ഇങ്ങിനെ പോയാൽ എന്നായിരിക്കും സഖാവേ വിപ്ലവം?.. കുഞ്ഞിരാമന്റെ ചോദ്യം നായനാരുടെ നേർക്കുതിരിഞ്ഞു.
ഹാ….. ഹാ……. ഹാ….
ചാരുകസാലയിൽ ചേർന്നിരുന്ന് അടുത്തുകിടക്കുന്ന യമണ്ടൻ വിദേശയിനം പട്ടിയെ തലോടി പിന്നെ മലയാള മനോരമയിൽ കണ്ണോടിച്ച് ഇ.സി. ഫ്ലാറ്റിൽ കിടന്ന് നായനാർ ചിരിച്ചുചിരിച്ച് അവശതയായി… പിന്നെ കിതച്ചു പറഞ്ഞു.
“നീ പോയ് ഓനോട് ചോയ്ക്ക് ആ തയ്പുകാരനോട്…. എനക്ക് വയസായില്ലേ… ഹാ…. ഹാ…. ഹാ…”
കുഞ്ഞിരാമൻ അച്യുതാനന്ദന്റെ മുന്നിൽ വാപൊളിച്ചുനിന്നു.. അച്ചുവേട്ടൻ ആദ്യമൊന്നു പല്ലിളിച്ചുകാട്ടി.. സാധാരണപോലെ… പിന്നെ തുടർന്നു.. ഈ വിപ്ലവം.. വിപ്ലവം എന്നു പറയുന്നത്.. പറയുന്നത്.. ഒരു മിഥ്യ.. മിഥ്യ…യല്ലേ സഖാവേ….പോയി നാമം ചൊല്ലി മനഃസമാധാനത്തോടെ കിടന്നുറങ്ങ്.. കിടന്നുറങ്ങ്…“
”ഇതെന്തോന്ന് പുണ്ണാക്ക് പരിപാടിയാ സഖാവേ എന്ന് അച്ചുവേട്ടന്റെ മുഖത്തുനോക്കി ചോദിക്കാനാവാതെ കുഞ്ഞിരാമൻ തിരിഞ്ഞുനടന്നു… ഈ നടപ്പ് ഇങ്ങനെ നീണ്ടുപോകും… വിപ്ലവമൊന്നും നടത്തിയില്ലേലും സാരമില്ല, എന്റെ പാർട്ടിയാണെന്ന് അഭിമാനത്തോടെ പറയാനുളള അവസരമെങ്കിലും ഇവന്മാര് ഉണ്ടാക്കിവച്ചാമതിയായിരുന്നു.
“നാലു പുതിയ പിളേളര് ഇതീചേരുന്നുണ്ടോടോ” ഇന്നലെ ചന്തപ്പടിയിൽ വച്ച് പാർട്ടിയാഫീസിലേയ്ക്ക് പോയ കുഞ്ഞിരാമനെ തടഞ്ഞുനിർത്തി ഒറ്റക്കാലൻ രമേശൻ ചോദിച്ചു.. ഒന്നും മിണ്ടിയില്ല… “കാർന്നോന്മാര് തല്ലി താഴ്ത്തുകയല്ലേ… വയസന്മാരുടെ കൂട്ടം…” കുഞ്ഞിരാമൻ വീണ്ടും നിശബ്ദൻ. കാർന്നോന്മാർക്ക് എതിരു പറഞ്ഞാൽ വിമതൻ… ഇന്ന് നാലു പുസ്തകം വായിക്കുന്നവരെ പാർട്ടി സെക്രട്ടറിമാർക്ക് പേടിയാ….. ഇവന്മാരൊക്കെ കമ്യൂണിസം മാർക്സിസം …. വൈരുദ്ധ്യാത്മക ഭൗതികം എന്നൊക്കെ പറഞ്ഞ് ആളെ പേടിപ്പിക്കുകയല്ലായിരുന്നോ… നമ്മുടെ ഏരിയാ സെക്രട്ടറിക്ക് ഇതിനപ്പുറം എന്തോന്നറിയാം കുഞ്ഞിരാമാ…“ അബ്ദുളളക്കുട്ടി എന്ന അത്ഭുതക്കുട്ടിയെ ഇന്ന് ബ്രാഞ്ചിൽ തപ്പി നോക്കണം. പയ്യൻ പോയ പോക്കേ… ശിവരാമനും ആഞ്ചലോസും…. അങ്ങിനെ ലോക്കൽ പിളേളരുമടക്കം… ഒക്കെ തലതിരിഞ്ഞു പോകുകയാ… ഏരിയാ സെക്രട്ടറിക്ക് രണ്ടുനില വീടുവെച്ചാ എന്താപ്രശ്നം… അയാൾക്കും ജീവിക്കണ്ടേ? വേണം… അയാൾക്കു ജീവിക്കണം… രണ്ടുവർഷം മുമ്പ് അയാൾക്ക് എന്തായിരുന്നു പണി? കുഞ്ഞിരാമൻ നേരെ നോക്കുന്നില്ല…. പണി…… പണിയൊന്നുമില്ലായിരുന്നു…. ഇന്നോ…?
ഇന്ന് ഏരിയാ സെക്രട്ടറി….
വരുമാനം….?
ആവോ..?…. നായനാർക്ക് ഫ്ലാറ്റില്ലേ.. മോൾക്ക് രണ്ടരക്കിലോ സ്വർണം കൊടുത്തില്ലേ… അപ്പോപിന്നെ ഏരിയ സെക്രട്ടറിക്കും…
എന്നാ…. മാർക്സിസം ആ വഴിക്കുപോട്ടെ… (ചിരി..) കുഞ്ഞിരാമന്റെ കണ്ണുകൾ വിദൂരതയിലേക്ക്…
ഈ സാധനത്തെ ക്ഷമിക്കണം പാർട്ടിയെ നന്നാക്കാൻ ഡൽഹീന്ന് ചെലരെ ഇറക്കുമതിചെയ്തല്ലോ..? എന്നിട്ടെന്തായി… സ്വരലയ.. മാനവീയം…
എം.എ ബേബികൊച്ചിന്റെ കാര്യമാണോ?
ചെക്കനെ അവിടന്ന് ഓടിച്ചതാ.. വാറ്റുകാരൻ നമ്പോലനെ നമ്മൾ നാടുകടത്തിയില്ലേ…ഏതാണ്ടതുപോലെ…
കേരളം അർദ്ധപട്ടിണിയിലായപ്പോഴാ… മാനവീയത്തിന് അൻപതുകോടി…. പത്തുപൈസ നാട്ടിലെ കലാകാരന്മാർക്ക് കിട്ടിയോ ആവോ..? ഹിന്ദുസ്ഥാനിമയമല്ലായിരുന്നോ… ഗസൽ.. രുദ്രവീണ… ജലതരംഗം.. ചെക്കന്റെ പഴയ ആളുകളായിരുന്നേ… കുഞ്ഞിരാമാ… നാവനങ്ങുന്നില്ല.
കൊടിയേരി ബാലകൃഷ്ണൻ മകനെ കയറൂരി വിട്ടിരിക്കുകയല്ലേ… തല്ല്, വെട്ട്… കത്തിക്കുത്ത്.. മക്കളെ വളർത്തണമെങ്കിൽ ഇങ്ങിനെ വളർത്തണം. പാർട്ടിക്കു നല്ല പേരാകട്ടെ…
മറ്റൊരു കൂട്ടരുണ്ട്… കേരളത്തിന് ഡി.പി.ഇ.പി.. എന്റെ മക്കൾക്ക് ഇംഗ്ലീഷ് മീഡിയം… പാവപ്പെട്ടവന്റെ പിളേളര് പാർട്ടിയെ തിരിഞ്ഞുനോക്കാതെ വരരുതല്ലോ. അവനൊക്കെ രക്ഷപ്പെട്ടാ… പാർട്ടിക്കാരാ പോസ്റ്ററെഴുതാൻ.. ജാഥ നടത്താൻ.. തല്ലുകൊളളാൻ…
കുഞ്ഞിരാമൻ ദയനീയതയോടെ തിരിച്ചുചോദിച്ചു.
പാർട്ടി നേരയാകുമോ… ?
ആവും…
എങ്ങിനെ..?
പത്തിരുപതുകൊല്ലം തിരഞ്ഞെടുപ്പീന്ന് പാർട്ടി മാറിനില്ക്കണം.. അഴുക്കുകൾ എല്ലാം ഒലിച്ചു പോയ്ക്കൊളളും.. പിന്നെ കുഞ്ഞിരാമന്റെ പോലുളളവർ തച്ചോളി ഒതേനന്മാരാകണം. മുഖത്ത് നോക്കി കാര്യം പറയണം.
ഇത് കേട്ടപാതി കേൾക്കാത്തപാതി… കുഞ്ഞിരാമൻ ചന്തയിലേയ്ക്ക് ഓടി…
കുഞ്ഞിരാമാ… ഇതെങ്ങോട്ടാ…. മീൻകാരത്തി സുമതി.
ഒരു ചൂരല് വാങ്ങാൻ… നല്ല വളളിചൂരല്..
എന്തോന്നിനാ……
ചന്തീലിട്ട് രണ്ട് പെടാകൊടുത്താൻ ചെലപ്പോ ചെലര് നന്നാവും.
സുമതി അൽപം നാണത്തോടെയും കോപത്തോടെയും കുഞ്ഞിരാമനെ… അല്ല ഒതേനനെ നോക്കി….
അതൊന്നും ശ്രദ്ധിക്കാതെ ഒതേനൻ ചന്തയിലേയ്ക്ക് വച്ചുപിടിപ്പിച്ചു.
Generated from archived content: chooral_kashayam.html Author: chanakyan