ഗുരുദേവ ശിഷ്യരുടെ പുതിയ അദ്വൈതദർശനം

സ്ഥലം ആലുവ അദ്വൈതാശ്രമം; ശാന്തിയ്‌ക്കും സമാധാനത്തിനും യാതൊരുകുറവും പുറമെ നിന്നും കാണുന്നില്ല. പെരിയാറിന്റെ തീരത്തെ ഈ ആശ്രമം ഗുരുദേവ സ്‌മരണകളാൽ നിറഞ്ഞിരിക്കുകയാണ്‌. പീത-കാവി വസ്‌ത്രധാരികളായ സന്യാസിമാർ സസുഖം ഇവിടെ വാഴുന്നു…

സത്യത്തിൽ ഒരു തരികിട പരിപാടിയ്‌ക്കാണ്‌ സഹദേവൻ ഇവിടെയെത്തിയത്‌. ആശ്രമ കവാടം കടന്ന്‌ അകത്തെത്തിയപ്പോൾ കണ്ട കാഴ്‌ച അതിമനോഹരം; ആശ്വാസകരം…ആശ്രമവളപ്പിലെ വൃക്ഷത്തടികളിൽ ഉറപ്പിച്ച മഞ്ഞപൂശിയ ടിൻ ഷീറ്റുകളിൽ ഗുരുദേവ സന്ദേശങ്ങൾ കിടന്നു വിളങ്ങുന്നു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌”, “ജാതി ചോദിക്കരുത്‌, പറയരുത്‌, ചിന്തിക്കരുത്‌” ഇങ്ങനെ പോകുന്നു അവിടുത്തെ കാഴ്‌ചകൾ.

നമ്മുക്കിനി സഹദേവനിലേക്ക്‌ വരാം; ടിയാന്റെ ആത്മാർത്ഥ സുഹൃത്‌ദേഹമായ തിരോംന്തൂരത്തുകാരൻ ദണ്ഡപാണി തന്റെ അയൽക്കാരി ശാന്താദേവിയുമായി ആലുവായിലേയ്‌ക്ക്‌ ട്രെയിൻ കയറി. എന്തിര്‌ പറയണ്‌ അവര്‌ കല്ല്യാണമൊക്കെ കഴിക്കാനങ്ങ്‌ ഒറപ്പിച്ചു. ഇരുവരുടെയും വീട്ടുകാരാകട്ടെ നേരത്തെതന്നെ പരിശുമുട്ടുകളി, കുന്തംകുത്ത്‌, കത്തിപ്രയോഗം എന്നീ കലാപരിപാടികൾ പരസ്പരം നടത്തുന്നതിനാൽ അവിടെവച്ച്‌ കല്ല്യാണമല്ല ശവമടക്കായിരിക്കും നടക്കുകയെന്ന്‌ ദണ്ഡപാണിക്കും പ്രിയതമക്കും അറിയാം. അതിനാൽ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിൽവച്ച്‌ സുഹൃത്ത്‌ സഹദേവന്റെ സഹായത്താൽ വിവാഹമങ്ങ്‌ നടത്താം എന്നു കരുതി പുറപ്പെട്ടതാണ്‌. വിവാഹത്തിന്റെ നടപടിക്രമങ്ങൾ അറിയാനായാണ്‌ സഹദേവൻ ആശ്രമത്തിലെത്തിയത്‌.

സന്യാസിമാർ മഞ്ഞയും കാവിയും പുതച്ച്‌ ചുണ്ടിൽ ഗുരുദേവ കീർത്തനങ്ങളുമായി തലങ്ങുംവിലങ്ങും പാഞ്ഞു നടക്കുന്നു…

“സ്വാമിൻ…”

ഒരു കാവി അവിടെനിന്നു.

“ഇവിടെ വിവാഹ ചടങ്ങുകൾ നടത്തുന്നത്‌?”

സ്വാമി നിശ്ശബ്‌ദൻ… പിന്നെ കൈചൂണ്ടി ദൂരെയിരിക്കുന്ന തലമൂത്ത സ്വാമിയെ കാണിച്ചു.

സഹദേവൻ തലമൂത്തയാളുടെ അടുത്തെത്തി..

“ഒരു കല്ല്യാണം നടത്തണം.”

“നിങ്ങളുടേയോ…?”

“അല്ല.. സുഹൃത്തിനാണ്‌..”

വിവാഹത്തിനുളള ഫീസും മറ്റു ചിലവുകളും വളളിപുളളി വിടാതെ സ്വാമി പറഞ്ഞു. “സദ്യയും ഇവിടെയൊരുക്കാം. ഇലയൊന്നിന്‌ നാല്‌പതുരൂപ.”

“സന്തോഷം. കാശുമായി കല്ല്യാണത്തലേന്നുതന്നെ എത്തിയേക്കാം.”

“നില്‌ക്കൂ സഹോദരാ…. വരുമ്പോൾ വിവാഹിതരാകാൻ പോകുന്നവരുടെ സമുദായ സംഘടന നല്‌കുന്ന അനുമതിപത്രവും കൊണ്ടുവരണം.”

“എന്തോന്ന്‌…”

“ങ്യാ.. ജാതിസംഘടനേടെ അനുമതിപത്രം… കല്ല്യാണം കഴിപ്പിക്കാൻ…”

“ജാതി ചോദിക്കരുത്‌, പറയരുത്‌, ആലോശിക്കരുത്‌… സ്വാമിൻ..”

“സഹോദരാ.. കല്ല്യാണം കേസാകാൻ അധികസമയം വേണ്ട… ഗുരുസ്വാമി കോടതി കേറേണ്ടിവരും..”

“അപ്പോ ജാതി ചോദിക്കാം… അല്ലേ..”

“സ്വാമി കോടതികേറുന്നതിലും ഭേദമാ ജാതി ചോദിക്കുന്നത്‌”

“പ്രേമിച്ചുപോയി എന്ന ഒറ്റകുറ്റത്താൽ നാട്ടുകാരും വീട്ടുകാരും ഓടിച്ചു വിട്ടവർക്കെന്തു ജാതി.. എന്തു മതം..സ്വാമിൻ”

“സുഹൃത്ത്‌ പോയി സമുദായ സർട്ടിഫിക്കറ്റ്‌ ഒപ്പിക്ക്‌…. ഇത്‌ അദ്വൈതാശ്രമമാ… ജാതിയുളളതും ഇല്ലാത്തതും ഒരുപോലെയാ… അപ്പോ പിന്നെ ഒരു സമുദായ സർട്ടിഫിക്കറ്റ്‌ കൊണ്ടുവന്നാലെന്താ..”

സ്വാമി കണ്ണടച്ചുകൊണ്ട്‌ ഇതുകൂടി ചേർത്തു.

“കാലം മാറുന്നതനുസരിച്ച്‌ നമ്മുടെ കോലവും മാറേണ്ടെ?”

“ഈശ്വരാ.. ഇവന്മാര്‌ ബർമൂഡയും ടീഷർട്ടുമിടാതിരുന്നാൽ മതിയായിരുന്നു.”

ജാതിയില്ലാതാക്കാൻ കോടതിയിലല്ല നരകത്തിൽ കയറാൻപോലും ധൈര്യമുളള ശ്രീനാരായണ ഗുരുവിന്റെ ഭക്തൻമാർ തന്നെയല്ലോ ഇവർ… കല്ല്യാണം കഴിപ്പിച്ചുകൊടുക്കാൻ സമുദായ സർട്ടിഫിക്കറ്റ്‌ വേണമത്രെ. മരത്തടിയിലുറപ്പിച്ച ഗുരുവചനമെഴുതിയ ടിൻഷീറ്റ്‌ വിറയ്‌ക്കുന്നു. ഒരു കാറ്റുവീശിയിരുന്നെങ്കിൽ പെരിയാറിലേയ്‌ക്ക്‌ പറന്ന്‌ വീണ്‌ അറബികടലിൽ വിശ്രമിക്കാമായിരുന്നു എന്ന്‌ അത്‌ ആഗ്രഹിക്കുന്നുണ്ടാകും. ഗുരുവേ…, ശരണം…

Generated from archived content: vartha_gurudevan.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here