സ്പിരിറ്റു കടത്ത് തടയാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തലവൻ ഐ.ജി. ഋഷിരാജ് സിംഗിന്റെ കസേര തെറിച്ചു. ആന്റിപൈറസി സെൽ തലവൻ, മൂന്നാർ ദൗത്യസംഘാംഗം, അന്തർസംസ്ഥാന സ്പിരിറ്റ് വ്യാപന കളളക്കടത്ത് അന്വേഷണത്തലവൻ, ഇന്റർപോൾ നോഡൽ ഓഫീസർ എന്നീ സ്ഥാനങ്ങളിൽ നിന്നും ഋഷിരാജ്‌സിംഗിനെ മാറ്റി ഇപ്പോൾ അപ്രധാന തസ്തികയായ ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗം ഐജിയാക്കി മാറ്റിയിരിക്കുകയാണ്. പലയിടത്തും മുഖം നോക്കാതെ നടപടിയെടുത്ത ഇദ്ദേഹം, മദ്യരാജാക്കന്മാരെ തൊടാൻ ശ്രമിച്ചപ്പോഴാണ് സ്ഥാനമാറ്റം ലഭിച്ചത്.
മറുപുറംഃ സിനിമയിലെ സുരേഷ്‌ഗോപി പോലീസുപോലെ വിലസിയതൊക്കെ ഓകെ ആയി. പക്ഷെ വില്ലന്മാരുടെ കൂട്ടത്തിൽ എം.എൻ. നമ്പ്യാരെപോലെയും, കോട്ടയം ചെല്ലപ്പനെപോലെയുമുളളവർ വേണ്ടപ്പെട്ട പാർട്ടികളിലും പോലീസിലെ തലപ്പത്തും പിന്നെ സമുദായപ്രമാണിമാരിലും ഉണ്ടെന്ന കാര്യം മീശക്കാരൻ മൂന്നാർ പൂച്ച മറന്നുപോയത് കഷ്‌ടമായി. ഷാപ്പിലെ സ്പിരിറ്റു കളളിൽ തൊടുവാനുളള അവകാശം ലോക്കൽ പോലീസിനും എക്‌സൈസിനും മാത്രമാണെന്നാണ് ചില പാതിരാ ദൈവങ്ങളുടെ നിർദ്ദേശം. കുടിയന്മാർക്കിത് ഉത്സവമായി. ഇനി ആനമയക്കിയും മണവാട്ടിയും മുടങ്ങാതെ കിട്ടുമല്ലോ. ഒരു കാര്യം കൂടി സർക്കാരിന് ചെയ്യാമായിരുന്നു. തെങ്ങുചെത്തി കളളുണ്ടാക്കുന്നതിനുപകരം സ്പിരിറ്റു ചെത്തി കളളുണ്ടാക്കുന്നതിനുളള ഗവേഷണകേന്ദ്രം തുറന്ന് അതിന്റെകൂടി തലവനാക്കി സിംഗിനെ ഇരുത്താമായിരുന്നു.
Generated from archived content: maru1_mar26_08.html Author: chanakyan