രാവിലെതന്നെ മൂക്കുമുട്ടെ ശാപ്പാട് അടിച്ചിട്ടാണ് പ്രതിപക്ഷം നിരാഹാരം നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പരിഹസിച്ചു. കുട്ടനാട്ടിലെ കർഷകർക്കുവേണ്ടി പ്രതിപക്ഷ എം.എൽ.എമാർ ഉച്ചവരെ നിയമസഭയ്‌ക്കു മുന്നിൽ നിരാഹാരം കിടക്കുന്നതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യൻ. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 96ൽ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വേനൽക്കാലത്ത് മാവു പൂത്തപ്പോൾ “മാവേ, മാവേ പൂക്കല്ലേ, നായനാർ ഭരണം പൊയ്‌ക്കോട്ടെ” എന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഇവരെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.
മറുപുറം ഃ മഴ വന്നതു വന്നു. കൃഷിനാശം തകൃതിയുമായി. കുട്ടനാട്ടിലെ കർഷകർ അന്തോം കുന്തോം ഇല്ലാതെ ചെവിയിൽ ചെമ്പരത്തി പൂവും വച്ച് നടക്കേണ്ട അവസ്ഥയിലുമായി. ആ കൊയ്‌ത്ത് യന്ത്രം ഒന്നു നേരത്തെ ഇറക്കിയാൽ മതിയായിരുന്നല്ലോ സഖാവേ, കമ്പ്യൂട്ടർ വേണ്ടേ വേണ്ട എന്നു പറഞ്ഞവരുടെ പിൻമുറക്കാർ തന്നെയല്ലയോ നമ്മൾ. നമ്മൾ കൊയ്യാൻ വച്ച നിലമാണെന്ന് മഴദൈവത്തിനറിയുമോ…? ഏതായാലും കുട്ടനാട്ടിലെ സഖാക്കളോട് ഒന്നു പറഞ്ഞേയ്‌ക്കൂ… ആണവകരാർ കാരാട്ട് സഖാവ് പിടിച്ചുനിർത്തിയതു പോലെയൊന്നും ഈ വേനൽമഴ നമ്മുടെ കയ്യിൽ ഒതുങ്ങുന്നതല്ല എന്ന്. എ.കെ.ജി സെന്ററിൽ എ.സി ഫിറ്റു ചെയ്താൽ, കുട്ടനാട്ടിലെ വയലിൽ കൊയ്‌ത്തു യന്ത്രവുമിറക്കാം.
അതുപോട്ടെ, ഉച്ചവരെയുള്ള പ്രതിപക്ഷന്മാരുടെ നിരാഹാരം ഗംഭീരമായി. നിയമസഭാ കാന്റീനിലെ ബെല്ലടിക്ക് മുമ്പുതന്നെ നിരാഹാരം നിർത്തിയോ അതോ ബെല്ലടിച്ചതിനുശേഷം വരിവരിയായി കാന്റീനിലേയ്‌ക്ക് പോകുകയാണോ ചെയ്തത്. ഏതായാലും ഇപ്പണിക്കിറങ്ങിയ സ്ഥിതിക്ക്, ഗ്യാസ്‌ട്രബിൾ പ്രോബ്ലമുള്ള മൂത്ത നേതാക്കളെ ഒഴിവാക്കി വിഷ്ണുനാഥിനെപോലെയുള്ള പിള്ളേരെയെങ്കിലും വൈകുന്നേരത്തെ ചായടൈം വരെ നിരാഹാരത്തിനിരുത്താമായിരുന്നു. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന മട്ടിലാണ് ഭരണപക്ഷവും പ്രതിപക്ഷവും.
Generated from archived content: marupuram1_mar18_08.html Author: chanakyan