ആഴ്‌ചതോറും ഇടയലേഖനമിറക്കി ബിഷപ്പുമാർ സഭാവിശ്വാസികളെ വഞ്ചിക്കുകയാണെന്ന് സുകുമാർ അഴീക്കോട്. യഥാർത്ഥ ഇടയലേഖനം യേശുക്രിസ്‌തുവിന്റേതു മാത്രമാണ്. ദൈവവിശ്വാസികൾ അല്ലാത്തതിനാൽ കമ്യൂണിസ്‌റ്റുകൾക്ക് വോട്ടു നല്‌കരുതെന്ന ബിഷപ്പുമാരുടെ പരാമർശം പ്രതിഷേധാർഹമാണെന്നും സുകുമാർ അഴീക്കോട് പറഞ്ഞു. ഭീകരവാദത്തെ നേരിടാൻ രണ്ട് കമ്യൂണിസ്‌റ്റു പാർട്ടികളും ഒന്നിക്കേണ്ട കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സുഗതൻ സ്‌മാരകഹാളിൽ ടി.വി തോമസ് അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്.
മറുപുറംഃ ദിവസവും പ്രസംഗിച്ചു നടന്ന് നാട്ടുകാരെ പറ്റിക്കുന്നവൻ വെറുതെ കുർബാനക്കാര്യത്തിൽ ഇടപെടേണ്ട എന്ന് കത്തനാർമാർ പറഞ്ഞാൽ പണിപാളുമേ… യഥാർത്ഥ ഇടയലേഖനം കർത്താവിന്റെ മാത്രമാണെന്നതിന് എതിരായി യഥാർത്ഥ കമ്യൂണിസം മാർക്‌സിന്റെ കയ്യിൽ മാത്രമെയുളളൂ എന്ന് ളോഹയിട്ടവർ വിരട്ടിയാൽ മറുപടി പറയാൻ ഒരു പാർട്ടി മെമ്പർഷിപ്പുപോലും നമ്മുടെ പക്കലില്ല അഴീക്കോട് മാഷേ… ആകെയുളളത് താങ്കൾ പറഞ്ഞു നടക്കുന്ന കുറച്ചു ഗാന്ധിസവും പിന്നെ ഖാദിവസ്‌ത്രവും മാത്രം. സഭയുടെ പോക്കും കമ്യൂണിസ്‌റ്റുപാർട്ടികളുടെ പോക്കും ഒരേ തൂവൽപക്ഷികൾ പോലെയെന്ന് ചിന്തിക്കുന്ന ചിലർക്കെങ്കിലും അറിയാം…. അതുകൊണ്ട് പന്തിയിൽ പക്ഷഭേദം പാടില്ല. സഭയ്‌ക്കുളളത് സഭയും പാർട്ടിക്കുളളത് പാർട്ടിയും നന്നായി മുതലാക്കുന്നുണ്ടല്ലോ…. ആകെയുളള നാവുകൊണ്ട് നമുക്കും എന്തെങ്കിലും മുതലാക്കാം…. അല്ലേ…..
Generated from archived content: marupuram1_mar29_08.html Author: chanakyan