ലോകം നേരിടുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കീടങ്ങളേയും ഷണ്ഡ്പദങ്ങളേയും കൂടുതലായി ആഹാരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചള്‍ ഓര്‍ഗനൈസേഷന്‍ ന്യൂയോര്‍ക്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു . ഇത് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ കൊച്ചി എഡിഷനില്‍ മെയ് 14 ന് മുന്‍ പേജില്‍ വാര്‍ത്തയായി പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു അതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
100 ഗ്രാം മാട്ടിറച്ചിയില്‍ 27 ഗ്രാം മാത്രം പ്രോട്ടീനുള്ളപ്പോള്‍ 100 ഗ്രാം ശലഭപ്പുഴുവില്‍ 28 ഗ്രാമില്‍ അധികം പ്രോട്ടീനുണ്ടെത്രെ. അത്പോലെ കാത്സ്യത്തിന്റെ അളവ് മാട്ടിറച്ചിയില്‍ പൂജ്യമായിരിക്കുമ്പോള്‍ ഒരു പച്ചത്തുള്ളനില്‍ അത് 35 ഗ്രാമും ചാണകവണ്ടില്‍ 30 ഗ്രാമും ആണ്. കീടങ്ങളുടെ സുലഭതയും അവയുടെ വംശവര്‍ധനയും റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. ഒരു ചീവീടിനു ആവശ്യമായ തീറ്റയുടെ 12 മടങ്ങ് തീറ്റ കിട്ടിയാലേ ഒരു പശുവിനും ഒരു ചീവീടിന്റെ അളവോളം പോഷകങ്ങള്‍ സ്വന്തം ശരീരത്തില്‍ ഉണ്ടാക്കുവാന്‍ കഴിയൂ. അതുപോലെ തന്നെ കീടങ്ങളുടെ വിസര്‍ജ്യത്തിലുള്ള അമോണിയയുടെ അളവും മറ്റ് മാംസദാതാക്കളേക്കാള്‍ കുറവാണെത്രെ.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ അരിവില കുത്തനെ കൂടിയപ്പോള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് മുട്ടയും പാലും മറ്റും ഇതിനു പകരമായി കഴിച്ചുകൂടാ എന്നുള്ള ഒരു മന്ത്രിയുടെ പ്രസ്താവന വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്നാല്‍ യുന്‍ എന്‍ റിപ്പോര്‍ട്ട് പട്ടിണിക്കാരും അര്‍ധപട്ടിണിക്കാരുമായ ലോകത്തെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കുന്നു . ആഴ്ചയില്‍ ഒരു കിലോ മാട്ടിറച്ചി വാങ്ങി ഭക്ഷിക്കുന്ന നമ്മുടെ പാവപ്പെട്ട സഹോദരി -സഹോദരങ്ങള്‍ നാട്ടിന്‍ പുറങ്ങളിലും കുറ്റിക്കാട്ടിലുമൊക്കെ നടന്ന് ഒരു കിലോ ശലഭപ്പുഴുക്കളെ തേടിപ്പിടിക്കുക പിന്നീട് അതിനെ വേവിച്ച് കുരുരുമുളകു പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ആവശ്യത്തിനു മസാല എന്നിവ ചേര്‍ത്ത് പാചകം ചെയ്ത് കഴിക്കുക, പോക്കറ്റ് കാലിയാകുന്നുമില്ല എന്നാല്‍ ആമാശയം നിറയുകയും ചെയ്യുന്നു.
ശലഭപ്പുഴുക്കളെ വേട്ടയാടാന്‍ ഇറങ്ങുമ്പോള്‍ പച്ചക്കുതിരകളേയും ചീവീടുകളേയും വെറുതെ വിടേണ്ടതില്ല. അവയും വിശിഷ്ട ഭോജ്യം തന്നെ. അതിനിടയില്‍ ചാണകത്തില്‍ ചവിട്ടിയാലോ സന്തോഷിക്കുക ചാണകവണ്ട് പ്രോട്ടീനടങ്ങിയ അസ്സല്‍ ഭക്ഷണവസ്തു തന്നെ.
ഇനി ഭക്ഷ്യ വസ്തുക്കളായി പരീക്ഷിക്കാന്‍ ഈച്ചയും ഞാഞ്ഞൂലും മാത്രമേ ബാക്കിയുള്ളു. നൂഡിത്സ് വളരെ പോപ്പുലറായ ഈ കാലത്ത് ഞാഞ്ഞൂലുകള്‍ നല്ല രീതിയില്‍ മേശയില്‍ ഭാവിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
ഫിലിപ്പെന്‍സില്‍ പട്ടിയിറച്ചി വളരെ പോപ്പുലറാണ്. അതുപോലെ തായ് ലണ്ടിലും ചൈനയിലുമൊക്കെ പാമ്പ് തേള്‍ പാറ്റ ഇവയൊക്കെ വിശിഷ്ട ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. മനുഷ്യന്‍ അനുദിനം പെറ്റു പെരുകി കൊണ്ടിരിക്കുകയും കൃഷി സ്ഥലങ്ങള്‍ നാള്‍ക്കു നാള്‍ കുറഞ്ഞു വരുകയും ചെയ്യുന്നു. അപ്പോള്‍ നമ്മുടെ ഭക്ഷണക്രമങ്ങളും മാറ്റേണ്ടത് കാലത്തിന്റെ ആവശ്യമായി വരും. പിന്നെ പ്രകൃതി സ്നേഹികളും ജൈവകൃഷിക്കാരും ചൂണ്ടയീല്‍ മീന്‍ പിടിക്കുന്നവരുമൊക്കെ മേല്പറഞ്ഞ ഭക്ഷണരീതിയെ എതിര്‍ത്തേക്കാം. മനുഷ്യന്‍ ഭാവിയില്‍ പണ്ടത്തെപ്പോലെ നരഭോജികളായി മാറാതിരിക്കുവാന്‍ ഇതു പോലുള്ള രീതികള്‍ അവലംബിക്കേണ്ടി വരും. പൊതുവെ നമ്മള്‍ കേരളീയര്‍ക്കും മറ്റും കൃമി കീടങ്ങളോട് മാനസികമായി ഒരു തരം അറപ്പും വെറൂപ്പും മാണ്. പാറ്റയെ പലര്‍ക്കും പേടിയാണ്. കോളേജുകളിലും മറ്റും രണ്ടാം ഗ്രൂപ്പെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രം നിവര്‍ത്തിയില്ലാതെ പാറ്റയെ പിടിക്കാനും കീറിമുറിക്കാനും തയാറാകുന്നുവെന്നു മാത്രം. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വായിച്ച് ഉല്‍ബുദ്ധരായ നമ്മള്‍ എന്തിനു നമുക്കു ചുറ്റുമുള്ള കീടങ്ങളെ കണ്ടില്ലെന്നു നടിക്കണം? വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിനു നാട്ടില്‍ തെണ്ടി നടപ്പൂ എന്ന പരസ്യ വാചകം പോലെ നാട്ടില്‍ കൃമി കീടങ്ങള്‍ സുലഭമെങ്കില്‍ എന്തിനു വെറുതെ വീട്ടില്‍ പട്ടിണി കിടക്കുന്നു എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.
Generated from archived content: essay2_nov13_13.html Author: cg_jayachandran