സത്യം പറഞ്ഞാൽ കേരളത്തിലെ ഏറ്റവും നല്ല രാഷ്‌ട്രീയ പ്രവർത്തകൻ ആരെന്ന ചോദ്യത്തിന് ചാണക്യന്റെ കൈയിൽ ഒരുത്തരമേയുളളൂ. എ.കെ.ആന്റണിയെന്ന് നിങ്ങൾ കരുതിയാൽ തെറ്റി. എന്നാൽ സാക്ഷാൽ അച്ചുതാനന്ദനാണ് അദ്ദേഹം. ഇത് അദ്ദേഹത്തെ പരിഹസിക്കാൻ സൂചിപ്പിച്ചതല്ല. സത്യസന്ധമായി വിശകലനം ചെയ്‌താൽ ഒരുപക്ഷെ ശരിയാണെന്ന് മനസ്സിലാകും. എവിടെയൊരു ദുരന്തമുണ്ടായാലും അവിടെ ഈ സഖാവെത്തും. വിവരങ്ങൾ അറിയും. പരിഹാരം നിർദ്ദേശിക്കും. കഞ്ചാവുവെട്ടാൻ കാടുകയറാനും, വാറ്റുചാരായം പിടിക്കാൻ പുഴ നീന്താനും തയ്യാറാണ് സഖാവ്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ യോഗമില്ലാത്തതിനാൽ കേരളത്തിലെ എന്നത്തേയും മികച്ച പ്രതിപക്ഷനായി വിലസുകയാണ് അച്ചുതാനന്ദൻ. ഫ്ലാറ്റ്, സിംഗപ്പൂർ സഖാക്കൾക്കിടയിൽ സ്വല്പമെങ്കിലും നെഞ്ചുനിവർത്തി കമ്യൂണിസം പറയാൻ ശേഷി ഇദ്ദേഹത്തിനേയുളളൂ.
ഈയിടെ ടിയാന് ഒരബദ്ധം പറ്റി. പറ്റി എന്നുപറഞ്ഞാൽ മതി അബദ്ധമായിരിക്കുമെന്ന് നായനാർക്കറിയാമെങ്കിലും നാട്ടുകാർക്കറിയില്ലല്ലോ. ആഗോളവത്‌ക്കരണം അഥവാ ആഗോളീകരണം എന്ന വാക്കുകൾ കേട്ടുതുടങ്ങിയകാലം മുതൽക്കേ അച്ചുതാനന്ദന് അറബിജിന്ന് കൂടിയ മാതിരിയാ. ചീത്തവിളിയോട് ചീത്തവിളി. കാൽവെളള തൊട്ട്, ഞെരിഞ്ഞമർന്ന് കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റ് എന്ന വ്യത്യാസമില്ലാതെ ചീത്തവിളി. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ‘ജിം’ വന്നപ്പോൾ ഇതിയാന് സർവ്വ പിന്തുണയും നൽകേണ്ടിവന്നു. ചെറുപ്പക്കാർക്ക് പണികിട്ടുന്നതല്ലേ. ആന്റണിക്കാണെങ്കിൽ അച്ചുതാനന്ദന്റെ പിന്തുണ കിട്ടിയപ്പോൾ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാൻ വരെ തോന്നിപ്പോയി. ആളുകൾ മറ്റെന്തെങ്കിലും വിചാരിക്കും എന്നുകരുതി ആന്റണി അങ്ങിനെ ചെയ്തില്ല. പക്ഷെ പ്രശംസിച്ചു വാനോളം പുകഴ്‌ത്തി. അച്ചുതാനന്ദനെ പോലൊരു പ്രതിപക്ഷനെ കിട്ടിയത് മുജ്ജന്മ സുകൃതമാണെന്ന് സത്യസായിബാബയേയും അമൃതാനന്ദമയീദേവിയേയും പിടിച്ച് ആന്റണി ആണയിട്ടു.
ജിം കഴിഞ്ഞപ്പോഴാ കാര്യങ്ങളുടെ കിടപ്പ് അച്ചുവേട്ടന് തിരിഞ്ഞത്. പുഴ വിൽക്കലും മണലൂറ്റലും ‘ജിമ്മു’മായി തൊട്ടുതൊട്ടില്ല എന്ന മട്ടിലുളള കാര്യങ്ങളാണെന്ന് അറിഞ്ഞപ്പോൾ അച്ചുവേട്ടന് ഇരിക്കപ്പൊറുതിയില്ലാതായി. എ.ഡി.ബി ഉദ്യോഗസ്ഥൻമാർ വന്നാൽ ചെരുപ്പൂരി കരണത്തടിക്കും എന്നു പറഞ്ഞ ആവേശത്തോടെ ആന്റണിയെ ആക്രമിക്കാൻ തുടങ്ങി. പുഴ വിറ്റാൽ മുട്ടുകാൽ തല്ലിയൊടിക്കും മണലൂറ്റിയാൽ ഇടിച്ച് മഞ്ഞത്തിടും എന്നൊക്കെ ഇദ്ദേഹം വീറോടെ പറഞ്ഞു. ഒരു കാര്യം ശ്രദ്ധിക്കണം ഈ സമയത്തൊക്കെ സഃഇ.കെ.നായനാർ, സഃപിണറായി വിജയൻ, സഃശിവദാസമേനോൻ തുടങ്ങിയ തലമൂത്ത സി.പി.എം.കാർ എന്തു പുഴ ഏതു മണൽ എന്നൊക്കെ പാടി ഗോലികളിയിൽ മുഴുകിയിരിക്കുകയായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. ആരെയും തല്ലുമെന്നും പറഞ്ഞില്ല. എങ്കിലും അച്ചുതാനന്ദന് ആവേശം ഏറിത്തുടങ്ങി; ധീരതയോടെ വീരതയോടെ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐക്കാർ പോസ്‌റ്ററുകൾ എഴുതുവാൻ തുടങ്ങി. പരിസ്ഥിതി പ്രവർത്തകർക്കൊപ്പം അച്ചുതാനന്ദനും ആറാടാൻ തുടങ്ങി. ഇതൊക്കെ കണ്ടുകണ്ട് മതിയായിട്ടാവണം, ആന്റണി കഷണ്ടി തടവി, കുറച്ചു കടലാസുകൾ നിയമസഭയിൽ വീശിയെറിഞ്ഞത്. പ്ലാച്ചിമടയിൽ കൊക്കോകോള കമ്പനിക്ക് അനുവാദം നല്‌കിയത് ഇടതുപക്ഷം, പെരിയാർ വിൽക്കാൻ തുടക്കമിട്ടത് ഇടതുപക്ഷം, ചെന്നൈയിൽ ഉശിരൻ ഗ്ലോബൽ മീറ്റിൽ പങ്കെടുത്തത് അന്നത്തെ ഇടതുപക്ഷ മന്ത്രിമാർ… അമേരിക്കയിൽ പോയി ഇങ്ങോട്ടൊന്നുനോക്കാൻ വ്യവസായികളോട് പറഞ്ഞതും ഇവർ തന്നെ ആന്റണി വീശിയെറിഞ്ഞ കടലാസുകൾ പിന്നേയും കുറെ കഥകൾ പറഞ്ഞു.
ഇത് കേട്ടതോടെ അച്ചുവേട്ടൻ “പണ്ടേ എന്നോടൊന്നും മിണ്ടീലാ…” എന്ന മീശമാധവൻ സിനിമാപ്പാട്ട് മനസ്സിലോർത്ത് അണ്ടിപോയ അണ്ണാനെ പോലെ വിദൂര ചക്രവാള സീമയിലേയ്‌ക്ക് മിഴി നിശ്‌ചലമാക്കി ഇരുന്നുപോയി. പിന്നെ കണ്ണുകൾ സജലങ്ങളായി. കമ്മറ്റികൂടാൻ ഓർഡറായി. ഇഹലോകവാസം വെടിഞ്ഞവരൊഴിക്കെ കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലെ സകലമാന സി.പി.എം. സഖാക്കളും ഒത്തുകൂടി. “അന്റ തമ്പായീ…. എനക്കൊന്നും അറിയില്ലേ” എന്ന് നായനാർ. ഇതേക്കുറിച്ച് പഠിക്കാൻ സിംഗപ്പൂര് പോണമെന്ന് വിജയൻ… സി.പി.ഐ. അടക്കമുളള സഖ്യശക്തികളുടെ കുത്തലുകൾ പിൻവാതിൽ വഴിയല്ലാതെ നേരെ തന്നെയായി. അച്ചുവേട്ടൻ ഫ്ലാറ്റ്…. ആഗോളവത്‌ക്കരണത്തിനെതിരെ ഇനിയെന്തോന്ന് പറയാനാ? ഭരിക്കുമ്പോ കളികളൊക്കെ ഇങ്ങനെ തന്നെയപ്പീ എന്നു ഓതിക്കൊടുക്കാൻ ഒരു താത്വികാചാര്യൻ പോലുമില്ലല്ലോ ദൈവമേ… അച്ചുവേട്ടനു മാത്രമല്ല അടിയേറ്റത്, മാനവീയം ബേബി സഖാവിനെ പോലുളളവർക്കും കിട്ടി. മേധപട്‌കർ കേരളത്തിൽ കാലുകുത്തിയപ്പോ തന്നെ എം.എ.ബേബി ഒപ്പമങ്ങുകൂടി ആഗോളവത്‌ക്കരണത്തിനും, പരിസ്ഥിതി പ്രശ്‌നങ്ങൾക്കുമെതിരെ. പക്ഷെ വിവരമുളള മേധയുടെ കേരളത്തിലെ അനുയായികൾ ഈ പാവത്തിനെ ഒരു വേദിയിലും ഒപ്പം കയറ്റിയില്ല. സി.പി.എം.കാരനല്ലേ. വേണമെങ്കിൽ ഞങ്ങൾ പറയുന്നത് കേൾക്കാനായി വേദിയുടെ മുന്നിലെ കസേരയിൽ ഇരുന്നോളൂ എന്ന് ഔദാര്യത്തോടെ പറഞ്ഞു. കുറ്റബോധം കൊണ്ടാണോ, പെട്ടുപോയതുകൊണ്ടാണോ എന്നറിയില്ല ഒരിടത്ത് എം.എ.ബേബി പരിപാടികൾ കഴിയും വരെ ശ്രോതാവായിരുന്നു. എന്റെ പൊന്നു സഖാക്കളെ, ജനങ്ങൾ കാര്യമൊക്കെ മനസ്സിലാക്കുന്നുണ്ട്. ആഗോളവത്‌ക്കരണം തുലയട്ടെ, തൊഴിലാളി ഐക്യം സിന്ദാബാദ് എന്നൊക്കെ വെറുതെ മുദ്രാവാക്യം ഉയർത്തിയിട്ട് കാര്യമില്ല. പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ പഠിക്ക്. രണ്ടു വളളത്തിലും കാലുകുത്തിയാൽ ഗതി… പരഗതി.
Generated from archived content: vartha_feb5.html Author: chanakyan