ആഞ്ഞുപിടിച്ചാൽ എനിക്കുംകിട്ടും നോബൽ സമ്മാനം

“ഒന്നാഞ്ഞുപിടിച്ചാൽ ഇദ്ദേഹത്തിനും കിട്ടും നോബൽ സമ്മാനം” മൈക്കിനുമുന്നിൽനിന്നുളള നിരൂപകന്റെ അലർച്ചകേട്ട്‌ കവിപോലും തളർന്നുപോയി. കവിതയെഴുത്ത്‌ എന്തോന്ന്‌ വടംവലിയാണോ എന്ന്‌ ബിസ്‌ക്കറ്റും ചായയും കുടിക്കാൻ എത്തിയ സാഹിത്യാസ്വാദകരും കരുതിപോയി. പറഞ്ഞിട്ടുകാര്യമില്ല, സാഹിത്യമല്ലേ എന്തും സംഭവിക്കാം. ജീവിതപ്രാരാബ്‌ധങ്ങൾക്കിടയിൽ സമയം തല്ലിക്കൂട്ടി ഒപ്പിച്ച്‌ കവിതയെഴുതുക എന്ന ധീരകൃത്യം നടത്തിയ ഒരു കവിദേഹത്തിന്റെ കവിതകളെക്കുറിച്ചുളള ചർച്ചാവേളയിലാണ്‌ ഒരു നിരൂപകവീരൻ ഇങ്ങിനെ അലറിയത്‌.

“എന്തോന്നാ തോമേ;…. ഈ നോബൽ സമ്മാനം എന്നത്‌ അങ്ങനെ പെട്ടന്നു കിട്ടുന്ന സാധനമോ മറ്റോ ആണോ.. ഹേ?”

പുഷ്‌ക്കരന്റെ ചോദ്യംകേട്ട തോമ ശ്വാസം ആഞ്ഞുവലിച്ചാണ്‌ ഉത്തരം പറഞ്ഞത്‌.

“ആഞ്ഞുവലിച്ചാൽ കിട്ടാത്തതുവല്ലതുമുണ്ടോടാ പുഷ്‌ക്കരാ..”

-ഹെന്റീശോയേ ഇനിയീ പുഷ്‌ക്കരൻ വീട്ടിച്ചെന്ന്‌ ആഞ്ഞുപിടിച്ചു കവിതയെങ്ങാനും എഴുതിക്കളയുമോ ആവോ..? – ബാക്കി തോമ സംശയമായി മനസ്സിൽ തന്നെ ഒതുക്കി.

നാട്ടുകാരുടെ വർത്തമാനമങ്ങുപോകട്ടെ- പിറ്റെദിവസം മുതൽ കവിദേഹത്തിന്റെ നടപ്പുകണ്ടിട്ട്‌ വീട്ടുകാർക്കും നാട്ടുകാർക്കും സഹിക്കാൻ പറ്റിയില്ല. അദ്ദേഹം ഭൂമിയിലും ആകാശത്തിലുമല്ലായിരുന്നു. അതിനിടയിലെവിടെയോ ആണ്‌ നില്പ്‌. കടക്കാരെ കണ്ടപ്പോൾ കാശുകൊടുക്കാനുണ്ടെന്ന വിചാരംപോലുമില്ല. ഭാര്യയോട്‌ മിണ്ടാട്ടമില്ല. ഒരേ ചിന്തയാ- കടൽത്തീരം, വയൽവരമ്പ്‌, കളളുഷാപ്പിൽനിന്ന്‌ മാറി ബാറിലെ ഇരുണ്ടമുറി ഇവയൊക്കെയായി ടിയാന്റെ കേന്ദ്രങ്ങൾ. തെറുപ്പുബീഡിയിൽ നിന്ന്‌ ഫിൽട്ടർ വിൽസിലേക്ക്‌ വലിനീങ്ങി. ഒരു നിരൂപകൻ ചെയ്‌ത പണിയേ… തലേദിവസം രണ്ടുകുടം കളള്‌ ഒരുമിച്ചടിച്ചതിന്റെ നന്ദി കാണിച്ചതാ… കവി സുഹൃത്തിനെ അങ്ങ്‌ നോബൽ സമ്മാന നേതാവിനുതുല്ല്യമാക്കിയില്ലേ..

ഇനി മറ്റൊരു വർഗ്ഗമുണ്ട്‌. അവതാരിക എഴുത്തുകാരും – കാരികളും. ഇവർ ചെയ്യുന്ന പാതകങ്ങൾക്ക്‌ കയ്യും കണക്കുമുണ്ടാവില്ല. കുറച്ചുനാൾക്കുമുമ്പ്‌ ഉദ്യോഗസ്ഥനായ ഒരാൾ തട്ടിയുംമുട്ടിയും കൈയിലെ കാശുമുടക്കി ഒരു കവിതാപുസ്തകം പുറത്തിറക്കി. അവതാരിക ഇല്ലാതെ എന്തോന്ന്‌ പുസ്‌തകം. അദ്ദേഹം അവതാരികയും എഴുതിച്ചു; വെറുതെ തെക്കുവടക്കു നടക്കുന്നവരെ കൊണ്ടല്ല, കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരൂപകസിംഹിയെകൊണ്ട്‌. മൈക്കു കൊടുത്താൽ അനന്തമായി വർത്തമാനം പറഞ്ഞ്‌ സദസ്യരെ കുരിശിലേറ്റുന്ന ഇവർക്ക്‌ ഈ അവതാരിക ഒരു പൊടിപൊടിപ്പനാക്കണമെന്ന്‌ തോന്നി; പിന്നെ ഒരു കാച്ചല്ലായിരുന്നോ.. ഈ കവി മലയാളത്തിന്റെ മയക്കോസ്‌ക്കിയാണത്രെ; ഇദ്ദേഹം ഇനി കേരളകവിതയുടെ ചക്രവർത്തിയാകും; എല്ലാ പ്രതിബന്ധങ്ങളേയും തകർക്കാനുളള ശേഷി ഇദ്ദേഹത്തിന്റെ തൂലികയ്‌ക്കുണ്ട്‌… അങ്ങിനെപോകുന്നു അവതാരിക. ഇതെല്ലാം തന്നെക്കുറിച്ച്‌ തന്നെയാണോ എന്ന്‌ വിശ്വസിക്കാൻ കഴിയാതെ കവി അങ്ങ്‌ ഇരുന്നുപോയി. താനിനി കവിതയെഴുതിയില്ലെങ്കിൽ അത്‌ മലയാളഭാഷയ്‌ക്ക്‌ തീരാനഷ്‌ടമായിരിക്കുമെന്ന്‌ കരുതി ഒരുനിമിഷംപോലും കവിത എഴുതുന്നതിൽ നിന്ന്‌ മാറിനില്‌ക്കാതിരിക്കാൻ ആ പാവം, സർക്കാർ ജോലിയും രാജിവെച്ചു. പിന്നെയങ്ങ്‌ എഴുത്തായിരുന്നു. ശ്വാസംവിടാൻപോലും സമയമില്ലാത്ത എഴുത്ത്‌. ദൈവം സഹായിച്ച്‌ അയച്ചുകൊടുത്തതെല്ലാം പത്രമാപ്പീസീന്ന്‌ വടിപോലെ തിരിച്ചുവന്നു. പിന്നെ നേരിട്ടായി പത്രമാപ്പീസ്‌ തെണ്ടൽ. പാവം പണിയുംപോയി… ഇപ്പോ കവിതയും ഇല്ല. ഒരു നിരൂപകസിംഹി പറ്റിച്ച പണിയാണിത്‌.

സ്‌നേഹംനിറഞ്ഞ അവതാരക-നിരൂപകജീവികളോട്‌ ഒരുവാക്ക്‌. സൃഷ്‌ടിക്ക്‌ കുറവുണ്ടെങ്കിൽ മുഖത്ത്‌ നോക്കി കാര്യം പറയണം; നല്ലതാണെങ്കിൽ അംഗീകരിക്കുകയും വേണം. അല്ലാതെ ബഷീറിനുശേഷം കേരളം കണ്ട എഴുത്തുകാരൻ, ഒ.എൻ.വി.യുടെ പകരക്കാരൻ, ഈ നോവൽ കിഴവനും കടലിനും തുല്ല്യം; ദസ്‌തോസ്‌ക്കിയുടെ പുനർജ്ജന്മം എന്നൊക്കെ എഴുതിപ്പിടിപ്പിക്കാതെ ഉളള കാര്യം അങ്ങ്‌ പറഞ്ഞാൽ പോരെ… വെറുതെ ആളുകളെ കുഴിയിൽ ചാടിക്കുന്നതെന്തിന്‌… കാരണം സാഹിത്യകാരനെന്ന്‌ നാലാള്‌ പറഞ്ഞാൽ പിന്നെ ഒരു പണിക്കും പോകാത്ത കുറെയാളുകൾ നമ്മുടെ നാട്ടിലുണ്ട്‌. ക്ഷമിക്കണം….

Generated from archived content: aanjupidichal.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here