ്ചനോ ഏതോ പറമ്പിലെ രണ്ടുസെന്റ് പറമ്പ്, ട്രസ്‌റ്റ്‌മെമ്പർ സ്ഥാനം. ഇതോടെ നാട്ടുകാർക്ക് ചില കാര്യങ്ങൾ പിടികിട്ടി. സാംസ്‌ക്കാരികവകുപ്പിലെ ചില ‘വകുപ്പു’കളെപ്പറ്റി മന്ത്രി കേസരിക്ക് വലിയ പിടിയില്ലെന്ന്. പൊന്നരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം? സാംസ്‌കാരികവകുപ്പിൽ കാർത്തികേയനെന്ത് കാര്യം. ജനം ചോദിക്കും. കേരളമല്ലേ, നമ്മുടെ രാഷ്‌ട്രീയമല്ലേ. ഏതായാലും സാംസ്‌കാരിക മന്ത്രിയായി കുഞ്ഞാലിക്കുട്ടിയെ സ്ഥാപിച്ചില്ലല്ലോ.
എം.ടി. വളരെ മാന്യമായി മറുപടി കൊടുത്തു. സത്യത്തിൽ എം.ടിക്കു പകരം ഞങ്ങളുടെ നാട്ടിലെ മൂലവെട്ടി പാക്കരനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. മൂലവെട്ടി പാക്കരന്റെ ‘മാന്യ’മായ മറുപടി കേട്ടിരുന്നെങ്കിൽ കാർത്തികേയൻ സാംസ്‌കാരികം ഉപേക്ഷിച്ചേനെ. കാരണം എം.ടിയുടെ മാന്യമായ മറുപടികൊണ്ടു മാത്രം പോറലേല്‌ക്കുന്ന തോലൊന്നുമല്ല കാർത്തികേയന്റേത്. അതിന് മൂലവെട്ടി പാക്കരൻ തന്നെവേണം. എങ്കിലും നാട്ടുകാരറിയണമല്ലോ എന്നു കരുതിയാകാം എം.ടി മറുപടി പറഞ്ഞത്. അല്ലാതെ കാർത്തികേയനറിയാനാവില്ല. പോത്തിനോട് വേദമോതിയിട്ട്….
കാർത്തികേയൻസാറെ തുഞ്ചൻ സ്‌മാരകം ഒരു ട്രസ്‌റ്റിന്റെ കീഴിലാണ്. സാഹിത്യത്തേയും മലയാള സംസ്‌ക്കാരത്തേയും സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ പ്രയത്നത്തിന്റെ ഫലമായാണിത് രൂപം കൊണ്ടത്. അല്ലാതെ കാർത്തികേയന്റെ കാരണവന്മാരുടെ കനിവല്ല തുഞ്ചൻപറമ്പ്. സർക്കാർ തുഞ്ചൻസ്‌മാരകത്തിനു നല്‌കുന്ന ഗ്രാന്റ് ആനവായിൽ അമ്പഴങ്ങയാണ്. മന്ത്രിയ്‌ക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അച്ചാറുവാങ്ങാൻ തികയില്ല.
അതുകൊണ്ട് മന്ത്രിസാർ ഒന്നു ശ്രദ്ധിക്കണം, സാംസ്‌കാരികവകുപ്പ് കൈയ്യിലുണ്ടെന്നു കരുതി എതിർക്കുന്ന കലാകാരന്മാരെ മുഴുവൻ തല്ലിയൊതുക്കുന്ന ആ പരിപാടി ഉപേക്ഷിച്ചാൽ നന്നാകും. കേരളത്തിലെ ജനങ്ങൾ സാംസ്‌കാരികവകുപ്പിനെ നിലനിർത്തുന്നത് ജ്ഞാനപീഠവും, ദേശീയ അവാർഡുകളുമൊക്കെ നേടിയ എം.ടിയേയും അടൂരിനെയും പോലുളള പ്രതിഭകളുടെ പ്രവർത്തന ഫലമായിട്ടാണ്. അല്ലാതെ മന്ത്രിസാറിനെ പോലുളളവരുടെ ‘സാംസ്‌കാരിക’ പരിപാടികൾ കണ്ടിട്ടല്ല.
എഴുതിയത് വെറുതെയായി, എം.ടി എവിടെ നില്‌ക്കുന്നു. കാർത്തികേയൻ എവിടെ കിടക്കുന്നു.
Generated from archived content: vartha_mar22.html Author: chanakyan