ക്രിസ്‌തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ പി.ബി അംഗമായേനെയെന്ന് പ്രസ്താവിച്ച മന്ത്രി എം.എ ബേബി ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ചിരിക്കുകയാണെന്ന് മുൻമന്ത്രി കെ.എം. മാണി. പ്രസ്താവന പിൻവലിച്ച് മന്ത്രി ക്രൈസ്തവജനതയോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെപ്പോലും രാഷ്‌ട്രീയവത്‌ക്കരിക്കുന്ന ബേബി, മാലാഖമാർ കയറാൻ അറയ്‌ക്കുന്നിടത്ത് ചെകുത്താൻ ഓടിക്കയറുമെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുക കൂടി ചെയ്‌തിരിക്കുകയാണെന്നും മാണി പരിഹസിച്ചു.
മറുപുറംഃബേബി മാപ്പുപറയും എന്ന് പ്രതീക്ഷിച്ചാണ് മാണിസാറ് ഇതുപറഞ്ഞതെങ്കിൽ കോഴിക്ക് മുലവരുന്ന കാലംവരെ കാത്തിരിക്കേണ്ടിവരും. തിരിച്ചൊരു ഡോസ് അങ്ങോട്ടു കൊടുത്താൽ മതിയായിരുന്നല്ലോ….? സഖാവ് മാർക്‌സ് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ദൈവവചന പ്രഘോഷകൻ റവ. കെ.പി. യോഹന്നാനോ അല്ലെങ്കിൽ ബിഷപ്പ് തൂങ്കുഴിയോ ആയി ജനിച്ചേനെ എന്നുപറഞ്ഞാൽ പോരെ? ക്രിസ്‌തു പി.ബി മെമ്പറാകുന്നതും മാർക്‌സ് തൂങ്കുഴിയാകുന്നതും ഒരേപോലെ തന്നെ. അതുതാനല്ലയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക… എന്നൊക്കെ ജനം കരുതിക്കൊളളും.
Generated from archived content: maru1_apr23_08.html Author: chanakyan