“ചേച്ചീ… ഇന്ന് ജോലിക്ക് പോക്വോ..?”
അർത്ഥം വെച്ചുകൊണ്ടുളള ചോദ്യം കേട്ടപ്പോൾ മന്ത്രി കുട്ടപ്പന്റെ ഭാര്യ ബീബി ജോൺ ഒന്നു കിടുങ്ങി. ചോദ്യം ചോദിച്ചത് ഒരു കുരുത്തംകെട്ട പത്രക്കാരനാ…. നാക്കിന് ഉളുപ്പില്ലാത്തവൻ.
ചുവരിലെ കുട്ടപ്പൻസാറിന്റെ പടത്തെ നോക്കി ദീർഘനിശ്വാസംവിട്ട് ഭാര്യ ബീബിജോൺ നെടുങ്ങനെ അങ്ങ് മറുപടി തുടങ്ങി.
“ഒരു കർഷക കുടുംബത്തീന്നു വരുന്ന എനിക്കറിയാം സർക്കാരിന്റെയും ജീവനക്കാരുടെയും ബുദ്ധിമുട്ട്. അപ്പോപിന്നെ സർക്കാർ സാമ്പത്തിക ദുരന്തത്തിലിരിക്കുമ്പം ജീവനക്കാർക്ക് അല്‌പം ത്യാഗം സഹിച്ചൂടേ……?”
“ശരിയാ ചേച്ചീ” പത്രക്കാരൻ വിടാനുളള ലക്ഷണമില്ല. “ത്യാഗം ചെയ്യണം- ഒരു പരിപാടിയിൽ മൂന്നു മന്ത്രിമാരെന്തിനാ… ഒന്നായി കുറച്ച് ത്യാഗം ചെയ്യണം. മന്ത്രിമാരുടെ തീറ്റയെടുപ്പ് ചുട്ട പപ്പടോം കഞ്ഞിയുമാക്കി ത്യാഗം ചെയ്യണം… ഫോറിൻ കാറീന്നെറങ്ങി സൈക്കിളേൽ യാത്ര ചെയ്ത് ത്യാഗം ചെയ്യണം; നിയമസഭകൂടൽ ലക്ഷങ്ങൾ ചെലവഴിക്കുന്ന പുതിയ മന്ദിരത്തിൽ നിന്ന് വല്ല പറമ്പിലോ പാടത്തോ ആക്കി ത്യാഗം ചെയ്യണം… ഇതൊക്കെയങ്ങ് ചേട്ടനോട് പറഞ്ഞ് പഠിപ്പിച്ച് കൊടുക്ക് ചേച്ചീ…”
ടീച്ചറായ ബീബിജോണിന്റെ ശബ്‌ദം മയത്തിലായി. പിന്നെ പത്രക്കാരെ നോക്കി ചിരിച്ച് ചിരിച്ച് തമാശയിലൊരു മറുപടി.
“നിങ്ങളൊക്കെ കളളന്മാരാ…എന്നേം ചേട്ടനേം തമ്മിതല്ലിക്കാനുളള വഴിയല്ലേ ഒരുക്കണത്… വേണേ ആ ചായേം കായവറുത്തതും തിന്നുപോയ്‌ക്കോ മക്കളേ…”
മന്ത്രി കാർത്തികേയൻ സാറിന്റെ ഭാര്യ സുലേഖ ടീച്ചർക്കും മറുപടി വെട്ടൊന്ന് തുണ്ടം രണ്ട്.. “സമരത്തിന് ഞാനില്ല..”
മന്ത്രി ബാബുദിവാകരന്റെ പ്രിയപത്‌നി ഇപ്പോൾ വിദ്യാർത്ഥിനിയായി വിലസുകയാണ്. എങ്കിലും പി.ജി. വിദ്യാർത്ഥിനിയായ ഡോ.സുധയും പണിമുടക്കിന് എതിരുതന്നെ. പണിമുടക്കെന്നു കേട്ടപ്പോൾ കാഞ്ഞിരത്തിന്റെ കയ്‌പായിരുന്നു ആ മുഖത്ത്.
മന്ത്രി കെ.സുധാകരൻ സാറിന്റെ വാമഭാഗത്തിന് കുറച്ചുകൂടി ധൈര്യമുണ്ട് എങ്കിലും ചെറിയ പേടിയുമുണ്ട്. സുധാകരൻ അവർകളുടെ ഭാര്യ സ്‌മിതടീച്ചർ പറഞ്ഞത് ഇങ്ങിനെ – “സ്‌കൂൾ തുറന്നാൽ ജോലിയിൽ കയറും തുറന്നില്ലേ കയറില്ല.” തുറക്കില്ലെന്ന് നിശ്‌ചയം.
ഇതെല്ലാം കേട്ട് ഒരു പത്രക്കാരൻ ഇങ്ങിനെ പറഞ്ഞുവത്രേ…
“ഇനിയിവർ മന്ത്രിഭാര്യസർക്കാർജീവനക്കാർയൂണിയൻ എന്ന സംഘടന രൂപീകരിക്കും. പിന്നെ തല്ലുകൊളളാതിരിക്കാനും ബന്ധം ഒഴിയാതിരിക്കാനും താത്‌പര്യമുളളതിനാൽ ചെകുത്താനും കടലിനും ഇടയിലുളള ഈ സർക്കാർ ജീവനക്കാരികൾ ഒടുവിൽ ചെകുത്താൻമാരോടടുത്ത് ജോലിയിൽ പ്രവേശിക്കും.”
പിൻകുറിപ്പ്‌ഃ- ഭർത്താക്കന്മാർക്കെതിരെ സംസാരിക്കാത്ത, പ്രവർത്തിക്കാത്ത ഈ ഭാര്യാരത്‌നങ്ങളോട് ഒരു ചോദ്യം.
“ഈ സമരം വിജയിക്കുകയും ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്താൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും…?”
എല്ലാവരുംകൂടി ഒരു കളളച്ചിരി. പിന്നെ ഇങ്ങിനെ പറയുമായിരിക്കും.
“ഓ.. ഒന്നും അറിയാത്തതുപോലെ.. എന്തൊക്കെയായാലും ഞങ്ങളും ജീവനക്കാരല്ല്യോ…”
Generated from archived content: chanakyan.html Author: chanakyan