ഐ സി യു വിന്റെ ഗ്ലാസ്സ് വാതിലിനപ്പുറം
കൂട്ടായ പാദപതന ശബ്ദം കേള്‍ക്കുന്നുണ്ടോ
പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കും
അകത്തേക്ക് പ്രവേശനമില്ലല്ലോ.
കൂട്ടത്തില്‍ ആരെയാണ് വിശ്വസിക്കാനാകുക
മരണശേഷം ചാനലുകളില്‍,
പത്രങ്ങളുടെ മുന്‍പേജുകളില്‍ നിറഞ്ഞു നില്‍ക്കാന്‍
ആരെയാണ് മീഡിയ മനേജ്മെന്റ് ഏല്‍പ്പിക്കുക.
ശ്വാസം നിലച്ചാല്‍, മെഡിക്കല്‍ ബുള്ളറ്റിനില്‍
മരണം സ്ഥിതീകരിച്ചു കഴിഞ്ഞാല്‍
പതിമൂന്നാം നാള്‍ വക്കീല്‍ നോട്ടീസയക്കാന്‍
കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ എന്തേല്‍പ്പിക്കാന്‍
ശീതീകരിച്ച തന്റെ ഓഫീസിലിരുന്ന്
വിതരണം ചേയ്യുന്ന കോപ്പികളുടെ
എണ്ണം പെരുപ്പിച്ച് പറഞ്ഞ്
പണം കെട്ടുകെട്ടായ് കൈനീട്ടി വാങ്ങിയ
പാപ്പരാസികളില്‍ ആരെയെങ്കിലും
ദൗത്യം ഏല്‍പ്പിച്ചാലോ.
വില്പത്രത്തില്‍ മരണശേഷമുണ്ടാകാനുള്ള
അനുസ്മരണങ്ങളും , അനുശോചന സന്ദേശങ്ങളും
പ്രസിദ്ധീകരിക്കാനും, ടെലികാസ്റ്റു ചെയ്യാനും
തുക വകയിരുത്തിയാലോ…
ഛെ… അതു നാണകേടാകും
പകരം ബിനാമി പേരിലുള്ള
ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യം നല്‍കാം.
വൈകിയെത്തിയ ശാസ്ത്രപുരോഗതിയെ
ഇമ്പമാര്‍ന്ന കോള്‍സെന്റര്‍ മോഴികളിലൂടെയും
ഫൈവ്സ്റ്റാര്‍ ഡിന്നറുകളുടേയും അകമ്പടിയോടെ
കോര്‍പ്പറേറ്റ് ബിസിനസ്സ് ഭീമനാകാന്‍
കഴിഞ്ഞ തനിക്കെന്തേ ഈ ആധി.
വായുവും, വെള്ളവും, വാതക, ഇന്ധനങ്ങളും
കുഴിച്ചെടുക്കാനും, തോന്നിയ വിലയ്ക്ക് വില്‍ക്കാനും
അധികാരപ്പട്ടം ലഭിച്ച തനിക്കെന്തേ ഈ ഭീതി
മുണ്ടുമുറുക്കിയുടുത്തും,ടാക്സ് വെട്ടിച്ചും
ബ്യൂറോക്രാറ്റുകള്‍ക്കും, ടെക്നോക്രാറ്റുകള്‍ക്കും
പല ഇസങ്ങള്‍ പറയുന്ന രാഷ്ട്രീയക്കാര്‍ക്കും
ആതിഥ്യവും സമ്പത്തും ആവശ്യമുള്ളെതെല്ലാം നല്‍കി
അടുത്ത നൂറു തലമുറക്ക് വേണ്ടെതെല്ലാം നേടിയ
തനിക്കന്തേ അവഗണിക്കാനാവാത്ത ഈ ആധി.
ആഴക്കടലിലും അന്യഗ്രഹങ്ങളിലും
ആഗ്രഹിച്ചതെല്ലാം വില്പ്പനക്ക് വയ്പ്പിക്കാനും
നൂറുകൊല്ലം മുന്‍പുള്ള വിലക്ക് വാങ്ങിക്കാനും കഴിഞ്ഞ
ആഗോള ബിസിനസ് ഭീമനെന്തേ ഈ ആധി
ശ്വാസം നിലക്കുമ്പോള്‍ ഓര്‍മ്മ മറയുമ്പോള്‍
കേള്‍വി മരവിക്കുമ്പോള്‍, കാഴ്ച മങ്ങുമ്പോള്‍
സ്വന്തം വിമാനത്തിലല്ലാത്ത …… ദിശയറിയാത്ത…
ആധികളൊന്നും അവസാനിക്കാത്ത യാത്ര.
Generated from archived content: poem1_jan4_12.html Author: cg_warrier