ഒന്ന്‌ഃ
കാലം കഥമാറ്റിയെഴുതിയപ്പോൾ
വാർദ്ധക്യപെൻഷനു വേണ്ടി
കുട്ടിനേതാവിന്റെ കോണകമലക്കിയലക്കി
രാമേട്ടനെന്ന രാമൻനായർ
തലചുറ്റി വീണു ചത്തു.
പണ്ട്, ജന്മിത്തമ്പുരാന്
തുപ്പൽക്കോളാമ്പി നീട്ടിക്കൊടുക്കുന്ന
പണിയെടുത്തിട്ടുണ്ടത്രേ!
രണ്ട് ഃ
നമ്പൂരാരുടെ പല്ലക്കു പോകുന്ന
ഹൊ…ഹൊയ്….ശബ്‌ദം
കൊടിവച്ച കാറിന്റെ സൈറണായി
രൂപാന്തരപ്പെട്ടെങ്കിലും
തൊട്ടുകൂടാത്തവർ പാതയോരത്ത്
ഒതുങ്ങിമാറി
ഓച്ഛാനിച്ചുതന്നെ നിന്നു.
മൂന്ന്‌ഃ
ചെറിയൊരു മഴയിൽ
ചോടിളകിപ്പോയ പാലത്തിലിരുന്ന്
ഒരു പാവപ്പെട്ടവൻ
കഞ്ചാവു വലിച്ചു.
പുകയൊരു ഭൂതമായുയരുമ്പോൾ
ഭൂതഭാവികൾക്കു നടുവിലെ
നൂൽപ്പാലം പോലെ
അവൻ വർത്തമാനമായി
നാല്‌ഃ
വറ്റിയ പുഴയുടെ മുകളിൽ
പാലം പഴുത്തുനിന്നു.
ദാഹജലത്തിനായി
പുഴ മാന്തുന്നവന്റെ തലയിൽ
സൂര്യനെരിയുന്നതു കാണാതെ,
ഒരു മന്ത്രിത്തമ്പുരാൻ
പഴുത്ത പാലത്തിലൂടെ
തണുത്ത ബെൻസുകാറിൽ
ഒഴുകിപ്പോയി!
Generated from archived content: poem1_apr27.html Author: c_sreekumar