ഓർമ്മകൾ

ഓർമ്മകളിന്നൊരു ഓമനപ്പൈതലായ്‌

ഓടിവന്നെൻ മടിയേറുന്നു

ഓർമ്മയിൽ മെല്ലെത്തെളിയുന്നു

ഓണവും ശ്രാവണപ്പൂനിലാവും.

പണ്ടൊരോണക്കാലത്തല്ലോ

ഞങ്ങളിരുവരും കണ്ടുമുട്ടി

കണ്ണുകൾ ചേർന്നു കഥപറഞ്ഞു

കൗമാരമോഹങ്ങൾ പൂത്തുലഞ്ഞു

തുമ്പപ്പൂ പിച്ചകപ്പൂവു തേടി

സുന്ദരിപ്പെൺകിടാവെത്തുന്നു

തെച്ചിപ്പൂ കോളാമ്പിപ്പൂവിറുത്ത്‌

പെൺകിടാവിന്നു കൊടുക്കുന്നു

മുളളിൻപൂ മെല്ലെയവളിറുക്കെ

മുളേളറ്റ്‌ പൂവിരൽ പോറുന്നു

ചെഞ്ചോര മെല്ലെപ്പൊടിയുന്നു

കണ്ണിൽ കണ്ണീരു തുളുമ്പുന്നു.

കൈകളെൻ കൈകളാൽ ഞാനുയർത്തി

ചുംബിച്ചു ചോര തുടച്ചെടുത്ത്‌

വേദന പൊയ്‌പ്പോയെന്നോതുന്നു

ചേലുളള ചുണ്ടിൽ ചിരി വിരിഞ്ഞു

പൂക്കളാൽ പൂക്കൂടകൾ നിറഞ്ഞു

പൂക്കൾ വിരിഞ്ഞു മനം നിറയെ

പൂക്കൾ പരസ്പരം കൈമാറി

പൂക്കളം തൂമുറ്റത്തൊന്നുയർന്നു

ഓണം കഴിഞ്ഞു അവൾ പിരിഞ്ഞു

ഓർമ്മകൾ ബാക്കിയായീടുന്നു

ഓർമ്മകളിന്നൊരു ഓമനപൈതലായ്‌

ഓടിവന്നെൻ മടിയേറുന്നു.

Generated from archived content: poem2-feb12.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here