ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കൻ ചാരനാണെന്നു സംശയിക്കുന്നതായി പി.സി ജോർജ് എം.എൽ.എ. തോമസ് ഐസക്കിന്റെ ധനകാര്യ പരീക്ഷണങ്ങൾ കേരള ജനതയെ ഗിനിപ്പന്നികളാക്കി മാറ്റുകയാണ്. ധനമന്ത്രി മുതലാളിത്തത്തിന്റെ പിണിയാളാണ്. തോമസ് ഐസക്ക് അമേരിക്കൻ ചാരനാണെന്നത് കാലം തെളിയിക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മറുപുറംഃ എങ്കിലും ജോർജാശാനേ ഇതിത്തിരി കടന്ന കയ്യായിപ്പോയി. ഒരാളെ അമേരിക്കൻ ചാരനാണെന്ന് മുദ്രകുത്താനുളള സി.പി.എമ്മിന്റെ ജന്മാവകാശത്തിലാണല്ലോ അങ്ങ് കോടാലി വച്ചത്. വിമോചന സമരത്തിനുമുന്നേ തന്നെ ഇക്കാര്യത്തിൽ ക്വട്ടേഷൻ എടുത്തവരാണ് സി.പി.എമ്മുകാർ. ഒരു കമ്യൂണിസ്‌റ്റുകാരനെ കണ്ടാൽ തിരിച്ചറിയില്ലെങ്കിലും അമേരിക്കൻ ചാരൻ ഒരു മൈൽ ചുറ്റളവിൽ വന്നാൽപോലും മണത്തുപിടിക്കാനുളള ശേഷി അവർക്കേയുളളൂ എന്നതായിരുന്നു ജനത്തിന്റെ വിശ്വാസം. താങ്കളുടെ പഞ്ചായത്തിലെ തെങ്ങുകയറ്റക്കാരനോ കർഷകത്തൊഴിലാളിയോ നാലുപ്രാവശ്യം അമേരിക്കൻ ചാരനെന്ന് ഉറപ്പിച്ചു വിളിച്ചിരുന്നെങ്കിൽ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർഷിപ്പുവരെ കിട്ടിയേനെ. ഇതേതാണ്ട് മീനവെയിലിൽ മാക്രി കരഞ്ഞതുപോലെയായി. പിന്നെ നാക്ക് ഒരു വായ്‌ത്തല പോയ വാക്കത്തിപോലെ ഉപയോഗിക്കുന്നവർക്ക് പടച്ചിറക്കിയവനെപ്പോലും അമേരിക്കൻ ചാരനോ ഇസ്രയേൽ കുത്തിത്തിരിപ്പുകാരനോ ഒക്കെയായി കാണാം…
Generated from archived content: maru2_apr17_08.html Author: chanakyan