കളളന്മാരുടെ കേരളം

“എടാ കാട്ടുകളളാ.. മരമാക്രീ.. നീയല്ലേടാ തൊപ്പിക്കാൻ മമ്മതിന്റെ പെൻസില്‌ കട്ടത്‌..”

മൂക്കിലൂടെ ഒലിച്ചിറങ്ങിയത്‌ വലിച്ചുകേറ്റി ഒത്തിരി ആവേശത്തോടെയും പകയോടെയുമാണ്‌ കേശു ഇത്‌ പറഞ്ഞത്‌.

“ടേയ്‌.. മരക്കാലൻ കേശൂ നീ നൊണ പറയരുത്‌.. ഞാനാരുടേം കട്ടട്ടില്ല.. നെന്റെ അപ്പനാകും കട്ടത്‌..”

മറുപടി പറയുമ്പോഴേക്കും നാരായണൻകുട്ടീടെ കണ്ണു നിറഞ്ഞിരുന്നു.

“അപ്പനിട്ടു വിളിച്ച നാരായണൻ പണ്ടാരക്കാലാ.. നീയിന്നു പൊട്ടക്കൊളത്തിൽ വീഴും.”

ഇത്‌ കേട്ടയുടനെ നാരായണൻ അഴിഞ്ഞുപോകാൻ തുടങ്ങിയ തന്റെ കളസം വലിച്ചു കയറ്റി ഇടംവലം തിരിഞ്ഞ്‌ കേശുവിന്റെ കണങ്കാലിനിട്ട്‌ ഒരു തൊഴി വച്ചുകൊടുത്തു. ഏറുകൊണ്ട പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട്‌, നാരായണന്റെ നാഭിയിൽ കൈചുരുട്ടി ഒരു ഇടികൊടുത്തു കൊണ്ടായിരുന്നു കേശു മറുപടി തീർത്തത്‌. പിന്നെ അവിടെ കണ്ടത്‌ തച്ചോളിമരുമകൻ ചന്തു എന്ന സിനിമയിലെ ചില സീനുകളായിരുന്നു. സംഗതി ക്ലൈമാക്‌സിലേയ്‌ക്ക്‌ നീങ്ങിയപ്പോഴാണ്‌ ഒറ്റക്കാലൻ ഗോവിന്ദൻ ആ വഴിവന്നത്‌. പിളേളരുടെ അടിതടകൾ അഞ്ചുനിമിഷം ആസ്വദിച്ചു കണ്ടതിനുശേഷമാണ്‌ ഗോവിന്ദൻ പ്രശ്‌നത്തിൽ ഇടപെട്ടത്‌.

“എന്താടേയ്‌.. ഇതെന്താ എംടിയും ദേവനും കളിക്കുവാന്നോ..?”

“താൻ… തന്റെ പാട്ടിനു പോടോ…” തല്ലുപിടുത്തക്കാർ ഇക്കാര്യത്തിൽ ഒന്നിച്ചായിരുന്നു മറുപടി പറഞ്ഞത്‌.

“നിങ്ങടെ പ്രശ്‌നം തീർക്കാൻ ഞാൻ സുകുമാർ അഴീക്കോടൊന്നുമല്ലടേയ്‌.. എങ്കിലും കാര്യംപറ.”

ഇടിനിർത്തി ഇരുവരും അവരവരുടെ വാദപ്രതിവാദങ്ങൾ തുടങ്ങി.

“ഗോവിന്ദൻച്ചേട്ടാ.. നാരായണൻ മമ്മതിന്റെ പെൻസിലു കട്ടു..”

“നൊണയാ… ചേട്ടാ.. ഞാനാരുടേയും കട്ടിട്ടില്ല… ഇതെന്റെ സ്വന്താ…”

ഗോവിന്ദന്‌ ചിരിയാ വന്നത്‌.. പിന്നെ പറഞ്ഞുതുടങ്ങി.

“എടേയ്‌.. നിങ്ങളീ സാഹിത്യകാരന്മാരെപ്പോലെ നെലവാരമില്ലാത്തവരാകല്ലെ.. നിങ്ങൾക്കൊക്കെ വെളിവും വെളളിയാഴ്‌ചയുമില്ലേ? എന്നാ ഇവൻ പെൻസില്‌ കട്ടതെന്ന്‌ പറഞ്ഞത്‌… ങേ.. രണ്ടുകൊല്ലം മുമ്പെന്നോ.. കറക്‌ട്‌.. നിങ്ങള്‌ അവന്മാരെപ്പോലെ തന്നെ.. ചെയ്യുമ്പം തിരുത്തേം പറയുകയുമില്ല.. കൊല്ലം കൊറെ കഴിഞ്ഞ്‌ വല്ല കച്ചറയുമായാൽ പിന്നെ തുടങ്ങുകയായി പഴംപുരാണം പറച്ചിൽ.. കുറ്റം പറച്ചിൽ.. എം.ടീനേം, ദേവനേം നന്നാക്കാൻ വന്നവനാരാ.. അഴീക്കോട്‌ സാറ്‌.. ഏതായാലും സാറിന്റെ തത്ത്വമസികേസ്‌ കോടതി എടുത്തിട്ടില്ല. അതിനപ്പുറം അങ്ങേരെ ഉപദേശിക്കാൻ വീരേന്ദ്രകുമാരനും. അങ്ങേരെക്കുറിച്ചുളള കഥ പാണന്മാർ ചില വീടുകളിൽ ചെന്ന്‌ പാടാറുണ്ട്‌. അപ്പോ കണ്ടോനെ അപ്പാന്ന്‌ വിളിക്കണ പഴയൊരു കായങ്കുളം കൊച്ചുണ്ണി പുനത്തിലൊക്കെ ജീവിച്ചിരിക്കണ കാലമാ ഇത്‌. നെനക്കൊന്നും വേറെ പണിയില്ലേടാ… മരപ്പട്ടികളേ.. ”

സംഗതി ഏറ്റു. കേശുവും നാരായണനും കൊച്ചി കണ്ട പൊട്ടന്മാരെപ്പോലെ വായ്‌പൊളിച്ച്‌ കുറെനേരം നിന്നു. പിന്നെ ഗോവിന്ദനെ പല്ലിളിച്ച്‌ കാണിച്ച്‌ ഇരുവരും തോളിൽ കൈയിട്ട്‌ തിരിഞ്ഞുനടന്നു. നടക്കുന്നതിനിടയിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

“വാടെയ്‌.. നമുക്ക്‌ പോയ്‌ അണ്ടി കളിക്കാം..”

Generated from archived content: vartha_kallan.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English