ജോലിയെടുക്കുന്നവർക്കാകണം കൂലി നൽകേണ്ടതെന്നും ജോലി ചെയ്യുന്നത് നോക്കിനില്‌ക്കുന്നവർക്ക് കൂലി നല്‌കുന്ന പ്രവണത ഇല്ലാതാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഇത് പിടിച്ചുപറിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ‘കേരളം – ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പിണറായി.
മറുപുറംഃ അങ്ങിനെ പറഞ്ഞ് കൊടുക്കൂ സഖാവേ… നോക്കുകൂലി വാങ്ങിക്കുന്നവരുടെ കോട്ട കൊത്തളങ്ങൾ തകർന്നുവീഴട്ടെ…. പിന്നെ ഒരു കാര്യം കൂടി പറയാമായിരുന്നു. കേരളത്തിൽ മറ്റൊരു പ്രതിഭാസമുണ്ടല്ലോ; ജീവിതത്തിലിന്നുവരേയും പണിയെടുത്ത് ഒരു തുളളി വിയർപ്പൊഴുക്കാതെ, രാവിലെതന്നെ തേച്ചുമടക്കിയ ഷർട്ടും മുണ്ടും ധരിച്ച് തൊഴിലാളി പ്രവർത്തനത്തിനിറങ്ങുന്ന തൊഴിലാളി നേതാക്കൾ. അവർക്ക് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പണിയെടുക്കാനുളള നിർദ്ദേശവും കൊടുക്കണം. വല്ല്യേ വല്ല്യേ പൊതുമേഖലാ-സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളവും കൃത്യമായ ഓവർടൈം കാശുവാങ്ങി ഒരു സ്പാനറുപോലും കൈകൊണ്ടു തൊടാത്ത നേതാക്കളുമുണ്ട്. അവരേയും കുത്തിയിരുത്തി പണിയെടുപ്പിക്കണം. അതുകൊണ്ട് രണ്ടുണ്ട് ഗുണം. ഒന്ന് സ്ഥാപനത്തിന് ഗുണം. പിന്നെ നേതാക്കളുടെ കൊളസ്‌ട്രോളും ഷുഗറുമൊക്കെ കുറയുകയും ചെയ്യും… ഇത് യുദ്ധകാല അടിസ്ഥാനത്തിൽതന്നെ നടപ്പാക്കണേ.
Generated from archived content: maru1_apr26_08.html Author: chanakyan