പണിമുടക്ക്‌ പഠിപ്പിച്ച പാഠം

ദൈവം തമ്പുരാന്‌ നന്ദി; ഒരു പാഠം പഠിച്ച സന്തോഷത്തിലാണ്‌ 31 ദിവസം സമരം ചെയ്‌ത്‌ “വിജയിച്ച” ജീവനക്കാർ. പാഠം പറഞ്ഞു കൊടുത്തത്‌ എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ്‌ കമ്പറ നാരായണൻ സാറും. എന്താ കമ്പറസാറേ പഠിച്ച പാഠം എന്ന്‌ ചോദിച്ചാൽ നാണവും ലജ്ജയും പിന്നെ കുറച്ച്‌ വിഷമവും മുഖത്ത്‌ കാണാം. ചില പത്രങ്ങളിൽ ഈ പാഠം പഠിച്ച കാര്യം ഏഴാം പേജിൽ രണ്ടിഞ്ച്‌ വാർത്തയായിരുന്നു. അതിനാൽ നാട്ടുകാർ പലരും ഈ കാര്യം കൃത്യമായറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ജനം ചിരിച്ചുചിരിച്ച്‌ മണ്ണുതിന്നു ചത്തേനെ.

ഇനി നാം കാണുന്നത്‌ കമ്പറ നാരായണൻ മാസ്‌റ്ററുടെ ക്ലാസ്സുമുറി.

-രംഗം – ഒന്ന്‌

കമ്പറ ഃ പ്രിയപ്പെട്ട കുട്ടികളേ…

ജീവനക്കാർ ഃ എന്തോ സാർ?

കമ്പറ ഃ എല്ലാവരും ശ്രദ്ധിക്കണം; പാഠം ഒന്ന്‌

ജീവനക്കാർ ഃ (ചിരിയും ബഹളവും, പിന്നെ മീശപിരിക്കൽ, ചീട്ടുകളി, പെരിശ്‌ പറയൽ എന്നിവയിൽ മുഴുകുന്നു)

കമ്പറ ഃ (വേദനയോടെ) പിളേളരേ, പ്രാക്‌ടിക്കൽ നിർത്തൂ; നമ്മുടെ പഠനരീതി ശരിയായിരുന്നില്ല.

ജീവനക്കാർ ഃ (നിശ്ശബ്‌ദർ; പിന്നെ ആശ്‌ചര്യത്തോടെ പരസ്‌പരം നോക്കുന്നു)

കമ്പറ ഃ ഇതാണ്‌ പുതിയ പാഠ്യപദ്ധതി. സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങരുതെന്നും സാധാരണക്കാരായ ജനങ്ങളോട്‌ മര്യാദാപൂർവ്വം പെരുമാറണമെന്നുമാണ്‌ കഴിഞ്ഞ 31 ദിവസമായി നടന്ന പണിമുടക്കിനുശേഷം നാം പഠിക്കേണ്ട പാഠം.

– കർട്ടൻ –

പിൻകുറിപ്പ്‌ഃ- സത്യത്തിൽ സമരംകൊണ്ട്‌ ഗുണമുണ്ടായത്‌ ജനങ്ങൾക്കാണ്‌; അധ്യാപകരുടേയും, ജീവനക്കാരുടേയും വില നാളികേര വില ഇടിയുന്നപോലെ ഇടിഞ്ഞിട്ടുണ്ട്‌. ബഹുമാനം പോയിട്ട്‌ നാലു നല്ല വർത്തമാനംപോലും നാട്ടുകാർ പറയുന്നില്ല. സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാതെയും, കാര്യങ്ങൾ നടത്തികൊടുക്കാതെയുമിരുന്നാൽ ജീവനക്കാരുടെ മൂക്കിനുനേരെയാ നാട്ടുകാരുടെ ഇടി വരുവാൻ പോകുന്നത്‌.

അതിനാൽ മുൻപു സൂചിപ്പിച്ച കമ്പറ സാറിന്റെ പാഠം ആരും പറഞ്ഞു കൊടുത്തതല്ല. സ്വയം സാറ്‌ മനസ്സിലാക്കിയതാണ്‌.

പണിമുടക്കിന്‌ നന്ദി…

Generated from archived content: panimudakku.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here