അനാഥർ

അടഞ്ഞ വാതിലുളള

ഇരുണ്ട മുറിയ്‌ക്കുളളിൽ

അവൻ ഭയന്നിരുന്നു.

തുറന്നടയുന്ന ജാലകവാതിൽ

അവനെ ഞെട്ടിച്ചു കൊണ്ടിരുന്നു.

തുരുമ്പിച്ച ഇരുമ്പഴികളിൽ പിടിച്ച്‌

പുറത്തേയ്‌ക്കു നോക്കി നിന്നപ്പോൾ

അടിയേറ്റ്‌

അലറിക്കരയുന്ന തെരുവുബാലനെപ്പോലെ

പുറത്തു വേനൽമഴ തകർത്തു.

കീറക്കുപ്പായമുയർത്തിക്കാട്ടി

തെറിവിളിച്ച്‌

അവൻ

ജനാലയ്‌ക്കൽ നിന്നവന്റെ മുഖത്തുതുപ്പി

പിന്നെ

കരച്ചിൽ നിറുത്തി പൊട്ടിച്ചിരിച്ചു

വീണ്ടും അലറിക്കരഞ്ഞു.

കോപിച്ച ഇളയമ്മയെപ്പോലെ കാറ്റ്‌.

അച്ഛന്റെ ശാപവചസ്സുപോലെ

ആകാശം മുരണ്ടു.

ഭ്രാന്തിൻ ചങ്ങലയിൽ

നെഞ്ചു പുകഞ്ഞിരിക്കുന്ന അമ്മയെപ്പോലെ

ഭൂമി നെടുവീർപ്പിട്ടു.

അവൻ തിരിഞ്ഞ്‌

നൂറ്റാണ്ടു പഴക്കമുളള

ഞരങ്ങുന്ന പലകക്കട്ടിലിൽ

ചുരുണ്ടു

കണ്ണടച്ചു

ഇരുളെത്താൻ കൊതിച്ചു.

Generated from archived content: poem_anathar.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here