‘ഇനി വരില്ല ഈ വഴി’… കനേഡിയർ
നമ്മുടെ ചില മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ‘പഠനയാത്ര’ എന്ന പേരുംപറഞ്ഞ് പലരാജ്യങ്ങളും ചുറ്റിക്കറങ്ങി നടക്കുന്നത് ഒരു സാധാരണ കാഴ്‌ചമാത്രമാണ്. എന്ത് പഠനം? ഏത് പഠനം? എന്ന ചോദ്യം ഇവിടെ പ്രസക്‌തമല്ല. മറിച്ച് പഠനസംഘമുണ്ടാക്കുക എന്നതുമാത്രമാണ് പ്രധാനം. പാവയ്‌ക്കായിൽ കുരുവുണ്ടോ എന്ന് പഠനം നടത്താൻ ഉക്രയിനിൽ പോകുന്നതരം ആളുകളാണ് നമ്മുടേത്. അത്താഴത്തിന് അരിവാങ്ങിക്കാതെ അന്തിക്കളള് കുടിക്കാൻ ഷാപ്പിൽ പോകുന്ന സൽസ്വഭാവികളായ ചില കാരണവന്മാരെപ്പോലെയാണിവർ.
ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല, മറ്റുപല രാഷ്‌ട്രങ്ങളിലും ഈവിധം ആളുകളുണ്ട്. ഈവിധം എന്നു പറഞ്ഞതുകൊണ്ട് നമ്മുടെ തരം എന്നു കരുതേണ്ടതില്ല. പഠനയാത്രകൾ നടത്തുന്നവർ എന്ന് കരുതിയാൽ മതി.
ഈയിടെ കാനഡയിൽ നിന്നും ഒരു സംഘം സായിപ്പന്മാർ ഇന്ത്യയിലെത്തി. പാവത്തുങ്ങൾ വളരെ കാര്യമായി ചില കാര്യങ്ങൾ പഠിക്കാൻ വന്നതാണ്. ഞാണിന്മേൽ കളിപോലെ അന്തവും കുന്തവുമില്ലാതെ മുന്നോട്ടുപോകുന്ന ഇന്ത്യയുടെ മഹത്തായ ജനാധിപത്യസ്വഭാവത്തെക്കുറിച്ചാണ് അവർക്ക് പഠിക്കേണ്ടിയിരുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന് പറയുന്നതുപോലെയുളള ചില സംഭവങ്ങളുടെ ഗുട്ടൻസ് ഇവർക്ക് അറിയണമത്രെ. അറിയിക്കാമെന്ന് ഇന്ത്യാസർക്കാരും.
“കയറിവരിക ജനാധിപത്യത്തിൻ ശ്രീകോവിലിലേയ്‌ക്ക്…” എന്നു തുടങ്ങുന്ന സ്വാഗതഗാനം ആലപിച്ച് ആ പാവം സായിപ്പന്മാരെ നമ്മുടെ സർക്കാർ പാർലമെന്റിൽ കയറ്റി വാതിലടച്ചു.
“എന്തിരപ്പീ…ഇവര് കുറ്റികളിട്ട് പൂട്ടണത്?” തനി തിരുവനന്തപുരം ശൈലിയിൽ ഒരു സായിപ്പ് സഹയാത്രികനോട് ചോദിച്ചു.
“എടേയ് ഇത് സിൽമാക്കളിപോലെ തോന്നണ്, വാതിലുകളൊക്കെ പൂട്ടി, കർട്ടനുകളൊക്കെ ഇട്ട് മറച്ച്…പരിപാടികള് കൊളളാം കേട്ടാ.. ഇതെന്തെര് ജനാധിപത്യം…? സഹയാത്രികന്റെ മറുപടിയിൽ ആശ്‌ചര്യം മാത്രമല്ല പഠിക്കാനുളള ത്വരയും ഉണ്ടായിരുന്നു.
അടുത്ത ബെല്ലിനുശേഷം പാർലമെന്റ് നാടകം തുടങ്ങും എന്ന അനൗൺസ്‌മെന്റ് വന്നു.
ബെല്ലടിച്ചു.
പങ്കെടുക്കുന്നവരുടെയും കഥാപാത്രങ്ങളുടേയും പേരുപറഞ്ഞ് തീരാൻപോലും സമയം കിട്ടിയില്ല. ചേകവന്മാർ അങ്കത്തട്ടിലേയ്‌ക്ക് ചാടിയിറങ്ങി. കനേഡിയന്മാർ സഭയുടെ മൂലയിലേക്കും.
ആദ്യഅങ്കം ബി.എസ്.പിയും സമാജ്‌വാദിയും കൂടിയായിരുന്നു.
”കൊടുങ്ങല്ലൂരിലെ തെറി എന്ത് തെറി പാർലമെന്റിലെ തെറിയല്ലേ തെറി“ എന്ന പ്രയോഗം അന്വാർത്ഥമാക്കുംവിധം ശാസ്‌ത്രീയസംഗീതത്തിന്റെ പുതിയ തലത്തിലേയ്‌ക്ക് എം.പി.മാർ തങ്ങളുടെ സ്വരസ്ഥായി ഉയർത്തി. പിന്നെ തല്ല്… മഞ്ചേരിച്ചന്തയിലെ തല്ലുപോലെയല്ലയിത്, കാച്ചനംപീച്ചനം കണ്ണുപൊത്തിയടി… കനേഡിയന്മാർ കമന്നടിച്ചു വീണു. ചിലപ്പോൾ വെടിപൊട്ടിയാലോ?
”എടേയ്.. വാതിലുകളൊക്കെ തുറക്കടേയ്..“ കനേഡിയന്മാർ കരച്ചിലായി.
കാര്യങ്ങളൊക്കെ ശരിക്കും പഠിക്കട്ടെ എന്ന് കരുതി വാച്ച് ആന്റ് വാർഡന്മാർ ചിരിതൂകിനിന്നു.
അടിനടത്തുന്ന കക്ഷികൾ ഒരുമിച്ച് നിന്ന് അടിക്കാതെ ആവശ്യക്കാരെ തെരഞ്ഞെടുത്ത് സഭയുടെ ഓരോ ഭാഗത്തായിച്ചെന്ന് അടി തുടർന്നുകൊളളാൻ അറിയിപ്പുണ്ടായി. ഉദാഃ ഉത്തർപ്രദേശിൽനിന്നുളളവർ സഭയുടെ വലതുവശത്തും, ഡൽഹിയും ബീഹാറും ഇടതുവശത്തെ മൂലയിലും തെക്കെ ഇന്ത്യക്കാർ സഭയുടെ നടുത്തളത്തിലും അടി നടത്തണം എന്നവിധത്തിൽ.
തീറ്റയുടെ സമയമായപ്പോൾ പരിപാടികൾ അവസാനിച്ചു. വാതിൽ തുറന്നതും കനേഡിയൻമാർ പെട്ടിയും കിടക്കയുമെടുത്ത് നേരെ എയർപോർട്ടിലേയ്‌ക്ക്. വിമാനത്തിൽ കയറുംമുമ്പേ അവരിങ്ങനെ പറഞ്ഞത്രെ.
-പ്രിയപ്പെട്ട ഇന്ത്യക്കാരെ നിങ്ങളുടെ പാർലമെന്റിൽനിന്ന് ഗാന്ധിജിയുടെ പടം എടുത്തു മാറ്റൂ. അതവിടെ ഇരുന്നതുകൊണ്ട് നിങ്ങളുടെ ജനപ്രതിനിധികൾ നന്നാവില്ല… ചിലപ്പോൾ ഗാന്ധിജി ചീത്തയായി പോയേക്കാം…”
* * * * * * * * * * *
പാർലമെന്റ് സമ്മേളിക്കാൻ ദിവസവും ഒന്നരകോടിയാണ് ചിലവ്, ഇത് ജനങ്ങളുടെ കാശ്. ആരോട് പരാതി പറയാൻ? ചർച്ചചെയ്യാനും, പാസ്സാക്കാനുമുളള ബില്ലുകൾ അട്ടിയട്ടിയായി കിടക്കുമ്പോഴാണ് ഇത്തരം നെറിവുകേടുകൾ നമ്മുടെ ജനപ്രതിനിധികൾ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യത്തിന്റെ ഉടമകളെന്നു പറയുന്ന ഇന്ത്യയുടെ ഈ അവസ്ഥകണ്ട് കനേഡിയൻ സായിപ്പന്മാർ ഏറെ വേദനിച്ചിട്ടുണ്ടാകും. ഏതായാലും യു.പി.യിലേയും, ബീഹാറിലേയും നിയമസഭകൾ അവർ കാണാതിരുന്നത് നന്നായി.
നമ്മളെന്തിന് ഇതൊക്കെ ചിന്തിക്കണം; നന്നായി പണിയെടുത്ത് കുടുംബം പോറ്റാൻ നോക്ക്. നാമും കുടുംബവും നാളെയും വോട്ടു ചെയ്യേണ്ടതല്ലയോ..?
——-
Generated from archived content: vartha_enivarilla.html Author: chanakyan
Click this button or press Ctrl+G to toggle between Malayalam and English