ആദിവാസികൾക്കുനേരെ വെടിവെച്ചെങ്കിലും ജനാധിപത്യസ്വഭാവമുളള സർക്കാരായിരുന്നു എ.കെ. ആന്റണിയുടേതെന്ന് രാഷ്‌ട്രീയ മഹാസഭ ജനറൽ സെക്രട്ടറി എം. ഗീതാനന്ദൻ. എന്നാൽ നിലവിലുളള വി.എസ്. സർക്കാരിന് ജനാധിപത്യസ്വഭാവം നഷ്‌ടമായിരിക്കുന്നുവെന്നും ദളിതരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ചെങ്ങറയിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങൾ നുണപ്രചരണത്തിലൂടെ നേരിടാനുളള സർക്കാർ നീക്കം അപലപനീയമാണെന്നും ഗീതാനന്ദൻ കുറ്റപ്പെടുത്തി.
മറുപുറംഃ ആങ്ങള ചത്താലും വേണ്ടൂല്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന മട്ടായോ ഗീതാനന്ദാ കാര്യങ്ങൾ. ആദിവാസി വെടിയേറ്റു മരിച്ചിട്ടും ജനാധിപത്യത്തിനു യാതൊരു കുറവുമുണ്ടായില്ല എന്ന കണ്ടുപിടുത്തം കേമമായി. ഉണ്ടിരിക്കുമ്പോൾ ഇങ്ങനെ ചില വിളികൾ വരുന്നത് എന്തിന്റെ ലക്ഷണമാണാവോ? അധികാരത്തിലിരിക്കുമ്പോ അന്തോണിയെന്നോ കുഞ്ഞൂഞ്ഞെന്നോ അച്ചുമാമനെന്നോ വ്യത്യാസമില്ല സഹോദരാ… അതൊരു സിസ്‌റ്റമല്ലയോ… അവിടെക്കയറിയിരുന്നാൽ വെടിവെക്കേണ്ടിടത്ത് വെക്കുകയും പത്തി താഴ്‌ത്തേണ്ടിടത്ത് താഴ്‌ത്തുകയും ചെയ്യും. നിങ്ങളുടെയൊക്കെയീ അക്കരപ്പച്ച സ്വഭാവം കാരണമാണ് ആദിവാസികളും ഭൂരഹിതരും അന്തവും കുന്തവുമില്ലാതെ ഇപ്പോഴും തെക്കുവടക്ക് നടക്കുന്നത്. വീടിന്റെ പെയ്‌ന്റ് മാറുന്നന്നേയുളളൂ… ഇഷ്‌ടികയും തേപ്പും മുറികളുടെ വലിപ്പവുമെല്ലാം ഒന്നുതന്നെയാ… അതുകൊണ്ട് പുറമെ പൂശിയിരിക്കുന്ന പെയ്‌ന്റിനെ നോക്കി പല്ലിളിച്ചിട്ട് കാര്യമില്ല. സമരം ചെയ്യണമെങ്കിൽ അടിത്തറതന്നെ പൊളിച്ച് സമരം ചെയ്യണം….
സെക്രട്ടറിയേറ്റിനുമുന്നിൽ ആദിവാസികൾക്കൊപ്പം കോൽക്കളി നടത്തിയതും ജനാധിപത്യം, മുത്തങ്ങയിൽ വെടിവെച്ചു കൊന്നതും ജനാധിപത്യം.
Generated from archived content: maru2_apr2_08.html Author: chanakyan