മാറ്റമെന്നത് എക്കാലത്തെയും ഒരു പ്രതിഭാസമാണ്; മാറ്റമില്ലാത്തതായി മാറ്റം എന്ന ഒന്നു മാത്രമെയുളളൂ എന്ന് നമ്മുടെ സഖാക്കൾ നന്നായി പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്കിലും കാലത്തിനനുസരിച്ച് കോലം മാറുന്നതാണോ ഈ മാറ്റം എന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാർ തലമൂത്ത സഖാക്കളോട് ചോദിക്കാൻ നില്‌ക്കുന്നുണ്ട്.
ഹൈദ്രാബാദിൽ നടന്ന സി.പി.എം.17-ാം പാർട്ടി കോൺഗ്രസിന്റെ തുടക്കം അതിആവേശകരമാായിരുന്നു. ഒരുപാട് നല്ലകാര്യങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്‌തു. ചർച്ച, പ്രസംഗം, മറ്റുപ്രകടനങ്ങൾ എന്നിവ കഴിഞ്ഞപ്പോൾ പങ്കെടുത്തവർ വിയർത്തൊലിച്ച് ദാഹനീരിനായി കേണു. അപ്പോഴതാ വരുന്നു കൊക്കോകോളയുടെ മിനറൽ വാട്ടർ ‘കിൻലേ’. കൂടാതെ കളറുകാണാതിരിക്കാൻ പ്രത്യേക ഗ്ലാസുകളിൽ ഒറിജിനൽ കൊക്കോകോള വേറെയും. ആശ്വാസം, തണുപ്പ്, ദീർഘനിശ്വാസം.
എന്റെ പൊന്നു പൊളിറ്റുബ്യൂറോ മെമ്പർമാരേ, ആഗോളവത്‌ക്കരണത്തിനും ബഹുരാഷ്‌ട്ര കുത്തകകൾക്കും എതിരെ മരണം വരെപോരാടും എന്നു പ്രഖ്യാപിച്ച സംഘടനയല്ലേ സി.പി.എം.? അതോ ആഗോളവത്‌കരണം, ബഹുരാഷ്‌ട്രകുത്തക എന്നിങ്ങനെയുളള വാക്കുകൾ കേട്ടിട്ടേയില്ലേ? മല്ലിവെളളവും, ജീരകവെളളവും, ഉപ്പുസോഡയും കുടിക്കണമെന്ന് പറയുന്നില്ല. നമ്മുടെ നാട്ടുകാരുണ്ടാക്കുന്ന മിനറൽ വാട്ടറെങ്കിലും ഉപയോഗിക്കാമല്ലോ? ഈ മാറ്റങ്ങൾ മാർക്സിസത്തിന്റെ ഏതു ദർശനത്തിലടിസ്ഥാനമായിട്ടുളളതാണെന്ന് വിശദീകരിച്ചാൽ നന്ന്. കാരണം നാട്ടിൻപുറത്തെ പാർട്ടിയെ സ്‌നേഹിക്കുന്ന പാവങ്ങൾക്ക് ഒരാശ്വാസമായേനെ. അല്ലെങ്കിൽ ബഹുരാഷ്‌ട്രകുത്തകകൾ ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ കുടിച്ചുകുടിച്ച് ആ കമ്പനികൾ തകർത്തുകളയും എന്ന സമരനിലപാടിലാണോ പാർട്ടി?
പാർട്ടി പരിപാടികൾക്കും സമ്മേളനങ്ങൾക്കും ബക്കറ്റുപിരിവു നല്‌കുന്ന സാധാരണക്കാരോടെങ്കിലും ഇതിനൊക്കെ ഉത്തരം പറയണം. ഇങ്ങനെ മാറ്റം വരുത്തിവരുത്തി ഒടുവിൽ പാർട്ടിയെ തന്നെ ബഹുരാഷ്‌ട്രകുത്തകകൾക്ക് വിൽക്കേണ്ട അവസ്ഥവരും. ആസ്ഥി ഒരുപാടുണ്ടല്ലോ, കേരളത്തിൽ ചാനല്, ഭാരതമെങ്ങും കെട്ടിടസമുച്ചയങ്ങൾ, മറ്റു തരികിട പരിപാടികൾ… പിന്നെ വിപ്ലവം വരുമ്പോഴല്ലേ… അപ്പോ കൈയ്യോടെ സാധനങ്ങളെല്ലാം തിരിച്ചെടുക്കാമല്ലോ.
Generated from archived content: cococola.html Author: chanakyan
Click this button or press Ctrl+G to toggle between Malayalam and English