കോൺഗ്രസ്സുകാർ തമ്മിൽ തല്ല്‌ തുടങ്ങി; രക്തരക്ഷസ്സ്‌ എറണാകുളം വിടുന്നു

ഇത്തവണ എറണാകുളത്ത്‌ ഓണത്തല്ല്‌ കെങ്കേമം…. ഓണക്കരച്ചിൽ, ഓണപ്പാര, ഓണ അട്ടഹാസം എന്നിവയ്‌ക്കും പഞ്ഞമില്ല. കുഴിയിലേയ്‌ക്ക്‌ കാലും നീട്ടിയിരിക്കുന്ന കാരണവന്മാരെപ്പോലും ചില ‘പൈശാചിക’ ശക്തികൾ വെറുതെ വിടുന്നില്ല. പാലു കൊടുത്ത കൈക്കുതന്നെ കൊത്തുന്ന സ്ഥലത്തെ ചില പ്രൊഫസർമാരും ഇറങ്ങിയിട്ടുണ്ട്‌. ഹാ…. ‘കോൺഗ്രസുകാർ’ എത്ര മനോഹരമായ പദം. അപ്പനേയും പെങ്ങളേയും ഉപേക്ഷിച്ച്‌ അന്യന്റെ അടുക്കളയിൽനിന്നും സുഭിക്ഷ ഭോജനം പ്രതീക്ഷിച്ചവൻ അത്താഴമില്ലാതെ മോങ്ങുന്നു.

‘ഐ’ ഗ്രൂപ്പുകാർ എന്ന ലലനാമണികളുടെ കഴുത്ത്‌ മുറിച്ച്‌ രക്തം പാനം ചെയ്യുന്ന ‘എ’ക്കാരായ ഡ്രാക്കുള, ബ്രഹ്‌മരക്ഷസ്സ്‌, കാട്ടുമാക്കാൻ തുടങ്ങിയ സാധനങ്ങൾ നഗരത്തിലൂടെ പാഞ്ഞു നടക്കുകയാണ്‌. ഇവരെ ഒതുക്കാൻ പറ്റിയ മഹാമാന്ത്രികർ കേരളത്തിൽ തന്നെയില്ല എന്നുപറയാം…. കേന്ദ്രത്തിലാകട്ടെ ചോര മാത്രമല്ല ഐ ഗ്രൂപ്പിന്റെ മജ്ജയും മാംസവുംവരെ വലിച്ചൂറ്റി തിന്നുന്ന മദാമ്മ പ്രേതത്തിന്റെ ശല്ല്യവും… ‘എ’ക്കാരെ ആണിയടിച്ചൊതുക്കാൻ ശ്രമിച്ച ‘ഐ’ക്കാരായ ചില പൊടി മന്ത്രവാദികൾ അഥവാ ഒടിയന്മാർ ചിലർ വസന്ത പിടിച്ച കോഴിപോലെ തൂങ്ങിനിൽപ്പാണ്‌.

ഇങ്ങനെ നഗരം ഭയത്താൽ വിറങ്ങലിച്ചു നിൽക്കുന്നത്‌ കണ്ട്‌ സിനിമാനടൻ ജഗതി ശ്രീകുമാറിനൊരു പേടി. തന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചു ദിവസമായി വിജയകരമായി പ്രദർശിപ്പിച്ചു വരുന്ന കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്‌’ എന്ന നാടകത്തിന്‌ ഇനി എറണാകുളത്ത്‌ ഇടമില്ലെന്ന്‌. ‘എ’ക്കാരനെന്ന കൊടുംഭീകരമൂർത്തികൾ ഇങ്ങനെ ഐക്കാരുടെ രക്തം കുടിക്കുകയും, അപ്പുറം വിശ്വനാഥമേനോനും വി.ബി.ചെറിയാനും ശ്രീധരൻപിളളയും കൂടി സെബാസ്‌റ്റ്യൻ പോളെന്ന കമ്യൂണിസ്‌റ്റ്‌ സ്വതന്ത്രജീവിയെ കലക്കിയരച്ചു കുടിക്കാൻ വെമ്പുകയും ചെയ്യുന്ന സമയത്ത്‌ കലാനിലയത്തിന്റെ രക്തരക്ഷസ്സിന്‌ അഞ്ചുകാശിന്റെ ചോര കിട്ടില്ലെന്നും, അതുകൊണ്ട്‌ നാടകത്തിൽനിന്നും രക്തരക്ഷസ്സ്‌ ഇറങ്ങിപ്പോയി എം.ജി റോഡിലോ ദേശാഭിമാനി ജംഗ്‌ഷനിലോ പാറിനടക്കുന്ന കൊതുകുകളിൽ നിന്നും ചില്ലറ ചോര പിച്ചയെടുക്കേണ്ടി വരുമെന്നും ജഗതി ഭയക്കുന്നു. ഇങ്ങനെ പിച്ചയെടുക്കുന്ന രക്തരക്ഷസ്സെന്ന സ്‌ത്രീരൂപത്തെ നഗരത്തിന്റെ ചട്ടമ്പികളും പോലീസുകാരും വെറുതെ വിടില്ലെന്നും ടിയാൻ ഭയക്കുന്നു. അതിനാൽ രക്തരക്ഷസ്സിനെ എറണാകുളത്തുനിന്നും മാറ്റി പകരം ഈ ‘എ’ഗ്രൂപ്പ്‌ രക്തദാഹികളെ ഒതുക്കാൻ മഹാമാന്ത്രികനായ ‘കടമറ്റത്ത്‌ കത്തനാരെ’ന്ന കഥാപാത്രത്തെ നായകനാക്കി പുതിയ നാടകം തുടങ്ങാനാണ്‌ പരിപാടി. എന്നാൽ കഷണ്ടിക്കാരനായ, പൈശാചികവും മൃഗീയവുമായ സ്വഭാവമുളള ചിലയാളുകൾ കടമറ്റത്ത്‌ കത്തനാരുടെ കൊഴുത്ത ചോരയും ഊറ്റിക്കുടിക്കുമെന്നും ജഗതി ശ്രീകുമാറിന്‌ പേടിയുണ്ട്‌. കാരണം കത്തനാരേക്കാളും വലിയ കോൺഗ്രസ്സ്‌ മാന്ത്രികനായ ലീഡറെയല്ലേ ‘പൈശാചിക’ ശക്തികൾ മൂലയിലിരുത്തിയത്‌.

Generated from archived content: sep5_news.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English