വളകിലുക്കം

തരുനിരകൾ കുടകൾ പിടിച്ചിടും

ഇടവഴി താണ്ടി മെല്ലെ നടന്നു ഞാൻ.

കരിയില മൃദു മെത്തയൊരുക്കുമാ-

നടവഴിയെത്ര പിന്നിട്ടതാണു ഞാൻ.

ഒരു വളകിലുക്കം നിന്നിരുപുറം

എവിടെയാണതിന്നുറവിടം തേടി ഞാൻ.

പൂത്തുനിൽക്കുന്ന നാട്ടുമാവിൻ തണൽ

ച്ചോട്ടിലെന്താണൊരു മുല്ലപ്പൂമണം.

ആന നിന്നാൽ മറയുന്ന മാഞ്ചോട്ടിൽ

കാറ്റു വന്നെത്തി നോക്കിയാ മാത്രയിൽ

നൂറുനൂറു ഞൊറിവുകൾ തീർത്തൊരു

നീലപ്പാവാടത്തുമ്പൊന്നിളകിയോ?

ആരാണീനേരത്തെന്നെ ശ്രദ്ധിക്കുവാൻ

ആട്ടെ നോക്കിടാതെങ്ങനെ പോയിടും.

കാട്ടു കല്ലിട്ടു കെട്ടിയ കയ്യാല

ഊക്കൊടൊറ്റച്ചാട്ടത്തിനാൽ പിന്നിട്ട്‌

നാട്ടുമാവിന്റെ ചോട്ടിലണഞ്ഞു ഞാൻ.

വളകിലുക്കം നിശബ്‌ദം ഇരു മാത്ര,

തളകിലുക്കം, ഒരു ചുടുനിശ്വാസം,

മുടിയിളക്കം, കുടമണി വീണപോൽ

ചിരിയിളക്കം പിന്നെവിടെ നീ മാഞ്ഞുപോയ്‌?

അവിടെ മാഞ്ചോട്ടിൽ വീണു കിടന്നൊരു

കുടമണിമുല്ലപ്പൂവിനെക്കണ്ടു ഞാൻ

ഒരു നിമിഷം നോക്കി നിന്നുപോയ്‌ പിന്നത്‌

ഇരു കൈയ്യും ചേർത്തു കോരിയെടുത്തു ഞാൻ.

ഒരു പ്രണയം ജനിക്കുന്നു നെഞ്ചകം

തുടിതാളം കൊട്ടി നിൽക്കയാണാകവേ

ഒരു മുറിവളപ്പൊട്ടുകൂടവിടെ നി-

ന്നരുമയായി ലഭിച്ചെനിക്കെങ്കിലും,

എവിടെയാണവൾ പോയി മറഞ്ഞത്‌

ഇവനെ ശ്രദ്ധിപ്പാനെന്താവാം കാരണം?

വീണ്ടുമെത്രയോ മധ്യാഹ്നസന്ധ്യകൾ

അവിടെയെല്ലാം പരതി ഞാനെന്നുമേ!

എവിടെയോ പോയ്‌ മറഞ്ഞവൾ പ്രേമത്തിൻ

കനലെരിയുകയാണെന്റെ നെഞ്ചകം.

ഒരു വളപ്പൊട്ട്‌ കുടമുല്ലപ്പൂവുകൾ,

ഒരു നറു ചിരി ഒരു ചുടുനിശ്വാസം.

എവിടെയാണവൾ ആരവൾ അറിവില്ല,

ഇരുപതോളം സംവത്‌സരം വീണുപോയ്‌!

അവിടെയിന്നില്ലിടവഴി മാവുകൾ

വളകിലുക്കം കുടമുല്ലപ്പൂവുകൾ

പൊരി വെയിലത്തുരുകിയൊലിച്ചു ഞാൻ

അവിടമെല്ലാം തിരയുന്ന വേളയിൽ

ഒരു ചെറു പെൺകിടാവതു കണ്ടു കൊ-

ണ്ടവളുടെ പൊന്നമ്മയെ ചുംബിച്ച്‌

പറയുകയാണ്‌ “ഏതോ ഒരു ഭ്രാന്തൻ

അവിടെയെന്തോ തിരയുന്നു കാണുവിൻ”!

“ഭ്രാന്തനല്ലൊരു പാവം മനുഷ്യനാ-

ണാരെയോ നോക്കി നില്‌ക്കുകയാണയാൾ”

അരുമയാം തന്റെ മകളെപ്പുണർന്നവൾ

ചുടുമിഴികൾ പുടവ കൊണ്ടൊപ്പിയോ?

Generated from archived content: poem1_may15_08.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here