ഗീതയോതിയ
ഗോപാലകൃഷ്ണൻ വെറും
ഗോപികാഹൃദയചോരനോ?
കർമ്മപാശമറുക്കുവാൻ
കർമ്മമാർഗ്ഗമുപദേശിച്ച
കണ്ണൻ
കാളിന്ദിക്കരയിൽ
കാമിനീ കളേബരം
കട്ടുനോക്കും കാമനോ?
വെണ്ണ കട്ടും മണ്ണു തിന്നും
കാളിയ ദർപ്പമൊടുക്കിയും
കൃഷ്ണൻ കാലയാപനം ചെയ്തതു
കംസാന്തകനാകുവാനോ?
കണ്ണനെക്കാണുവാ-
നകക്കണ്ണു തുറക്കുവാൻ
ചൊന്നതു നീയോ ഞാനോ?
കാളിന്ദീ തടത്തിൽ
കടമ്പുപൂത്തൊരു സന്ധ്യയിൽ
കണ്ണൻ
വേണുവൂതി നിന്നുവോ?
വേണുനാദമറിവായ്
ഗോപികയിലലിയവേ
ചേലയുരിഞ്ഞു വീണുവോ?
ദീപം ജ്വലിച്ചുവോ?
ജ്വാല, ജ്വാലയിൽ ലയിച്ചുവോ?
Generated from archived content: sep24_poem1.html Author: c_sreekumar