അദ്വാനിക്കൊപ്പം മമ്മൂട്ടി; മറുപടിയില്ലാതെ സി.പി.എം

പ്രതിപക്ഷനേതാവ്‌ എൽ.കെ. അദ്വാനിയുടെ പുസ്‌തകപ്രകാശന ചടങ്ങിൽ കൈരളി ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടി സംബന്ധിച്ചതിനെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി… കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്‌ട്രീയ – സംഘടനാ റിപ്പോർട്ടിൽ കൈരളി ചാനൽ പാർട്ടിയുമായി ബന്ധപ്പെട്ടതാണെന്ന്‌ വ്യക്തമാക്കിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ കൈരളി ചെയർമാൻ അദ്വാനിയുടെ പുസ്‌തകം ഏറ്റുവാങ്ങിയതിനെക്കുറിച്ച്‌ പത്രപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്‌.

മറുപുറംഃ

ഇതൊക്കെ ചെന്ന്‌ യെച്ചൂരി സഖാവിനോട്‌ ചോദിച്ചിട്ട്‌ എന്തുകാര്യം… ആട്‌ അറിയുന്നോ അങ്ങാടി വാണിഭം. ദില്ലിയിലെ കേരളഹൗസിൽ മമ്മൂട്ടിയ്‌ക്കെതിരെ ഒരുത്തൻ മുദ്രാവാക്യം വിളിച്ചതിന്‌ വാളും ചിലമ്പുമെടുത്ത്‌ ഉറഞ്ഞാടിയ കേരളത്തിലെ പാർട്ടി സെക്രട്ടറിയോട്‌ തന്നെ ചോദിക്കണം ഇത്‌. “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല” എന്ന സിനിമാ പാട്ടായിരിക്കും മറുപടി… വേറിട്ട ചാനലിന്റെ വ്യത്യസ്തനായ ചെയർമാനെ ഇളക്കാൻ ചെന്നാൽ വിവരമറിയും… ഇനി പുളളിക്കാരൻ നരേന്ദ്രമോഡിക്ക്‌ ഉമ്മ കൊടുത്താലും കൈരളി ചാനൽ വേറിട്ടുതന്നെ നില്‌ക്കും…

എങ്കിലും നമ്മുടെ മാണിസാർ പോയി അടൽജിയുടെ പൊസ്തകം ‘പൂമ്പാറ്റ’യേക്കാളും പ്രമാദമാണെന്നും വരും ജനത ഇത്‌ വായിച്ച്‌ പഠിച്ച്‌ പാസാകണമെന്നും പറഞ്ഞിട്ട്‌ ഒരു പട്ടിച്ചാത്തനും അതിന്റെ പുറകെ പോയില്ലല്ലോ….? മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ…? സാക്ഷിക്കൊരു ചോദ്യമായി.

Generated from archived content: maru1_apr29_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here