ഇനിയും വരാത്തതെന്ത്‌?

ഒരു നെയ്‌ത്തിരി നാളം

മുനിഞ്ഞു കത്തുമൊരു

ചെറിയ കോവിലിന്റെ

നടയിൽ നിൽക്കുന്നു ഞാൻ

ഇനിയും വരാത്തതെ-

ന്തിനിയും വരുമെന്നു

പറഞ്ഞു പതിയെ നീ

മറഞ്ഞുപോയതല്ലേ?

പദങ്ങൾ പതിയുന്ന

ചെറുമൺതരികളും

അറിയാതൊരു വേള

കുളിർ കോരിയതല്ലേ?

മുടിയിൽത്തട്ടിത്തട

ഞ്ഞിളകി മണ്ണിൽ വീണ

തുളസീ ദലമൊന്നു

കുനിഞ്ഞന്നെടുത്തു ഞാൻ

അതിലെ സുഗന്ധമെൻ

കരളിൽ നിറയവേ

പകുതി തിരിഞ്ഞു നീ

പുഞ്ചിരി പൊഴിച്ചില്ലേ?

ഇരുളിൽ താഴാൻ നിൽക്കും

സാന്ധ്യദേവത പോലും

അറിയാതൊരു വേള

വെളിച്ചം ചൊരിഞ്ഞില്ലേ?

അരയാലിലയിൽനീ-

ചന്ദനം പൊതിഞ്ഞെടു-

ത്തമ്പലക്കുളത്തിന്റെ

പടവിൽ നിന്നതല്ലേ?

പട്ടു പാവാടത്തുമ്പു-

ചുംബിക്കും പടികളിൽ

പട്ടിലും മൃദുലമാം

പദതാർ പതിഞ്ഞില്ലേ?

പ്രണയാതുരമാകും

ഹൃദയം തുടി കൊട്ടെ

കരി മിഴികൾ രണ്ടും

നിറഞ്ഞു വന്നതല്ലേ?

അരികിൽ വന്നു നിന്റെ

മിഴിനീർ തുടച്ചു ഞാൻ

അരുണാഭമാം മുഖ-

കമലം എന്നിൽ ചേർന്നു.

ഇനിയും വരുമെന്നു

പറഞ്ഞു പോകുമ്പോഴും

മിഴിനീർ ക്കണമൊന്നാ-

ക്കവിളിൽ ത്തിളങ്ങിയോ?

മഴയും പോയി മഞ്ഞു

പൊഴിയും പുലരിയും

എരിയും വേനൽ പല

വുരുവും വന്നുപോയി

ഇനിയും വരാത്തതെ-

ന്തിനിയും വരുമെന്നു

പറഞ്ഞു പതിയെ നീ

മറഞ്ഞുപോയതല്ലേ?

Generated from archived content: poem2_jan30_07.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here