സ്നേഹപൂര്‍വ്വം അമ്മയ്ക്ക്….

ക്ഷേമമെന്ന് കരുതുന്നു.

എന്തൊക്കെയാണ് നാട്ടിലെ വിശേഷങ്ങള്‍. ഫോണിലൂടെ സംസാരിക്കുമ്പോള്‍ അമ്മയ്ക്ക് ശരിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് ശാരിചേച്ചി പറഞ്ഞതുകൊണ്ടാണ് കത്തെഴുതുന്നത്. മാത്രമല്ല, എന്റെ കത്തുകള്‍ വായിക്കുവാന്‍ അമ്മയ്ക്ക് മുന്‍പും ഇഷ്ടമായിരുന്നല്ലോ.

ഇത്തവണയും അച്ഛന്റെ ശ്രാദ്ധത്തിന് വരാന്‍ കഴിഞ്ഞില്ല. അന്ന് സുധിയേട്ടന്‍ കമ്പനിയാവശ്യത്തിനായി ടൂറിലായിരുന്നു. ഇവിടെ കാര്യങ്ങള്‍ ഒരുവിധം തട്ടി മുട്ടി പോകുന്നു. ബോബെയിലെ ചിലവിനെക്കുറിച്ച് അമ്മയ്ക്കറിയാമല്ലോ. രണ്ടാഴ്ചയെ ഇവിടെ നിന്നുള്ളൂവെങ്കിലും കാര്യങ്ങള്‍ അമ്മയ്ക്ക് ബോധ്യപെട്ടതാണല്ലോ.

അമ്മു എപ്പോഴും മുത്തശ്ശിയെക്കാണാന്‍ കൊതിയായെന്ന് പറയും. പക്ഷെ ഈ വെക്കേഷനും വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നാട്ടില്‍ വന്നു പോരാനുള്ള ചിലവോര്‍ക്കുമ്പോള്‍തന്നെ ഭയമാണ്. കഴിഞ്ഞ ദീപാവലി വെക്കേഷന്‍ സമയത്ത് ഹൗസിങ്ങ് സൊസൈറ്റിയിലെ എല്ലാവരും കൂടി മലേഷ്യയിലും സിംഗപ്പൂരും ടൂറിന് പോയപ്പോള്‍ ഞങ്ങളും പോയിരുന്നല്ലോ അതുകൊണ്ട് സുധിയേട്ടന് ഇനി ലീവ് കിട്ടുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇവിടെ ബാത്ത് റൂമിലും കിച്ചണിലും കുറച്ച് മെയിന്റനന്‍സ് പണിയുണ്ട്. അത് മുഴുവനാക്കാന്‍ തന്നെ നല്ലൊരു തുക വേണ്ടിവരും. നാട്ടിലേക്കുള്ള യാത്ര പിന്നീടാകാമെന്ന് കരുതുന്നു.

അമ്മ അന്ന് കണ്ണ് ഓപ്പറേഷന്റെ കാര്യം പറഞ്ഞിട്ട് എനിക്ക് ഒന്നും അയക്കാന്‍ കഴിഞ്ഞില്ല. അത് ബാലേട്ടന്‍ നടത്തിത്തന്നല്ലോ. ചേട്ടനാകുമ്പോള്‍ ആ പണം കമ്പനിയില്‍ നിന്നും തിരിച്ചുകിട്ടുമെന്ന് ശാരിചേച്ചി പറഞ്ഞു. ആശുപത്രി ബില്ലുകള്‍ പെരുപ്പിച്ച് കാട്ടി ചേട്ടന്‍ എത്ര തുക മുതലാക്കിയിട്ടുണ്ടാകുമോ ആവോ…

പെരുമ്പാവൂരിലെ സതിചേച്ചി വെക്കേഷന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്തയക്കണമെങ്കില്‍ പറയണം. കൊണ്ട് വരാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്തോ?

അപ്പുറത്ത് താമസിക്കുന്ന നമ്മുടെ ശ്രീവത്സന്‍ പുതിയ കാറ് വാങ്ങി. ഇവിടെയും അത്തരത്തിലൊന്ന് വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. അമ്മയുടെ സഹകരണ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി തീരാറായെന്നു തോന്നുന്നു. മാനേജര്‍ ശശിധരന്‍ മകളുടെ കല്യാണത്തിന് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ സുധിയേട്ടനോട് പറഞ്ഞതാണ്. പുതിയ കാറ് വാങ്ങുന്ന കാര്യം തീരുമാനമായാല്‍ അമ്മ ഒന്ന് സഹായിക്കേണ്ടിവരും.

വാതത്തിന്റെ ബുദ്ധിമുട്ട് എങ്ങനെയുണ്ട്. ചികിത്സാകാര്യങ്ങള്‍ കൃത്യമായി നോക്കുന്നില്ലേ. രണ്ട് മാസമെങ്കിലും അമ്മയെ ഇവിടെ കൊണ്ടു വന്ന് നിര്‍ത്തണമെന്ന് ഞങ്ങള്‍ക്ക് വല്ലാത്തമോഹമാണ്. പക്ഷെ അമ്മയുടെ പഥ്യവും മറ്റും ഇവിടെ എളുപ്പമല്ലല്ലോ. പിന്നെ എല്ലാമാസവും പെന്‍ഷനും വാങ്ങേണ്ടതല്ലേ. പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതായി ടി.വി. വാര്‍ത്തയില് കണ്ടിരുന്നു. അമ്മയ്ക്കും കൂടുതല്‍ കിട്ടിത്തുടങ്ങിയോ..?

ചിന്നുവിന് ചില കല്യാണാലോചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ വില ഞാന്‍ പറയാതെ തന്നെ അമ്മയ്ക്കറിയാമല്ലോ. അമ്മയുടെ ആഭരണങ്ങള്‍ എല്ലാം ലോക്കറില്‍ തന്നെയുണ്ടല്ലോ അല്ലേ. ഭാഗ്യത്തിന് തറവാട്ടില്‍ ഒരു പെണ്‍കുട്ടിയുള്ളത് ചിന്നുവാണല്ലോ. അമ്മയുടെ പേര് തന്നെ അവള്‍ക്കിടണമെന്ന് അന്ന് നിര്‍ബന്ധം പിടിച്ചത് സുധിയേട്ടനാണ്. എങ്കിലും ഭാഗം വെച്ചപ്പോള്‍ വീട് ചേച്ചിക്ക് നല്‍കിയത് ശരിയായില്ലെന്ന് ഇടയ്ക്ക് സുധിയേട്ടന്‍ സൂചിപ്പിച്ചിരുന്നു. അതു സാരമില്ല നമ്മുടെ തറവാടിന്റെ സല്പ്പേരിനനുസരിച്ച് അമ്മുവിനെ ഇറക്കിവിടാതെ പറ്റില്ലല്ലോ എന്തിനും ഏതിനും അമ്മയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.

അമ്മു സ്കൂളില്‍ നിന്നും വരാറായി, അരമണിക്കൂര്‍ മുമ്പ് എ.സി.ഓണ്‍ ചെയ്തില്ലെങ്കില്‍ അവള്‍ വഴക്കുണ്ടാക്കും.

ഇവിടെ അല്പം ബുദ്ധിമുട്ടാണെങ്കിലും അമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ മടിക്കരുത്. ബാക്കി വിശേഷങ്ങള്‍ അടുത്ത കത്തിലെഴുതാം.

എന്ന്, സ്നേഹപൂര്‍വ്വം ശാലിനി.

Generated from archived content: story1_aug18_11.html Author: cg_warrier

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here