ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിച്ച ബേബിഫുഡ് കമ്പനിക്ക് തുടർന്നു പ്രവർത്തിക്കാൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി മൂന്നുമാസം കൂടി സമയം കൊടുത്തത് കമ്പനിയെ വഴിവിട്ട് സഹായിച്ചതാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ നിയമവിരുദ്ധമായി ഒരു നടപടിയും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും 30 വർഷമായി പ്രവർത്തിക്കുന്ന ഒരു ചെറുകിട സ്ഥാപനമെന്ന നിലയിലാണ് മൂന്നുമാസം സമയം അനുവദിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് താൻ നിർദ്ദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു. ബഹുരാഷ്ര്ട കുത്തകകളുടെ സ്വാധീനത്തിനു വഴങ്ങിയാണ് പ്രതിപക്ഷം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറുപുറം ഃ
ബേബി ഫുഡ് എന്ന് കേട്ടപ്പോൾ നമ്മുടെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി തടി നന്നാക്കാൻ കഴിക്കുന്ന ഫുഡാണെന്ന് കരുതിയായിരിക്കും മന്ത്രിയൊന്ന് കണ്ണടച്ചത്. ഇത്തിരിപ്പോന്ന കുഞ്ഞുപിള്ളേർക്ക് കൊടുക്കുന്ന ഫുഡാണെന്ന് മന്ത്രിയമ്മച്ചിക്ക് മനസിലായിക്കാണില്ല. എങ്കിലും 30 വർഷം ഇപ്പറഞ്ഞ സർട്ടിഫിക്കറ്റും ഉരുപ്പിടികളുമില്ലാതെ ഈ സ്ഥാപനം പ്രവർത്തിച്ചല്ലോ എന്നതിലാണ് അതിശയം. നിയമം നിയമത്തിന്റെ വഴിക്കല്ലേ പോകേണ്ടത്. ആ പന്തിയിൽ പക്ഷഭേദം പാടില്ലല്ലോ…. അങ്ങിനെയെങ്കിൽ പത്തു നാല്പതു കൊല്ലം കള്ളുവിറ്റ കോൺട്രാക്ടർ ഇപ്പോൾ മായം ചേർത്തുവെന്നു പറഞ്ഞാലും, ചെറുകിട സംവിധാനം ഉപയോഗിച്ച് ഒരു നാലു നാലര വർഷമെങ്കിലും കള്ളുവിൽക്കാൻ സമ്മതം നൽകാമല്ലോ. വെറുതെ പുണ്യം കിട്ടാനല്ലല്ലോ ഇവരൊക്കെ ഈ കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. ലാഭത്തിനു തന്നെയാണ്. അതുകൊണ്ട് സർട്ടിഫിക്കറ്റ് ഉരുപ്പടികൾ കയ്യിൽ വച്ചു തന്നിട്ടുമതിയായിരുന്നു ഇനി കമ്പനി തുറക്കൽ. മന്ത്രിയുടെ നല്ല മനസുകൊണ്ട് ചില്ലറ മേടിച്ചെന്ന് ആരും പറയില്ലെങ്കിലും, കേൾക്കുമ്പോൾ ഒരു ചവർപ്പുപോലെ.
Generated from archived content: maru1_mar19_08.html Author: chanakyan
Click this button or press Ctrl+G to toggle between Malayalam and English