കനവും ഉണർവ്വും

കനവിലിന്നലെക്കടന്നുവന്നവൾ

നിനവിലാകവേ നിറഞ്ഞു നിന്നവൾ

ഉണർവ്വിലിന്നവളിറങ്ങിപ്പോവുമ്പോൾ

ഇടനെഞ്ചാകവേ പിടഞ്ഞു പോകുന്നു.

പദം പതിയുന്ന പടവിലൊന്നിലാ-

മണിച്ചിലങ്കകൾ അഴിഞ്ഞു വീഴുന്നു

പതിയെയെത്തുമീ പുതിയ കാറ്റിലാ-

പ്പുടവത്തുമ്പൊന്നു പതറിപ്പാറുന്നു

മുടിത്തുമ്പിൽ നിന്നുമുതിർന്നുവീണൊരാ

ജലത്തുള്ളിപൊട്ടിച്ചിതറിപ്പോവുന്നു

കനവിലിന്നലെ ക്കൊളുത്തി വച്ചൊരാ

മണിവിളക്കിന്നു കരിഞ്ഞു കത്തുന്നു

വടുക്കൾ വീണതാം മനസ്‌സിലാകവേ

കനലെരിച്ചവൾ കടന്നു പോകുമ്പോൾ

ഒരു വാക്കും തന്നെ ഉരിയാടാൻ വയ്യാ-

തതിവിദൂരത്തിലിവനിരിക്കുന്നു.

Generated from archived content: poem1_oct16_08.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here