“നാത്തൂനേ, ഒന്നു കരയാണ്ടിരിക്ക്,….വേറെയൊന്നും സംഭവിച്ചില്ലല്ലോ, അതു നമ്മുടെ ഭാഗ്യം… ദേ… നോക്ക് നാളെത്തന്നെ എഴുന്നേറ്റ് പുലിപോലെ വരും… നോക്കിക്കോ..”
സുമതി ആങ്ങളയുടെ ഭാര്യ കുസുമത്തിലെ ഇങ്ങനെ ആശ്വസിപ്പിക്കുന്നത് കേട്ടാൽ ആങ്ങള സുകുമാരൻ നാട്ടുകാരുടെ തല്ലുകൊണ്ട് ചതഞ്ഞരഞ്ഞ് കിടപ്പാണെന്ന് തോന്നും.
“കുസുമം…”
സുകുമാരന്റെ നീട്ടിയ വിളിക്ക് തേങ്ങലോടെയായിരുന്നു ഭാര്യയുടെ മറുപടി.
“എന്താ മനുഷ്യനേ, .. മനസ്സിന് ഒരു സമാധാനോം ഇല്ലാതിരിക്കുമ്പോഴാ.. ഇതിയാന്റെ അലർച്ച…”
“ഇങ്ങനെ മോങ്ങാൻ മാത്രം നിന്റെ അപ്പൻ ചത്തോ…?”
ഡും…ഡും… ഡും… നെഞ്ചിൻകൂട് തകരുംവിധം സാമാന്യം നല്ല രീതിയിൽ മൂന്നിടിയായിരുന്നു കുസുമത്തിന്റെ മറുപടിയുടെ ആദ്യഭാഗം.. പിന്നെ അത്രയൊന്നും പുളിക്കാത്ത നാലഞ്ചു വാക്കുകളും.
“കാലമാടാ… നിങ്ങളെന്റെ അപ്പനെ പറയും അല്ലേ…നിങ്ങടെ നാവിന് വരട്ടുചൊറി വരത്തേയൊളളൂ…ദുഷ്‌ടൻ…” ബാക്കി നമുക്കിവിടെ പറയേണ്ട.
ശീലാവതിയും സത്യസന്ധയും തന്നിഷ്‌ടക്കാരിയുമായ പെങ്ങൾ സുമതി ആങ്ങളയുടെ ഭാവം മാറുന്നതുകണ്ട് സീനിലേയ്‌ക്ക് കയറിവന്നു.
“പൊന്നാങ്ങളേ… നാത്തൂനെ തല്ലല്ലേ…‘മൈനാകം’ സീരിയലിലെ ആൻസി കാമുകൻ പെണങ്ങിപ്പോയതറിഞ്ഞ് വെഷമടിച്ചതിന്റെ ഷോക്കിലിരിക്കുവാ നാത്തൂൻ…”
“എന്നാലും എന്നെ തമിഴൻ ലോറി ഇടിച്ചിട്ടപ്പം പോലും നെനക്കിത്ര വെഷമമൊന്നും ഉണ്ടായിരുന്നില്ലല്ലോ ഭാര്യേ…”
സുകുമാരൻ നിർത്തുന്നില്ല. പിന്നേയും പറഞ്ഞു കൊണ്ടിരുന്നു.
“ചത്ത വീട്ടീക്കയറും പോലയാ വൈകുന്നേരം ഈ വീട്ടിൽ കയറുമ്പോൾ.. സീരിയലിലുളള അവളുമ്മാരുടെ കരച്ചില്- കാണുന്ന ഇവളുമ്മാരുടെ കരച്ചില്… ഹെന്റെ ദൈവേ.. മൂക്കു പിഴിഞ്ഞ് തേച്ചുവച്ച് ടിവിയിരിക്കുന്ന മുറിയുടെ ഭിത്തി മുഴുവൻ മോഡേൺ പെയ്‌ന്റിങ്ങായി…”
പതിയെ സുകുമാരൻ നാമജപത്തിലേയ്‌ക്ക് നീങ്ങി.
“… ഈ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും….”
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഇത് സുകുമാരന്റെ മാത്രം കഥയല്ല. കേരളത്തിലെ ഏകദേശം സർവ്വമാനം ഭർത്താക്കന്മാരുടേയും അവസ്ഥയാണ്. കരച്ചിലില്ലാത്ത ഒരു എപ്പിസോഡുളള സീരിയൽ കാണാൻ കഴിഞ്ഞാൽ ഭാഗ്യം. “എന്റെ സീരിയല് സ്‌ത്രീകളുടെ ശക്തി വിളിച്ചോതുന്നവയാണ്. അവരുടെ കഴിവും സ്വാതന്ത്ര്യവും അറിയിക്കുന്നവയാണ്”- ഒരു സംവിധായകൻ പറഞ്ഞതാണിത്. ടിയാന്റെ സീരിയലിലാകട്ടെ അപ്പനെ കണ്ടാൽ കരച്ചിൽ, കെട്ട്യോനെ കണ്ടാൽ കരച്ചിൽ, അമ്മായിയമ്മയെ കണ്ടാൽ കരച്ചിലും സ്വല്പം തരികിടയും.. അങ്ങിനെ ഏതുദിശയിൽ തിരിഞ്ഞാലും ഈ സീരിയൽ നായികമാരുടെ കണ്ണു നിറഞ്ഞിരിക്കും. എന്റെ പൊന്നു സംവിധായക സാറന്മാരെ ഇതൊന്നുമല്ല സ്‌ത്രീശക്തി.. നാലു ഫ്രെയിമുകൾക്കുളളിലിട്ട് സ്‌ത്രീത്വത്തെ കൊല്ലല്ലേ. പണ്ടിതൊക്കെ പൈങ്കിളിവാരികകളിലുണ്ടായിരുന്നു. അതൊക്കെ കത്തിച്ചു കളയുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ ടി.വിയങ്ങു കത്തിച്ചു കളയാൻ പറ്റുമോ രൂപ പത്തുപതിനയ്യായിരമല്ലേ. ഒരുപക്ഷെ കുടുംബം തകരുമെന്ന ഘട്ടത്തിൽ സുകുമാരൻ ചേട്ടനെ പോലുളളവർ ടി.വി കത്തിച്ചു കളയുകതന്നെ ചെയ്യും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
പിൻകുറിപ്പ്‌ഃ-
പുരുഷത്വം ആവോളം ഇല്ലാത്ത എന്തും ചെയ്യുന്ന വീരനായ സംവിധായക&നടന്റെ സീരിയൽ ഷൂട്ടിങ്ങ് സ്ഥലം.
ഒറിജിനൽ അപ്പൻ മരിച്ചതറിഞ്ഞ് അലമുറയിട്ടു കരയുന്ന നായിക നടി തങ്കമണി. ഷൂട്ടിങ്ങ് സ്ഥലം ദുഃഖഭരിതം. നടിയുടെ സ്ഥിതികണ്ട് പലർക്കും കരച്ചിൽ വേറെ വരുന്നു. പെട്ടന്നാണ് സ്ര്തൈണസംവിധായകൻ ചാടിവീഴുന്നത്. ക്യാമറമാനു നെരെ ഒരലർച്ച.
“ഫിലിമിലാക്കടാ… തങ്കമണീടെ കരച്ചിൽ… സീരിയലിൽ ഇവടെ അപ്പൻ ചാകുന്ന രംഗമുണ്ട്. കുറച്ച് ഒറിജനലായിക്കോട്ടെ…”
-ഇവനെയൊന്നും പാഷാണം വച്ചാലും കൊല്ലാൻ പറ്റില്ല. നമ്മുടെ വിധി.
Generated from archived content: serial.html Author: chanakyan
Click this button or press Ctrl+G to toggle between Malayalam and English