ഗുഡ് ബൈ

എന്റെ മകള്‍ ഋതുമതിയായി
തിരണ്ടു കല്ല്യാണം നടത്താന്‍
ഇതു നാടല്ലല്ലോ, പഴയ കാലാവുമല്ല.

മകള്‍ ഫേസ് ബുക്കിലൂടെയും
ശ്രീമതി മൊബൈലിലൂടെയും
ബദ്ധുക്കളേയും കൂട്ടുകാരേയും
വിശേഷമറിയിച്ചു സംതൃപ്തിയടഞ്ഞു.

എനിക്കറിയാന്‍ രണ്ടേ രണ്ടു
സുഹൃത്തുക്കള്‍ മാത്രം
എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും
പങ്കുവയ്ക്കാന്‍ ഏകജാലക സംവിധാനത്തില്‍
വിശ്വസിക്കുന്നവര്‍.

ശനിയാഴ്ച്ത്തെ ‘ ഹാഫ് ഡേ’
ഇടത്തെരം ബാറിലെ
രണ്ടോ മൂന്നോ പെഗ്ഗില്‍ ഒതുങ്ങുന്നവര്‍

എനിക്ക് ഭയമായിരുന്നു
മകള്‍ വലുതാകുന്നെന്ന ഭയം

ഓവര്‍ ബ്രിഡ്ജുകളില്‍, പാര്‍ക്കുകളില്‍
നേര്‍ത്ത ഇരുള്‍ വീഴുന്ന കോണുകളില്‍
പ്രണയം ശാരീരികമായി പങ്കുവക്കുന്ന
കൗമാരങ്ങള്‍ എന്നെ അസ്വസ്ഥനാക്കി
എന്റെ മകളും…..

മൊബൈല്‍ ഫോണിലൂടെ ശൃംഗാരം
പോഴിച്ചുകൊണ്ടുള്ള കോളേജ് കുട്ടികളുടെ
അലസമായ ലെവല്‍ക്രോസിംഗ് കാഴ്ചകള്‍
എന്നെ എന്തിനെന്നില്ലാതെ അലട്ടാന്‍ തുടങ്ങി.
എന്റെ മകളും…..

ഇന്റെര്‍നെറ്റ് സൌഹൃദകൂട്ടായ്മകളും
പ്രേമവും ഒളിച്ചോട്ടവും
ആത്മഹത്യാ വാര്‍ത്തകളും
എന്നെ ചകിതനാക്കുന്നു.
എന്റെ മകളും….

അപ്പുറത്തെ ഫ്ളാറ്റില്‍ ഇടക്കിടെയുണ്ടാകുന്ന വഴക്ക്
മകളെ ആരുടേയോ ബൈക്കിന്റെ പറകില്‍
നിരന്തരം കാണുന്ന അച്ഛന്റെ
പ്രതികരണമറിഞ്ഞപ്പോള്‍
മനസ്സ് അറിയാതെ തേങ്ങി.
എന്റെ മകളും

കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന
പൊന്നോമനയെ നിരന്തരം ശ്രദ്ധിക്കണമെന്ന്
വാമഭാഗത്തിനോട് താക്കീതു പോലെ പറഞ്ഞപ്പോള്‍
അവളുടെ കണ്ണിലും ഭയത്തിന്റെ
വൈഡൂര്യം തിളങ്ങിയോ ആവോ….

അവസാനത്തെ പെഗ്ഗും തീര്‍ത്ത്
സുഹൃത്ത് പുലമ്പാന്‍ തുടങ്ങി
ഇനി മകള്‍ വലുതാകണം, വരനെ കണ്ടെത്തണം
നാട്ടുകാര്‍ ‘അയ്യേ’ എന്നു പറയാത്ത വിധത്തില്‍
വിവാഹം നടത്തണം.
അതുവരെ ഹൃദയത്തിലെ
നെരിപ്പാടില്‍ ഈ അഗ്നി
ജ്വലിക്കുമെന്നുപദേശിച്ചുകൊണ്ട്
സുഹൃത്ത് ഗ്ലാസ്സ് കമഴ്ത്തി
ഗുഡ് ബൈ……

Generated from archived content: poem1_nov9_11.html Author: cg_warrier

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here