റഷ്യൻ കമ്യൂണിസ്‌റ്റ് നേതാക്കളായ യുർചിക്ക് വ്ലാഡിസ്ലോവും സെൻജിനിക്ക് വലേറിയും ബാംഗ്ലൂരിലെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്തെത്തി ശ്രീ ശ്രീരവിശങ്കറെ സന്ദർശിച്ചു. കമ്യൂണിസ്‌റ്റ് പാർട്ടിയെക്കുറിച്ചും ആത്മീയമേഖലയെക്കുറിച്ചും ഇവർ ശ്രീ ശ്രീ രവിശങ്കറുമായി ദീർഘനേരം സംസാരിച്ചു. അരിവാൾ ചുറ്റിക മുദ്രണം ചെയ്ത ചുവന്ന ഷാൾ രവിശങ്കറെ ഇവർ അണിയിച്ചു. രവിശങ്കറിന്റെ റഷ്യയിലെ സേവനങ്ങളെ പ്രകീർത്തിച്ചാണ് സംഘം മടങ്ങിയത്.
മറുപുറംഃ ഇനിയിപ്പോ അടുത്ത പാർട്ടി സമ്മേളനപന്തലുകളിൽ മാർക്‌സ്, ലെനിൻ, ഏംഗൽസ് എന്നിവരുടെകൂടെ നമുക്കീ ശ്വാസംവലിക്കാരനെ കൂടി കാണാനാകുമോ….? എന്തായാലും നമ്മുടെ പഴയ മുഖ്യൻ മാർപ്പാപ്പയ്‌ക്ക് ഭഗവത്‌ഗീത കൊടുത്തതുപോലെയുളള കടുംകൈയ്യൊന്നും റഷ്യൻ നേതാക്കൾ കാട്ടിയില്ല. അരിവാളും ചുറ്റികയും പതിപ്പിച്ച ചെമ്പട്ടല്ലേ പുതപ്പിച്ചത്. ഇനി ഗ്രൂപ്പിസവും തമ്മിൽതല്ലുമൊക്കെ നടത്തി മനസ്സ് വ്യാകുലപ്പെടുമ്പോൾ ശ്വാസം വലിച്ച് ശാന്തരാകാൻ ധൈര്യമായി സഖാക്കൾക്ക് ശ്രീശ്രീയുടെ അടുത്ത് പോകാമല്ലോ. ശ്വാസം അകത്തേക്ക് വലിക്കുമ്പോൾ നാലുപ്രാവശ്യം ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയും ശ്വാസം പുറത്തേയ്‌ക്ക് വിടുമ്പോൾ അത് ആറു പ്രവശ്യവുമാക്കി നമുക്ക് രസിക്കാം.
മല ഏതായാലും മമ്മദിന്റെ അടുത്തെത്തി. ഇനി നാട്ടിലെ എലികളും ഉടനെ എത്തുമെന്ന് കരുതാം. ഏതായാലും ഇതു വലിയ ചതിപ്പീരായിപ്പോയി റഷ്യൻസഖാക്കളേ…..
Generated from archived content: marupuram1_mar24_08.html Author: chanakyan