ഞാൻ ശീർഷാസനം ശീലിച്ചു തുടങ്ങിയിട്ട്
ഏതാനും ആഴ്‌ചകളേ ആയിട്ടുള്ളൂ.
ഭാര്യയുടെ ചുലെത്താത്ത ഇടങ്ങൾ
മുറിയ്‌ക്കുള്ളിൽ ഇനിയും ബാക്കിയുണ്ട്
എന്ന തിരിച്ചറിവാണ് ആദ്യം കിട്ടിയത്.
പാൽക്കാരിപ്പെണ്ണിന്റെ നരച്ച നീലപ്പാവാട
കൊഴുത്തുരുണ്ട തുടകളെ
തെല്ലും മറയ്‌ക്കുന്നില്ല എന്നത്
ആനന്ദമേകി.
ശത്രു വട്ടനായിരുന്നു.
വട്ടില്ലെന്നു വിശ്വസിക്കുന്ന ഒരു സാധാരണ വട്ടൻ.
അവനെ വട്ടുഡോക്ടറെ കാട്ടാൻ ആരുമുണ്ടായില്ല,
അവൻ ശത്രുവായിത്തുടരട്ടെ.
ഭീഷണിക്കത്തെഴുതിയത് കുഞ്ഞുണ്ണിയാണ്.
ഊരിലെ പഞ്ഞം കണ്ടാലറിയാം
കുഞ്ഞുണ്ണിയ്‌ക്ക് കുശുമ്പായിരുന്നു
കുശുമ്പിന് ചികിത്സയില്ലല്ലോ!
എന്നെ കവിയെന്നു വിളിച്ചവൻ,
എനിക്കു ചായ വാങ്ങിത്തന്നവൻ,
ഞാനെഴുതിയ വരികളും,
ചായക്കടയിൽ വച്ച് വെറുതേ പറഞ്ഞ വാക്കുംവരെ
കോപ്പിയടിച്ചു കവിയായവൻ;
അവന്റെ പച്ചച്ചിരിയ്‌ക്ക് ഈയ്യിടെയായി നല്ല ഗാംഭീര്യം.
എന്റെ സംരക്ഷകൻ
തലയിൽ തീയുമായി നിൽക്കുകയായിരുന്നു.
തീ കീപ്പോട്ട്, ആകാശത്തിലേയ്‌ക്ക്
ആഴ്‌ന്നാഴ്‌ന്നു താണു.
പുഴയിൽ മുങ്ങാങ്കുഴിയിട്ടവൻ
സ്വർഗ്ഗത്തിലെ കാക്കപ്പൊന്നുമായി മടങ്ങിവന്നു.
ഒടുവിൽ
ഇങ്ങനേയും ഒരു തിരിച്ചറിവുണ്ടായി;
ആനയെന്നാൽ, ആകാശം താങ്ങുന്ന
നാലു കാലുകളാണ്.
ആന കിടന്നാൽ, ആകാശം വീണ്
നാമെല്ലാം ചത്തതുതന്നെ!
Generated from archived content: poem2_mar28_07.html Author: c_sreekumar