അവാർഡു നിർണയവും പ്രഖ്യാപനവും വെറും കോമഡിയായി പോയെന്ന് പ്രശസ്‌ത സംവിധായകൻ കെ.പി കുമാരൻ. തന്റെ ചിത്രവും തഴഞ്ഞുവെന്ന മന്ത്രി എം.എ. ബേബിയുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയാണ് വന്നത്. കെ.പി കുമാരന്റെ ‘ആകാശഗോപുരം’ എന്ന ചിത്രമാണ് അവാർഡിനുവേണ്ടി മത്സരിച്ചത്. അധികാരകേന്ദ്രങ്ങളുടെ ശിങ്കിടി അല്ലാത്തതിനാൽ, അവാർഡിനു പരിഗണിക്കാതെ തന്റെ ചിത്രം മാറ്റിവയ്‌ക്കാൻ ആരോ നിർദ്ദേശം നല്‌കിയിരുന്നു. 33 വർഷങ്ങൾക്കുമുമ്പ് കോൺഗ്രസ് ഭരിക്കുന്ന സമയത്ത് തന്റെ ‘അതിഥി’ എന്ന ചിത്രത്തിനും ഇതേ അവഗണന നേരിടേണ്ടി വന്നുവെന്നും കുമാരൻ പറഞ്ഞു.
മറുപുറംഃ ശരിയാണ് കുമാരാ…. ഈ തരികിട പരിപാടിയുടെ രീതിയൊന്നു തിരുത്തണം. അവാർഡ് നിർണയവും പ്രഖ്യാപനവുമൊക്കെ ഐഡിയ സ്‌റ്റാർസിംഗർ റിയാലിറ്റി (?) ഷോ പോലെയാക്കാം. ഐ.എസ്.എസ് സ്‌പേസ് കുമാരൻ എന്നോ ഐ.എസ്.എസ് സ്‌പേസ് അടൂരെന്നോ ഒക്കെയാക്കി ജനങ്ങൾ മെസേജ് വിടട്ടേ…. എന്നിട്ട് അണ്ണാച്ചിയേയും ദീദിയേയും ചിരിക്കുട്ടനേയും പോലെയുളള കുറെയാളുകളെ പിടിച്ചിരുത്തി എലിമിനേഷൻ റൗണ്ടുകളും സംഘടിപ്പിക്കാം….. പുറത്താകുമ്പോൾ ചത്ത വീടുകളിലെ പോലെ എണ്ണിപ്പെറുക്കി കരച്ചിലുകളുമാകാം…. പിന്നെ കെട്ടിപ്പിടുത്തം, ഉമ്മവയ്‌ക്കൽ, നെഞ്ചത്തടി എന്നിവയും മുറയ്‌ക്ക് ഒരുക്കാം.
ഇതൊക്കെയാണെങ്കിലും ഒന്നുകൂടി ശ്രദ്ധിക്കണം. നമ്മുടെ പടം കളിക്കുന്ന തീയറ്ററുകളുടെ അടുത്തുകൂടിയെങ്കിലും ജനം നടക്കുന്നുണ്ടോ എന്ന്. പറഞ്ഞുവരുമ്പോൾ അതാണല്ലോ ഏറ്റവും വലിയ അവാർഡ്.
Generated from archived content: maru1_apr9_08.html Author: chanakyan