തിരുവിതാംകൂർ – കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുളള നിയമനങ്ങൾ പി.എസ്.സിക്കു വിടുവാനുളള സർക്കാരിന്റെ തീരുമാനം ഏകപക്ഷീയവും ദുരുദ്ദേശപരവും ഭരണഘടനാവിരുദ്ധവുമാണ് എൻ.എസ്.എസ്. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വില കൽപ്പിക്കാതെ സംവരണേതര ഹിന്ദുവിഭാഗങ്ങളെ ഇല്ലായ്‌മ ചെയ്യാനും സംവരണവിഭാഗങ്ങളെ പ്രീണിപ്പിക്കാനും അതുവഴി വോട്ട് ബാങ്ക് കണ്ടെത്തുന്നതിനുമാണ് ഭരണപക്ഷം ഈ വിലകുറഞ്ഞ നീക്കം നടത്തുന്നതെന്ന് എൻ.എസ്.എസ് സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ കുറ്റപ്പെടുത്തി.
മറുപുറംഃ നാട്ടിലെ കൊളളാവുന്ന സംവരണേതര മാന്യ ഹിന്ദുമഹാജനങ്ങൾ ബോർഡിലും ഉദ്യോഗസ്ഥപദവിയിലും ഇരുന്ന് ക്ഷേത്രത്തിലെ ദേവനു കൊടുക്കുന്ന പഞ്ചാരത്തരിയിൽ പോലും അഴിമതികാട്ടി കുളിച്ചുനിൽക്കുന്ന കാഴ്‌ചയാണല്ലോ കാലം കുറെയായി കാണുന്നത്. ഇനി വാസ്‌ഗോഡഗാമ കേരളത്തിൽ വന്നവർഷവും നാരങ്ങയിലെ ആസിഡിന്റെ പേരും ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുളള ദൂരവുമൊക്കെ എഴുതി പഠിച്ച് പാസായവർ ഇനി ദേവസമ്പത്ത് ഒതുക്കട്ടെ. പഠിച്ചു പാസായവനാണല്ലോ കക്കുന്നത് എന്ന ആശ്വാസമെങ്കിലും ദേവീദേവന്മാർക്കുണ്ടാകും. സംസ്‌കൃതമറിയാത്തവർ ശബരിമല തന്ത്രിയാകുന്നതിലും ഭേദമാണിത്.
ഇനി പണിക്കരുചേട്ടന് ഇക്കാര്യത്തിൽ സങ്കടമേറെയുണ്ടെങ്കിൽ പി.എസ്.എസിക്കാർക്ക് അഞ്ചയലത്ത് വരാൻ പോലും പറ്റാത്ത നമ്മുടെ നായർ സർവ്വീസ് സൊസൈറ്റി വഹ സ്‌കൂളുകളിലും കോളേജുകളിലും കുറച്ചു പണിയങ്ങ് ഫ്രീയായി സംവരണേതർക്ക് കൊടുക്ക്. അതിനിത്തിരി പുളിക്കും അല്ലേ? കക്ഷത്തുളളത് പോകാനും പാടില്ല, ഉത്തരത്തിലുളളത് എടുക്കുകയും വേണം. വെറുതെ നടേശൻ മുതലാളിയുടെ നാവ് വെടക്കാക്കല്ലേ….
Generated from archived content: maru1_mar20_08.html Author: chanakyan