വിത്തുകളിലെ പണിയായുധങ്ങൾ

നാടൻ ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ കരുത്ത്‌ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളാണ്‌ പരമ്പരാഗത കൃഷിക്കാരുടെ പണിയായുധങ്ങൾ. സ്വന്തം പരിസരത്തുളള വിഭവങ്ങളെ സർഗ്ഗാത്‌മകമായി പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയവയാവിരുന്നു ഇവ. ഓരോ പണിയായുധത്തിന്റെ നിർമ്മിതിയിലും പ്രദേശത്തിനനുസരിച്ച വൈവിധ്യവും സൂക്ഷമതയും ശാസ്‌ത്രീയതയും കാണാനാകും. മണ്ണുമായി ആരോഗ്യകരമായി താദാത്‌മ്യപ്പെടുന്നവ കൂടിയാണ്‌ ഈ പണിയായുധങ്ങൾ. അക്രമോത്‌സുക കൃഷിരീതിയിൽ പണിയായുധങ്ങൾ മണ്ണിനേയും ജൈവാംശങ്ങളേയും നശിപ്പിക്കുന്നവ കൂടിയാണല്ലോ. ഏതിനാണ്‌ കൂടുതൽ ശാസ്‌ത്രീയത എന്ന ചോദ്യമുയരുന്നതിപ്പോഴാണ്‌. സർവ്വകലാശാലകളിലെ ശാസ്‌ത്രജ്ഞരുടെ സിദ്ധാന്തമനുസരിച്ച്‌ രൂപപ്പെടുത്തിയ പണിയായുധങ്ങൾക്കോ, പാരമ്പര്യ കൃഷിക്കാരുടെ നാട്ടറിവുകളാൽ രൂപപ്പെട്ട പണിയായുധങ്ങൾക്കോ? വയനാട്ടിലെ നടവയലിനടുത്ത ചീങ്ങോട്‌ ഗ്രാമത്തിലെ പാരമ്പര്യകൃഷിക്കാരായ ചെട്ടിമാരുടെ വീടുകളിലെ പണിയായുധങ്ങൾ താഴെ വിവരിക്കുന്നു. കല്ലും മരവും മുളയും ഇരുമ്പുമാണ്‌ ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്‌. രണ്ട്‌ കാളകളാണ്‌ വണ്ടി വലിക്കുക. ഒരാൾ കാളകളുടെ പിന്നിലായി തെളിക്കാനും ഒരാൾ കറ്റ കുടഞ്ഞിടാനുമുണ്ടാകും. ചാണകം മെഴുകിയമുറ്റത്ത്‌ വെണ്ണീറ്‌കൊണ്ട്‌ ചെട്ടിമാർ പണിയായുധങ്ങളുടെ ചിത്രം വരക്കും. അതിനുമുകളിലായി കറ്റ വിരിക്കുന്നു പിന്നെയാണ്‌ ഒക്കൽവണ്ടി നിരങ്ങിനീങ്ങുക. നെല്ല്‌ കൊഴിക്കൽ കഴിഞ്ഞ്‌ ഗുളികന്‌ തേനും അവലും കൊടുക്കും. ‘ഒക്കൽപാട്ടും’ ഇവർക്കുണ്ടായിരുന്നു. സംസ്‌ക്കാരത്തിന്റെ ആദിരൂപങ്ങൾ.

ഒക്കൽവണ്ടി ഃ കൃഷിക്കാർ വൈവിധ്യമാർന്ന രീതികൾ നെല്ലുകൊഴിക്കുന്നതിനുപയോഗിച്ചിരുന്നു. കൊയ്‌ത്ത്‌ കഴിഞ്ഞ്‌ കറ്റ കളത്തിലിട്ട്‌ നെല്ലുകൊഴിക്കാനാണ്‌ ഒക്കൽവണ്ടി ഉപയോഗിക്കുന്നത്‌.

ചൂൽ ഃ കുറുന്തോട്ടി വേര്‌ കൊണ്ടുണ്ടാക്കിയതാണീ ചൂൽ. ഒക്കൽ കളം വൃത്തിയാക്കാൻ ഈ ചൂലാണ്‌ ഉപയോഗിച്ചിരുന്നത്‌.

പൊലിമാന്തി ഃ ഒക്കൽ (നെല്ല്‌ കൊഴിക്കൽ) കഴിഞ്ഞ്‌ നെല്ല്‌ വലിച്ച്‌ കൂട്ടാൻ ഉപയോഗിക്കുന്ന മുളയും മരവും ഉപയോഗിച്ചുണ്ടാക്കിയ സ്വരൂപമാണ്‌ പൊലിമാന്തി.

ചാണകക്കൊട്ട ഃ ഒക്കൽ നടക്കുമ്പോൾ കന്നുകാലികൾ ഇടുന്ന ചാണകം നിലത്തു വീഴാതെ കോരിയെടുക്കാനുപയോഗിക്കുന്നതാണ്‌ ചാണകക്കൊട്ട. ഒറ്റമുളയിൽ ഒരറ്റം കൊട്ട രൂപത്തിൽ നെയ്‌തെടുത്താണിവയുണ്ടാക്കുന്നത്‌.

കൊക്ക ഃ കറ്റ കളത്തിലിട്ട്‌ ഇളക്കാനുപയോഗിക്കുന്ന മുളകൊണ്ടുളള രൂപമാണ്‌ കൊക്ക.

ഒറ്റമൂലമുറം ഃ ഒറ്റമൂലമുറം കവറ സമുദായക്കാർ മാത്രമേ ഉണ്ടാക്കുകയുളളൂ. ഒറ്റമൂല മുറത്തിൽ നെല്ല്‌ ചേറാൻ പ്രത്യേക വൈഭവം വേണം. ആദിവാസികൾക്കും മുസ്‌ലീമുകൾക്കും ഒറ്റമൂല മുറത്തിൽ നെല്ല്‌ ചേറാൻ പ്രത്യേക വൈഭവമുണ്ട്‌.

പൊലിമ്പാറ്റ ഃ നെല്ലിലെ പതിര്‌ വീശി കൊഴിക്കാൻ വയനാട്ടിലെ ആദിവാസികൾ ഉപയോഗിച്ചിരുന്നതാണ്‌ പൊലിമ്പാറ്റ. മുളയുപയോഗിച്ചാണ്‌ ഇവയുണ്ടാക്കുന്നത്‌.

പക്ക ഃ കണ്ടത്തിലെ പുല്ല്‌ മാന്തിയിളക്കുന്നതിനാണ്‌ പക്ക ഉപയോഗിക്കുന്നത്‌. മുളകൊണ്ട്‌ നിർമ്മിച്ച പക്ക കന്നുകാലികളാണ്‌ വലിക്കുക.

കൊരമ്പകുട ഃ കാട്ടിലും കൊല്ലിയിലും സുലഭമായ ചണ്ണകൂവയുടെ ഇലയും മുളയും ഉപയോഗിച്ച്‌ ആദിവാസികൾ ഉണ്ടാക്കുന്നതാണ്‌ കൊരമ്പകുട. കൃഷിപ്പണിയിലേർപ്പെടുമ്പോൾ മഴയിൽനിന്നും വെയിലിൽനിന്നും കാറ്റിൽനിന്നും രക്ഷനേടാൻ ഇതുപയോഗിക്കുന്നു. അടുപ്പിൻ പുക കൊളളിച്ചാൽ ഇതിന്‌ നല്ല ഉറപ്പ്‌ കിട്ടും.

ഒക്കൽ കണ്ണി ഃ കാട്ടുമരമായ തായ്‌വലിന്റെ നാര്‌ ചീന്തി കയർകണ്ണികളാകുന്നു. ഈ ഒക്കൽ കണ്ണികൾ കാലികളുടെ കഴുത്തിൽ ഇട്ട്‌ വട്ടം കറക്കി നെല്ല്‌ കൊഴിക്കലിന്‌ ഉപയോഗിക്കുന്നു. ചെട്ടിമാരാണ്‌ ഒക്കൽകണ്ണിയിൽ നെല്ല്‌ കൊഴിച്ചിരുന്നത്‌.

അളവുകൊട്ട ഃ മുളകൊണ്ടും ചൂരൽകൊണ്ടും ഉണ്ടാക്കിയിരുന്നതാണ്‌ അളവുകൊട്ട. ചാണകം മെഴുകി നല്ല ഉറപ്പാക്കിയ ഈ അളവുകൊട്ടയിൽ രണ്ട്‌ പറ നെല്ല്‌ അളക്കാം.

ഇടങ്ങഴി (അളവ്‌ സേറ്‌) ഃ മരംകൊണ്ടാളള അളവു പാത്രമാണിത്‌.

നാഴി (അളവ്‌ സേറ്‌) ഃ ഇതും മരംകൊണ്ടുളള അളവുപാത്രമാണ്‌.

Generated from archived content: pani-aayudhangal.html Author: cd-suneesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English