ആദ്യത്തെ കവിത മടങ്ങിവന്നപ്പോൾ
കടുത്ത നിരാശ തോന്നി.
കാരണം,
സംവത്സരങ്ങൾ
മനസ്സിലിട്ടു കുറുക്കിയ
ഒന്നായിരുന്നു അത്.
രണ്ടാമത്തെ കവിത മടങ്ങിവന്നപ്പോൾ
നിരാശ കുറവായിരുന്നു.
കാരണം,
അധ്വാനവും ചിന്തയും തിരുത്തലും
അതിൽ താരതമ്യേന കുറവായിരുന്നു.
മൂന്നാമത്തെ കവിതയും തിരിച്ചുവന്നതോടെ
നിരാശ ഇല്ലാതായി,
എഴുത്ത് ഒരു ജോലിയുമല്ലാതായി.
പിന്നെയെപ്പോഴോ,
ഏതൊക്കെയോ ചില കവിതകളിൽ
അച്ചടിമഷി പുരണ്ടു.
അതിലും കൂടുതൽ തിരികെ വന്നു.
കൂടെ വന്ന കുറിപ്പുകൾ
ചിലതു ബോധ്യപ്പെടുത്തിത്തന്നു,
വാരികയിൽ കവിതയ്‌ക്ക്
ഇടം കുറവാണെന്നതായിരുന്നു എന്ന്.
സൃഷ്ടിയോ സംഹാരമോ അല്ല
സ്ഥിതിയാണു പ്രധാനം
എന്നും മനസ്സിലായി.
സ്ഥിതിയ്‌ക്കു വേണ്ടി ഞാനിപ്പോൾ
ഫീച്ചറെഴുതുകയാണ്.
ചില പൈങ്കിളി വാരികകളിൽ!
Generated from archived content: poem1_sept3_07.html Author: c_sreekumar