കിരീടം ഊരിമാറ്റാൻ മടിയില്ലാതിരിക്കുമോ?

“ഭാരതമെന്ന പേർ കേട്ടാലഭിമാന-

പൂരിതമാവണമന്തരംഗം,

കേരളമെന്നുകേട്ടാലോ തിളയ്‌ക്കണം

ചോര നമുക്കു ഞരമ്പുകളിൽ.”

എന്നു പാടിയ മഹാകവി വള്ളത്തോൾ ഭാരതീയന്റേയും പ്രത്യേകിച്ചു മലയാളിയുടേയും ദേശാഭിമാനം ജ്വലിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. അസ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളിൽ ഇത്‌ എത്രത്തോളം ആവശ്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ല. സായിപ്പ്‌ പോയിട്ട്‌ നാളേറെക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്നും മലയാളിയുടെ മനസ്സ്‌ ആ അടിമത്തത്തിൽ നിന്നും മോചിതമായിട്ടില്ല. കേരളമെന്നോ മലയാളമെന്നോ കേട്ടാൽ ഇന്നത്തെ മലയാളിയുടെ മനസ്സിൽ ഉണരുന്ന വികാരം എന്തായാലും അഭിമാനമല്ല! മലയാളിയുടെ മനസ്സ്‌​‍്‌ എന്നു മുതലാണ്‌, ആർക്കു മുന്നിലാണ്‌ അടിമപ്പെട്ടു തുടങ്ങിയത്‌? ഈ അടിമപ്പെട്ട മനസ്സിന്‌ ഉണർവ്വു പകരാൻ ഏതു വിപ്ലവം പര്യാപ്തമാവും? അങ്ങനെയൊരു വിപ്ലവത്തിനു കൊടികളുയരാൻ നാം എത്ര നാളിനി കാത്തിരിക്കണം? ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണിവ. ഒരു കാലത്ത്‌ ജന്മിമാർക്കു മുന്നിൽ അടിമപ്പെട്ടുപോയ അടിയാന്മാരുടെ മനസ്സുണർത്താൻ നൂററാണ്ടുകളുടെ അദ്ധ്വാനം വേണ്ടി വന്നു നമ്മുടെ സമൂഹത്തിന്‌ എന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും!

സംസ്‌കൃതത്തിന്റെ സ്വാധീനം

നൂറ്റാണ്ടുകൾക്കു മുമ്പ്‌ കേരളത്തിലേയ്‌ക്ക്‌ കുടിയേറി പാർത്ത ആര്യന്മാർ അവരുടെ ഭാഷയ്‌ക്ക്‌ ഈ നാട്ടിൽ പ്രചുര പ്രചാരം നൽകാനാണ്‌ ആദ്യമായി ശ്രമിച്ചത്‌. തങ്ങൾക്ക്‌ വശമില്ലാത്ത ഭാഷ സംസാരിക്കുന്ന, താരതമ്യേന പരിഷ്‌കൃതരായ ആ കടന്നുവരവുകാരെ ഇന്നാട്ടുകാർ അതിശയത്തോടെ വീക്ഷിക്കുകയും ചെയ്‌തു. നാട്ടുകാരുടെ ഭാഷ പഠിച്ച്‌ അവരുടെ സംസ്‌കാരം ഉൾക്കൊണ്ട്‌ ജീവിതം കെട്ടിപ്പടുക്കാനല്ല ആര്യന്മാർ ശ്രമിച്ചത്‌. നാട്ടുകാരിൽ നിന്നും തെല്ലൊന്നകന്നു നിന്ന്‌ അവരിൽ ചിലരെയെല്ലാം തങ്ങളുടെ ഭാഷ പഠിപ്പിച്ച്‌, അവരെ പ്രമാണിമാരായി ചിത്രീകരിച്ച്‌, ഭാഷാപരമായ ഒരധീശത്വം നേടിയെടുക്കാനാണ്‌ ആര്യന്മാർ ശ്രമിച്ചത്‌. അതിലവർ വിജയിക്കുകയും ചെയ്‌തു. അതോടെ സ്വന്തം ഭാഷ അപരിഷ്‌കൃതമാണെന്ന ചിന്ത നാട്ടുകാരിൽ മുളച്ചു. സംസ്‌കൃതം പഠിച്ചവൻ സമൂഹത്തിൽ പ്രമാണിയായി. സംസ്‌കൃതഭാഷയുടെ പ്രചാരത്തിന്‌ ഇതു ഹേതുവായി. ഇതിനു സമാന്തരമായി നമ്പൂതിരിമാരുടെ ആധിപത്യവും കേരളത്തിൽ ഉറച്ചു. ‘ഒരു ജനതയെ അടിമകളാക്കിത്തീർക്കണമെങ്കിൽ നിങ്ങളുടെ ഭാഷ അവരുടെ മേൽ അടിച്ചേൽപ്പിച്ചാൽ മതി’ എന്ന പണ്ഡിത വാക്യം സത്യമാകുന്ന കാഴ്‌ച്ചയാണ്‌ ഈ ചരിത്രസന്ധിയിൽ നാം കണ്ടത്‌. സംസ്‌കൃതമറിയാത്ത കേരളീയർ അതറിയാവുന്നവനെ ആദരവോടെ കണ്ടു. ആ ഭാഷയിലൂടെ പറയപ്പെട്ട വിഡ്‌ഢിത്തങ്ങൾ പോലും അവർ ആദരവോടെ കേട്ടു. അവരുടെ മനസ്സുകളിൽ അങ്ങനെ അടിമത്തബോധം ഉറച്ചു. പിന്നെന്തു സംഭവിച്ചു എന്ന്‌ പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

ഇംഗ്ലീഷിന്റെ വരവ്‌

ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിലാകെ സംഭവിച്ചതും ഇതുതന്നെയാണ്‌. വില്ല്യം ബെന്റിക്‌ പ്രഭുവിന്റെ കാലത്ത്‌ മെക്കാളെ പ്രഭു ഇന്ത്യയിലെത്തിയത്‌ ചില മുൻവിധികളോടെയാണ്‌. ഇന്ത്യൻ സാഹിത്യം അപ്പാടെ ഒരുമിച്ചു വച്ചാലും യൂറോപ്യൻ സാഹിത്യത്തിന്റെ ഒരു ഷെൽഫിൽ കൊള്ളുന്നതിനു സമമാകില്ല എന്ന്‌ 1835ലെ മിനിറ്റ്‌സിൽ അദ്ദേഹം രേഖപ്പെടുത്തി. നിറത്തിലും രക്തത്തിലും ഇന്ത്യാക്കാരായിരിക്കുകയും എന്നാൽ ആദർശങ്ങളിലും അഭിപ്രായങ്ങളിലും ബ്രിട്ടീഷുകാരെ അനുകരിക്കുകയും ചെയ്യുന്ന കുറേപ്പേരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യാക്കാരായ ഗുമസ്തന്മാർ ഓഫീസുകളിൽ ഇംഗ്ലീഷ്‌ പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന്‌ അദ്ദേഹം അഭിമാന പൂർവ്വം പരാമർശിച്ചിട്ടുണ്ട്‌. ഇതെല്ലാം നോക്കുമ്പോൾ മെക്കാളെപ്രഭു തന്റെ വിവാദമായ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയത്‌ ഭരണത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കാൻ പര്യാപ്തരായ ഒരു കൂട്ടം കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കുവാൻ വേണ്ടി മാത്രമായിരുന്നോ എന്നു സംശയം തോന്നാം. മനസ്സുകൊണ്ട്‌ യൂറോപ്യൻ സംസ്‌കാരത്തിനു കീഴ്‌പ്പെട്ട ഒരു ജനതയാണ്‌ ഇന്നും ഇന്ത്യയിലുള്ളത്‌ എന്നു ചിന്തിക്കുമ്പോൾ മെക്കാളെയുടെ ഗൂഢോദ്ദേശ്യം എന്തായിരുന്നുവെന്ന്‌ വ്യക്തമാക്കപ്പെടും.

ശാസ്ര്തപഠനത്തിനും മറ്റും നീക്കി വച്ചിരുന്ന തുക പോലും ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിനു മാത്രമാക്കി മാറ്റിയിട്ടും അക്കാലത്ത്‌ രാജാറാം മോഹൻ റോയിയെപ്പോലെയും ഗോപാലകൃഷ്ണ ഗോഖലെയെപ്പോലെയുമുള്ള പല പ്രമുഖരും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സർക്കാർ സർവീസിലേയ്‌ക്കുള്ള പാസ്‌പോർട്ടായി മാറിയതോടെ വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ്‌ പഠനമെന്നായി. ഇന്നത്തെ അവസ്ഥയും ഇതൊക്കെത്തന്നെയല്ലേയെന്നു ചിന്തിക്കുമ്പോഴാണ്‌ കൗതുകം തോന്നുന്നത്‌!

മാതൃഭാഷയിൽ നൂറായിരം ശരികൾ പറയാനറിയാവുന്ന ഒരു യഥാർത്ഥ പണ്ഡിതനും സായിപ്പിന്റെ ഭാഷയിൽ ബഡായി ഇറക്കാൻ മാത്രമറിയാവുന്ന ഒരുവനും തമ്മിൽ സംഭാഷണമുണ്ടായാൽ ആഗലേയം മൊഴിയുന്നവനെ ആദരവോടെ വണങ്ങുന്ന ഒരു മനസ്സാണ്‌ ഇന്നത്തെ മലയാളിയുടേത്‌. ആ അടിച്ചമർത്തപ്പെട്ട മനസ്സാണ്‌ സായിപ്പന്നു ലക്ഷ്യം വച്ചത്‌. സായിപ്പുപോയിട്ട്‌ 60 ആണ്ടുകൾ പിന്നിട്ടിട്ടും നാം കേരീയർ ആ അടിമച്ചങ്ങല മടികൂടാതെ ചുമന്നുകൊണ്ടിരിക്കുന്നു. സായിപ്പിന്റെ ഭാഷയിൽ പഠിച്ച്‌ കേമന്മാരായി അവരുടെ നാട്ടിലെത്തുന്ന ഇന്ത്യാക്കാരന്‌ അവർ എന്തു സ്ഥാനമാണ്‌ കല്പിച്ചു നൽകുന്നത്‌? ഇന്ത്യയിലെ ഏതെങ്കിലും ആദിവാസി വിഭാഗമോ പിന്നാക്ക വിഭാഗങ്ങളോ ഒരു കാലത്തും അന്നത്തെ പ്രമാണിമാരിൽ നിന്നും ഇത്രയും കടുത്ത വിവേചനം നേരിട്ടിട്ടുണ്ടായിരിക്കാൻ ഇടയില്ല. എന്നാലും നമുക്കിഷ്ടം ആ അടിമത്തം തന്നെ!

അടിച്ചേല്പിക്കപ്പെട്ട ഹിന്ദി

ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത്‌ പ്രമാണിമാരായ ഉത്തരേന്ത്യക്കാർ അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങൾക്കുമേൽ നടപ്പാക്കിയതും ഇതേ തന്ത്രം തന്നെയാണ്‌. ഹിന്ദി എന്ന ഭാഷ അടിച്ചേൽപ്പിക്കപ്പെട്ടതോടെ – എവിടെയെല്ലാം അത്‌ അടിച്ചേൽപ്പിക്കപ്പെട്ടോ അവിടെയെല്ലാം – സമാനമായ ഒരു അടിമത്തമനോഭാവം രൂപം കൊണ്ടു. ഹിന്ദി എന്ന ഉത്തരേന്ത്യൻ ഭാഷയെ സ്വന്തം ഭാഷയ്‌ക്കു സമമായി കണക്കാക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജനതയാണ്‌ കേരളീയർ. ഇന്ത്യയുടെ ഭരണചക്രം ഉത്തരേന്ത്യൻ ലോബി തിരിക്കുമ്പോഴും അവർക്കു കീഴിൽ ഒതുങ്ങി ജീവിക്കാനാണ്‌ അഭ്യസ്ഥവിദ്യരെന്നു പേരുകേട്ട കേരള ജനതയ്‌ക്കു താല്‌പര്യം. എന്താവാം കാരണം? ഇതുതന്നെ. അടിച്ചേൽപ്പിക്കപ്പെട്ട ഹിന്ദി എന്ന ഭാഷയുടെ സ്വാധീനം നമ്മിൽ സൃഷ്ടിച്ച അടിമത്ത മനോഭാവമാണ്‌ ഉത്തരേന്ത്യൻ ലോബിയുടെ എന്തു ചെയ്തിയേയും ചോദ്യം ചെയ്യാനുള്ള ശക്തി മലയാളിയ്‌ക്കു നൽകാത്തത്‌. ഹിന്ദി പഠനത്തിന്‌ അനാവശ്യ പ്രാധാന്യം കൊടുക്കാത്ത തമിഴനോ കന്നടക്കാരനോ ഉത്തരേന്ത്യൻ ആധിപത്യം അത്രയൊന്നും വകവയ്‌ക്കുന്നില്ലെന്നതോർക്കണം. മാത്രമല്ല ഏതുകാര്യത്തിലും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചെടുക്കാൻ അവർക്കു കഴിയുന്നുമുണ്ട്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മറ്റൊരു ഇന്ത്യൻ ഭാഷ പഠിക്കാനോ പഠിപ്പിക്കാനോ തയ്യാറാവാത്തത്‌ എന്തുകൊണ്ടാണ്‌? അടിമത്ത മനോഭാവം വളരും എന്നു ഭയന്നിട്ടല്ല – കാരണം അടിച്ചേല്പിക്കപ്പെടാത്ത ഒരു ഭാഷയ്‌ക്ക്‌ അടിമത്തമനോഭാവം വളർത്താനാവുകയില്ല – മറിച്ച്‌ ആധിപത്യ മനസ്ഥിതി തകർന്നെങ്കിലോ എന്നു ഭയന്നാണ്‌. അധീശത്വം ആരും കൊതിക്കുന്ന കനിയാണ്‌. അതു കിട്ടാത്തവർക്കു മാത്രമേ അതിനോടു വിരക്തിയുണ്ടാവുകയുള്ളു.

ഇംഗ്ലീഷ്‌ എന്ന മാധ്യമം

ഇന്നത്തെ കേരളീയർ ഇംഗ്ലീഷ്‌ എന്ന മാധ്യമത്തിലൂടെ പഠിച്ച്‌ പുറത്തിറങ്ങുന്നവരാണ്‌. പഠിച്ചിറങ്ങുന്നതു തന്നെ ഉറച്ച അടിമത്ത മനസ്സോടെയെന്നു സാരം. എവിടെയും കുനിയാത്ത ശിരസ്സല്ല നമുക്കുള്ളത്‌. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച്‌, നമ്മുടെ മഹത്വത്തെക്കുറിച്ച്‌, ബോധവാന്മാരാകാതെ, എല്ലാം യൂറോപ്യന്മാരുടെ ബുദ്‌ധി എന്നുറപ്പിച്ച്‌, കലാലയം വിട്ടിറങ്ങുന്നവരാണ്‌ ഇന്നത്തെ അഭ്യസ്ഥവിദ്യർ. ഇവിടെ സ്വതന്ത്രഭാരതം മുന്നോട്ടു വയ്‌ക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങളല്ല, മറിച്ച്‌ മെക്കാളെ പ്രഭു മുന്നിൽ കണ്ട ലക്ഷ്യങ്ങളാണ്‌ പൂർത്തീകരിക്കപ്പെടുന്നത്‌!

ആരേയും ആശ്രയിക്കാതെ, ആർക്കുമുന്നിലും തലകുനിക്കാതെ ഉയർന്നു നിൽക്കാനുള്ള ശേഷി ഇന്ത്യ എന്ന മഹാരാജ്യത്തിനുണ്ട്‌. അതിനുള്ള ബൗദ്ധികസമ്പത്തും നമുക്കു സ്വന്തമായുണ്ട്‌. എന്നാൽ യൂറോപ്യന്മാരുടെ കക്ഷത്തിലാണ്‌ ആ ബുദ്ധികേന്ദ്രങ്ങൾ ഇന്നിരിക്കുന്നത്‌ എന്നുമാത്രം. അത്താഴപ്പട്ടിണിക്കാരനായ ഇന്ത്യാക്കാരന്‌ എന്തിനാണ്‌ കമ്പ്യൂട്ടറുകൾ എന്ന അമേരിക്കക്കാരന്റെ പരിഹാസമാണ്‌ ആ രംഗത്ത്‌ മുന്നേറാൻ ഇന്ത്യയ്‌ക്കു കരുത്തായത്‌ എന്ന്‌ നമുക്കറിയാം. ഇന്ന്‌ അതേ അമേരിക്കക്കാരന്‌ ഇന്ത്യാക്കാരന്റെ കമ്പ്യൂട്ടറുകൾ പഥ്യമാണ്‌. അടിമത്ത മനോഭാവം ഒരു മനുഷ്യനേയും ഒരു രാജ്യത്തേയും വളർച്ചയിലേയ്‌ക്കു നയിക്കുകയില്ല. മറിച്ച്‌ തന്റേതായ എല്ലാം നഷ്‌ടപ്പെടുത്തുവാൻ ഈ മനോഭാവം കാരണമാവുക കൂടിച്ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ എന്ന മഹാരാജ്യത്തിൽ നിന്നും ഇംഗ്ലീഷിന്റെ ആധിപത്യം എടുത്തുകളഞ്ഞേ മതിയാവൂ. അഹിന്ദിപ്രദേശങ്ങളിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന വരേണ്യഭാഷയുടെ കഥയും അതുതന്നെ.

ഇംഗ്ലീഷിനെ പുറം തള്ളുന്നത്‌ ഈ കാലഘട്ടത്തിൽ മണ്ടത്തരമല്ലേ എന്ന ചോദ്യം വരാം. പ്രത്യേകിച്ച്‌, മാതൃഭാഷയ്‌ക്ക്‌ ഉന്നത പരിഗണന നൽകിയിരുന്ന റഷ്യ, ചൈന, ജപ്പാൻ, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങൾ പോലും ഇംഗ്ലീഷിനെ പരിഗണിച്ചു തുടങ്ങിയ കാലഘട്ടത്തിൽ. ഈ ചോദ്യം പ്രസക്തമാണുതാനും. ഒരു പരിധിവരെ മാത്രം.

ഇംഗ്ലീഷ്‌ എന്ന ഭാഷയുടെ പ്രചാരവും അതിലെ ഗ്രന്ഥസമ്പത്തും പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം. അതിന്‌, എന്തും ഏതും ആ ഭാഷയിലൂടെ പഠിച്ച്‌ അടിമത്ത മനസ്ഥിതി ഉറപ്പിക്കണമെന്നില്ല. ഒരു ഭാഷ എന്ന നിലയിൽ അതു പഠിയ്‌ക്കപ്പെടുക തന്നെ വേണം. ആ ഭാഷയിൽ സംസാരിക്കാനും എഴുതാനും വായിച്ചു മനസ്സിലാക്കാനും നമുക്കു കഴിയണം. അതിനു പര്യാപ്തമായ രീതിയിൽ ആ ഭാഷാ പഠനത്തെ മാറ്റിയെടുക്കണം. ഇവിടെ വായന എഴുത്ത്‌ സംസാരം എന്നെല്ലാം പറഞ്ഞത്‌ സാമാന്യമായ അർത്ഥത്തിലല്ല ഉദ്ദേശിച്ചത്‌. ഇംഗ്ലീഷിലെ ഏതു നിലവാരത്തിലുള്ള ലേഖനങ്ങളും വായിച്ച്‌ ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിൽ വേണം ആ ഭാഷാപഠനം ആസൂത്രണം ചെയ്യാൻ. ഇതിലുപരിയായി എന്തും ഏതും ഇംഗ്ലീഷിലേ പഠിപ്പിക്കൂ എന്ന വാശി നാം ഉപേക്ഷിക്കണം. പഠനം സാർത്ഥകമാകണമെങ്കിൽ അത്‌ മാതൃഭാഷയിലൂടെയാവണം എന്ന യാഥാർത്ഥ്യം നാം ഇനിയെങ്കിലും തിരിച്ചറിയണം.

മലയാളത്തെ മലയാളികൾ എതിർക്കുമ്പോൾ

ഭരണഭാഷ മലയാളമാക്കുന്നതിനെ ഉദ്യോഗസ്ഥവൃന്ദവും പഠനഭാഷ മലയാളമാക്കുന്നതിനെ അദ്ധ്യാപക സമൂഹവും (കലാലയങ്ങൾ) എതിർക്കുന്ന ഒരു കാഴ്‌ചയാണ്‌ കേരളത്തിൽ നാം കാണുന്നത്‌. ഭരണഭാഷ മാതൃഭാഷയായാൽ ആർക്കാണു ഗുണം ആർക്കാണു ദോഷം എന്നും, ബോധനമാധ്യമം മാതൃഭാഷയായാൽ ആർക്കാണു ഗുണം ആർക്കാണുദോഷം എന്നും ചിന്തിച്ചാൽ ഈ എതിർപ്പുകളുടെ രഹസ്യം പുറത്തു വരും. ഭരണഭാഷ മാതൃഭാഷയായാൽ ഭരണം സുതാര്യമാവും. ഭരണകാര്യങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാവും. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തന്നെ ജനങ്ങളെ ഭരിക്കുന്ന വ്യവസ്ഥിതിയിൽ ഏറ്റവും കൂടുതൽ ഉണ്ടാവേണ്ടതും ഈ പങ്കാളിത്തമാണ്‌. ജനങ്ങളുടെ ഈ പങ്കാളിത്തം തന്നെ ഉദ്യോഗസ്ഥരുടെ പ്രമാണിത്തം തകർക്കുന്നതാണ്‌. തങ്ങൾക്കറിയാത്ത ഭാഷ സംസാരിക്കുന്ന, ആ ഭാഷയിൽ ഉത്തരവുകളിറക്കുന്ന, നിർദ്ദേശങ്ങൾ നൽകുന്ന, ഉദ്യോഗസ്ഥരെ ഭയന്നും ബഹുമാനിച്ചും അകന്നുനിന്ന ജനം അവരുടെ കപടമുഖം തിരിച്ചറിയുന്നതോടെ അഴിമതി തുടച്ചു നീക്കപ്പെടും. ഇതിൽക്കൂടുതൽ എന്തു കാരണം വേണം ഉദ്യോഗസ്ഥരെ മറിച്ചു ചിന്തിപ്പിക്കുവാൻ?

ഇനി അധ്യാപകരുടെ(കലാലയം) കാര്യം നോക്കാം. മാതൃഭാഷയിൽ പഠിപ്പിക്കണമെങ്കിൽ പറയാൻ എന്തെങ്കിലും അറിഞ്ഞിരിക്കണം. പറയുന്നതിനെക്കുറിച്ച്‌ ശരിയായ ധാരണ വേണം. ആ മാധ്യമത്തിലൂടെ അറിവിന്റെ കൈമാററം മാത്രമല്ല നടക്കുന്നത്‌. ആ അറിവ്‌ പ്രയോഗക്ഷമമാവുക കൂടിയാണ്‌. ഇന്നത്തെ കലാലയാധ്യാപകരിലേറെയും ഇംഗ്ലീഷ്‌ ഭാഷാ വൈദഗ്‌ധ്യം കുറഞ്ഞ വിദ്യാർത്ഥികൾക്കു മുന്നിൽ ഭാഷാസ്വാധീനം ഉപയോഗിച്ച്‌ കസർത്തു നടത്തി പിടിച്ചു നിൽക്കുന്നവരാണെന്നത്‌ ഒരു കേവല യാഥാർത്ഥ്യമാണ്‌. പാഠപുസ്തകത്തിനപ്പുറത്തേയ്‌ക്ക്‌ ചിന്തയേയോ മനസ്സിനേയോ കൊണ്ടുപോകാൻ കഴിയാത്ത ഈ കസർത്തുകാർ മാതൃഭാഷയിലൂടെയുള്ള പഠനത്തെ എതിർക്കാതിരുന്നാലല്ലേ അതിശയിക്കേണ്ടതുള്ളൂ! കിരീടം ഊരിവയ്‌ക്കാൻ ആരെങ്കിലും താല്പര്യപ്പെടുമോ?

Generated from archived content: essay1_nov26_07.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here