ആ നാട്ടിലെത്തുമ്പോഴെല്ലാം കാദംബരി ലോഡ്ജിലാണ് ഞാന്‍ മുറിയെടുക്കാറ്. എന്നെ കാണുമ്പോള്‍ തന്നെ 106 നമ്പര്‍ മുറിയുടെ താക്കോല്‍ ലോഡ്ജുടമയായ അയ്യപ്പേട്ടന്‍ എടുത്തു നീട്ടും. ആ മുറി ഒഴിവില്ലെങ്കില്‍ തലചൊറിഞ്ഞുകൊണ്ട് ക്ഷമാപണ സ്വരത്തില്‍ അയാള്‍ പറയും,
”അയ്യോ സാര്‍…, ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ആ മുറി ഞാന്‍ കൊടുക്കില്ലായിരുന്നു.”
വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. നാടായ നാടെല്ലാം കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ വന്നു നിറഞ്ഞെങ്കിലും ഈ നാടിനും അയ്യപ്പേട്ടന്റെ കാദംബരി ലോഡ്ജിനും മാത്രം കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
106 പോയിട്ടുണ്ടാകുമോ? ഒന്നു വിളിച്ചു പറയാമായിരുന്നു. അല്ലെങ്കിലെന്നാണ് വിളിച്ചു പറഞ്ഞതിനു ശേഷം ഞാനിവിടെ വന്നിട്ടുള്ളത്? പലതും വിചാരിച്ചു കൊണ്ട് പടികള്‍ കയറുമ്പോള്‍ തന്നെ അയ്യപ്പേട്ടന്‍ ചിരിച്ചു കൊണ്ട് മുന്നിലെത്തി.
“അല്ലാ …സാറിങ്ങെത്തിയല്ലോ. 106 ഞാന്‍ വൃത്തിയാക്കിയിട്ടിട്ടുണ്ട്. സാറു ചെന്ന് ഫ്രഷായാട്ടെ.
” അപ്പോഴേക്കും നാണൂന്റെ പീടികേപ്പറഞ്ഞ് ചായ ഞാനെത്തിക്കാം.”
“അല്ലാ, ഞാന്‍ വരുന്ന വിവരം അയ്യപ്പേട്ടനെങ്ങനെയറിഞ്ഞു?”
വര്‍ഷം പത്തു പതിനഞ്ചായില്ലേ സാറേ നമ്മളിങ്ങനെ കാണാന്‍ തുടങ്ങീട്ട്. ഇത്രയും പറഞ്ഞ് അയ്യപ്പേട്ടനിറങ്ങി,നാണുവിന്റെ ചായപ്പീടിക ലക്ഷ്യമാക്കി നടന്നു.
എന്നേക്കാള്‍ പ്രായമുള്ള കാദംബരി ലോഡ്ജിന്റെ പടവുകള്‍ ശ്രദ്ധിച്ചു കയറി ഞാന്‍ മുകളിലത്തെ നിലയിലെത്തി. 106 വൃത്തിയാക്കിയിട്ടിരിക്കുന്നു. കട്ടിലില്‍ വെള്ള വിരിപ്പ് . മേശപ്പുറത്ത് ഒരു കുപ്പി വെള്ളവും കഴുകി കമിഴ്ത്തിയ ഗ്ളാസ്സും. ഞാന്‍ നേരേ ജനാലക്കലേക്കു നടന്നു ജാലകവിരി മാറ്റി ആ പഴയ ജനാലയുടെ മുകളിലെ രണ്ടു പാളികള്‍ തുറന്നിട്ടു. പുറത്ത് നാലും കൂടിയ കവല സായന്തനത്തിന്റെ ആà! സ്യത്തില്‍ മയങ്ങിക്കിടക്കുന്നു. നാണുവിന്റെ ചായപ്പീടിക, ജമീലാ ടെക്സ്റയില്‍സ്, കേശവന്റെ തയ്യല്‍ക്കട, മൈതീന്റെ സീ ഫുഡ് മാര്‍ക്കറ്റ്. എല്ലാം പഴയതു പോലെ തന്നെ! പോയ പ്രതാപത്തിന്റെ വിദൂരസ്മരണ പേറി ആഞ്ഞിലിത്തറയും പതിവുപോലെ നിലകൊണ്ടു. കാക്കകള്‍ ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പട്ടണത്തില്‍ പഠിക്കാന്‍ പോയ കുട്ടികളേയും ചെമ്മീന്‍ കമ്പനിത്തൊഴിലാളികളേയും ചുരുക്കം ചില സര്‍ക്കാര്‍ ഗുമസ്ഥന്മാരേയും പേറി വന്ന ബസ്സ് ആഞ്ഞിലിത്തറക്കടുത്ത് ഞരങ്ങി നിന്നു. ഇളകിയ ഉറുമ്പിന്‍ കൂടുപോലെ ആളുകള്‍ നാലു പാടും ചിതറിപ്പോകുന്നു.
ഇല്ല……ഈ നാടു മാറുന്നില്ല…..ഇവിടുത്തെ നാട്ടുകാരും.
ജനാലക്കടുത്തു നിന്നും തിരികെ വന്ന് പെട്ടി തുറന്ന് കൈലിയും തോര്‍ത്തും പുറത്തെടുത്തു. ഒന്നു കുളിക്കണം. സോപ്പ് പുറത്തെ കുളിമുറിയില്‍ അയ്യപ്പേട്ടന്‍ എടുത്തു വച്ചിട്ടുണ്ടാകണം. നേരേ അങ്ങോട്ടു നടന്നു.
തിരിച്ചു വരുമ്പോള്‍ ചായയുമായി ഒരു പയ്യന്‍ മുറിക്കു പുറത്ത് കാത്തു നില്ക്കുന്നുണ്ട്.
“സാറിനുള്ള ഊണ് 8 മണിയാകുമ്പോഴേക്കും കൊണ്ടു വരാം.” ചായ മേശമേല്‍ വച്ച് അവന്‍ നടന്നു മറഞ്ഞു.
ഞാന്‍ മെല്ലെ ജനാലക്കലേക്കു നടന്നു. കസേര നീക്കിയിട്ട് ഇരുന്നതിനു ശേഷം ജനാലയുടെ താഴത്തെ പാളികള്‍ കൂടെ തുറന്നിട്ടു. തെരുവ് വിജനമായിത്തുടങ്ങിയിട്ടില്ല. ആഞ്ഞിലിത്തറക്കടുത്ത് ഒരു തട്ടുകട സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വല്പം മാറി ആഞ്ഞിലിത്തറയുടെ നിഴല്‍ പറ്റി മൂന്നുനാലുപേരെക്കാണാം. അതില്‍ രണ്ടു പേര്‍ക്ക് തലയില്‍കെട്ടുണ്ട്. അവര്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചിരിക്കുന്നു! . വേറെ രണ്ടു പേര്‍ക്ക് പാന്‍സും ഷര്‍ട്ടുമാണ് വേഷം. ഒരാള്‍ തോര്‍ത്ത് അരയില്‍ കെട്ടിയിരിക്കുന്നു. അവരുടെ ചുണ്ടത്തെ എരിയുന്ന ബീഡികള്‍ മിന്നാമിനുങ്ങുകളെപ്പോലെ കാണപ്പെട്ടു. ചിലര്‍ എഴുനേറ്റ് അല്പം നടന്നു പോകും. ഇത്തിരി കഴിയുമ്പോള്‍ മടങ്ങി വരും. അയ്യപ്പേട്ടന്‍ പറയാറുള്ളതോര്‍ത്തു,
“സാറേ, ഇതു പഴയ നാടൊന്നുമല്ല! നഗരത്തിന്റെ എല്ലാ വൃത്തി കേടുകളും ഇവിടുണ്ട്. സന്ധ്യകഴിഞ്ഞു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു തന്നെ പേടിയാ. പെണ്‍പിള്ളേരുള്ള തന്തമാരുടെ നെഞ്ചില് എപ്പൊഴും തീയാ.”
അസ്വസ്ഥതയോടെ ഞാനെഴുനേറ്റ് കട്ടിലില്‍ വന്നു കിടന്നു. യാത്രയുടെ ക്ഷീണമുണ്ട് ശരീരത്തിന്. ഒരു ബഹളം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. തെരുവില്‍ നിന്നാണ്. ജനാലക്കല്‍ വന്നു നോക്കി. തെരുവു വിളക്കിന്റെ പ്രകാശത്തില്‍, ഒരുവന്‍ വഴിയില്‍ക്കിടന്നു പിടയുന്നതു കാണാം. അപകടമാകുമോ. അയാള്‍ ഉച്ചത്തിലെന്തോ വിളിച്ചു പറയുന്നുണ്ട്. അയാളുടെ ദേഹം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത് ചോരയല്ലേ? കടത്തിണ്ണകളില്‍ ഇറങ്ങി നിന്ന് പലരും ഇതെല്ലാം കാണുന്നുണ്ട്. എന്താണാരും അയാളുടെ അടുകà! കലേക്കു ചെല്ലാത്തത്…..
ഞാന്‍ വേഗം ഷര്‍ട്ടെടുത്തിട്ട് പടികളിറങ്ങി.
“അയ്യപ്പേട്ടാ….അയ്യപ്പേട്ടാ…..”
“എന്താ സാര്‍ എന്തുപറ്റി…”
അയ്യപ്പേട്ടന്‍ എങ്ങുനിന്നോ ഓടിക്കിതച്ചെത്തി.
”പുറത്തൊരു ബഹളം . ഒരാള്‍ റോഡില്‍ കിടന്നു പിടയുന്നു. ദേഹത്തെല്ലാം ചോര പുരണ്ടിട്ടുണ്ട്. അയാളെ ആരും ആശുപത്രിയില്‍ എത്തിക്കുന്നില്ല. അയ്യപ്പേട്ടന്‍ വരൂ . നമുക്കൊന്നു പോയി നോക്കാം.”
“എന്റെ സാറേ … സാറെന്താ ഈ പറയുന്നേ… ഇതൊക്കെയിവിടെ പതിവാ.. ആ റൗഡി വാസു ഒരുത്തനെ കുത്തിയതാ. വാസു അവിടുന്നു പോയിക്കഴിഞ്ഞാല്‍ ആരെങ്കിലും അവനെ ആശുപത്രിയിലാക്കിക്കോളും.
” സാറു വെറുതേ പുലിവാലൊന്നും പിടിക്കണ്ട.”
“ആരാണീ വാസു.”, ആകാംക്ഷയോടെ ഞാന്‍ തിരക്കി.
“അവനിവിടുള്ള ഒരു റൗഡിയാ സാറേ. അവന്‍ മാത്രമല്ല, വേറേ രണ്ടു മൂന്നു പേരും കൂടിയുണ്ട്. ആ ആഞ്ഞിലിത്തറയിലാ അവരുടെ ഇരിപ്പ്. എസ്റേറ്റു മുതലാളിമാര്‍ക്കും, ബ്ളേഡുകാര്‍ക്കും, സീസണായാല്‍ രാഷ്ട്രീയക്കാര്‍ക്കും വേണ്ടി കൊട്ടേഷന്‍ പണിയാ അവരുടെ ജോലി. ഇടയ്ക്കിടെ പട്ടണത്തില്‍ നിന്നും വലിയ വണ്ടികള്‍ വരും. ഇവരേം കേറ്റി പോകും. കുറേക്കഴിഞ്ഞ് തിരികേം കൊണ്ടു വിടും. ഇതൊക്കെയിവിടെ പതിവു കാഴ്ചയാ. സാറു മുറിയിലേക്കു ചെന്നാട്ടെ. ആ പയ്യന്‍ ഇപ്പോത്തന്നെ സാറിനുള്ള ചോറുമായെത്തും.”
ഒന്നാലോചിച്ച് ,മടിച്ചു മടിച്ച് ഞാന്‍ മുറിയിലേക്കു നടന്നു. ജനാലക്കല്‍ ചെന്ന് തെരുവിലേക്കു നോക്കി.തെരുവ് വിജനമാണ്. കുത്തേറ്റവനെ ആരോ എടുത്തുകൊണ്ടു പോയിരിക്കുന്നു. അയാള്‍ കിടന്നിടത്ത് ചോരയുടെ കറുപ്പു കാണാം. കാറ്റിന് ചോരയുടെ ഗന്ധം. വേഗം ജനലടച്ചു. പയ്യന്‍ കൊണ്ടുവച്ച ചോറും കറികളും മേശമേലുണ്ട്. ഉണ്ണാന്‍ കഴിഞ്ഞില്ല. കണ്ണിറുക്കിയടച്ച് തലയിണയില്‍ മുഖം ചേര്‍ത്ത് ഏറെ നേരം കിടന്നു. രാവിലെ ക്ഷേത്ര ദര്‍ശനവും പതിവു വഴിപാടുകളും നടത്തി മടങ്ങുമ്പോള്‍ സമയം ഒമ്പതരയായി. ആഞ്ഞിലിത്തറയുടെ മുന്നിലൂടെ നടക്കുമ്പോള്‍ കഞ്ചാവു പുകയുടെ ഗന്ധം നാസികയില്‍ നിറഞ്ഞു. ചോരക്കണ്ണുള്ള ഒരുവന്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടോ. ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ വേഗം നടന്നു. തലേന്നത്തെ സംഭവസ്ഥലത്ത് ചോരപ്പാടു കാണാം. രാത്രി പെയ്ത മഴയില്‍ റോഡുവക്കത്തേക്കൊലിച്ചിറങ്ങിയ ചോരയുടെ പാട്, പുളഞ്ഞു പോകുന്ന പാമ്പിനെ ഓര്‍മ്മിപ്പിച്ചു. ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു.
പിന്നില്‍ കഞ്ചാവു വലിക്കാര്‍ തുറുകണ്ണുകളോടെ എന്നെത്തന്നെ നോക്കുന്നതെന്തിന്? വേഗം നടന്നു.
നാണുവിന്റെ ചായപ്പീടികക്കു മുന്നിലെത്തിയപ്പോള്‍ അയാള്‍ വിളിച്ചു.
“സാറേ വാ, ചൂടുള്ള പുട്ടും കടലയും കഴിക്കാം.”
ഭക്ഷണത്തെപ്പറ്റി അപ്പോഴാണോര്‍മ്മ വന്നത്. തലേന്നു രാത്രിയും ഒന്നും കഴിക്കുകയുണ്ടായില്ല. വയറുകത്തുന്നുണ്ട്. പീടികയിലേക്കു കയറി ബെഞ്ചിലിരുന്നു. നാണു ചോദിച്ചതിനൊക്കെ വെറുതേയുള്ള മൂളലുകളിലൂടെ ഉത്തരം കൊടുത്തു. നൂറു രൂപയുടെ നോട്ടുനല്കി ബാക്കി വാങ്ങാതെ ഇറങ്ങി നടക്കുമ്പോള്‍ നാണു തിരക്കി, “സാറിനിതെന്തു പറ്റി ഇങ്ങനെയൊന്നും പതിവില്ലാത്തതാണല്ലോ.”
പതിവുള്ളതൊന്നുമല്ലല്ലോ നാണൂ ചുറ്റും നടക്കുന്നത് എന്നു പറയണമെന്നു തോന്നിയെങ്കിലും വെറുതെയൊന്നു ചിരിക്കുക മാത്രം ചെയ്ത് ബാക്കിയും വാങ്ങി മുറിയിലെത്തി.
അന്നത്തെ പകല്‍ പതിവിലധികം വിരസമായനുഭവപ്പെട്ടു. പകുതി വായിച്ചു നിര്‍ത്തിയ പുസ്തകം ബാഗില്‍ നിന്നും പുറത്തെടുത്ത് ജനാലക്കരുകില്‍ ചെന്നിരുന്നു. പുസ്തകം വായിച്ചു തീര്‍ത്ത് മടക്കുമ്പോഴേക്കും പന്ത്രണ്ടരയായി. ആഞ്ഞിലിത്തറക്കടുത്ത് ഒരു ബസ്സു വന്നു നിന്നിരിക്കുന്നു. മൂന്നോ നാലോ കോളേജു വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങി നടക്കുന്നുണ്ട്. ഏതോ ഒരു വിദ്യാര്‍ത്ഥി സംഘടന ഇന്ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്ന വാര്‍ത്ത പത്രത്തിന്റെ ആദ്യപേജില്‍ തന്നെ വായിച്ചതോര്‍ത്തു. പെണ്‍കുട്ടികള്‍ നടന്ന് ആഞ്ഞിലിത്തറയുടെ സമീപമെത്തിയതോടെ റോഡു മുറിച്ചു കടന്ന് മറുവശം ചേര്‍ന്ന് നടപ്പുതുടര്‍ന്നു.
ചട്ടമ്പികള്‍ എന്തോ വിളിച്ചു പറയുന്നതിനനുസരിച്ച് പെണ്‍കുട്ടികളുടെ നടത്തത്തിന് വേഗത കൂടി. ഒരു ചട്ടമ്പി എഴുനേറ്റ് എവരെ പിന്‍തുടരുകയാണോ……
ദൈവമേ … എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഇത്രയും ആഭാസരുള്ള ഈ തെരുവില്‍ ഒരു പോലീസുകാരനെപ്പോലും കാണാത്തതില്‍ ഞാന്‍ അതിശയിച്ചു.
എന്റെ സംശയം ശരിയാണ്. അവന്‍ അടുക്കുന്തോറും പെണ്‍കുട്ടികളുടെ നടത്തത്തിന്റെ വേഗത കൂടിക്കൂടി വന്നു. അവരിപ്പോള്‍ ഓടുകയാണ്. ആഞ്ഞിലിത്തറയിലിരിക്കുന്ന ബാക്കി മൂന്നുപേരില്‍ രണ്ടുപേര്‍ കൂകി വിളിക്കുകയും ചൂളമടിക്കുകയും ചെയ്യുന്നുണ്ട് മറ്റൊരുവന്‍ ഇതൊന്നും ശ്രദ്ധിക്കാതെ വെറുതേ ബീഡി പുകച്ചിരിക്കുന്നു.
പെണ്‍കുട്ടികളും ചട്ടമ്പിയും കണ്ണില്‍ നിന്നും മറഞ്ഞു. തെരുവ് ഒന്നുമറിയാത്തതു പോലെ ജോലികള്‍ തുടരുന്നു. എനിക്കിവിടെ നില്‍ക്കേണ്ട. ഇപ്പോള്‍ തന്നെ തിരിച്ചു പോകണം. ഞാന്‍ വേഗം സാധനങ്ങളെല്ലാം അടുക്കി പെട്ടിയില്‍ വച്ചു. ജനാലയടച്ച് , ഒരു കവിള്‍ വെള്ളവും കുടിച്ച് പുറത്തിറങ്ങി.
റിസപ്ഷന്‍ കൗണ്ടറിനു മുന്നില്‍ അമ്പരന്നു നില്ക്കുകയാണ് അയ്യപ്പേട്ടന്‍.
“എന്താ സാര്‍……… പ്രശ്നം വല്ലതും…..സാധാരണ ഗതിയില്‍ രണ്ടു ദിവസം സാറിവിടെ ഉണ്ടാവേണ്ടതാണല്ലോ”
അത് സാധാരണ പതിവല്ലേ അയ്യപ്പേട്ടാ. ഈ നാടും തെരുവുമൊക്കെ സാധാരണയില്‍ നിന്നും എത്രയോ മാറിപ്പോയിരിക്കുന്നു. പിന്നെ ഞാന്‍ മാത്രമെന്തിന് മാറാതിരിക്കണം.
ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് അത്രയ്ക്കങ്ങ് മനസ്സിലായില്ലെന്നു തോന്നുന്നു . ചാവിയേല്പിച്ച് പണവും കൊടുത്ത് ഞാനിറങ്ങി. ബസ്സ് സ്റോപ്പില്‍ ബസ്സ് കാത്തു നില്ക്കുമ്പോള്‍ ആഞ്ഞിലിത്തറയിലെ ചട്ടമ്പികള്‍ എന്തു ചെയ്യുകയാണെന്ന് ശ്രദ്ധീക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കൈത്തണ്ടയില്‍ വെള്ളത്തുണി ചുറ്റിയിട്ടുള്ള ഒരുവന്‍ മൊബൈല്‍ ഫോണിലൂടെ ഉച്ചത്തിലെന്തോ പറയുന്നുണ്ട്. ! കൈയ്യില്‍ ചുറ്റിയിരിക്കുന്ന തുണി മൂക്കിനോടു ചേര്‍ത്ത് അവന്‍ അതിന്റെ ഗന്ധം ആസ്വദിക്കുന്നു.
ഈശ്വരാ……..ആ പെണ്‍കുട്ടികളിലൊരുവള്‍ ധരിച്ചിരുന്ന വെളുത്ത ഷാളല്ലേ അത്! ഞാന്‍ സംശയിച്ചു. എനിക്കിനി ഈ നാട്ടില്‍ ഒരു നിമിഷം പോലും നില്ക്കേണ്ട. വണ്ടി വരാന്‍ വൈകുന്ന ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനായി.
പെട്ടെന്നൊരു പോലീസ് ജീപ്പ് വളവു തിരിഞ്ഞുവന്ന് ഞാന്‍ നില്ക്കുന്ന വെയിറ്റിങ് ഷെഡ്ഡിനു മുന്നിലൂടെ കടന്നു പോയി. മുന്‍ സീറ്റിലിരിക്കുന്ന പോലീസുകാരന്‍ ചുറ്റും നിരീക്ഷിക്കുന്നുണ്ട്. അത് ഇന്‍സ്പെക്ടറാവണം. ചട്ടമ്പികളിരിക്കുന്ന ആഞ്ഞിലിത്തറക്കു സമീപം വണ്ടി നിന്നു. ഒരു ചട്ടമ്പി ബീഡി വലിച്ചുകൊണ്ടുതന്നെ ജീപ്പിനു സമീപത്തേക്കു വന്നു. ഇന്‍സ്പെക്ടറും ചട്ടമ്പിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ബീഡി ദൂരെക്കളഞ്ഞ് അയാള്‍ മെല്ലെ നടന്ന് ജീപ്പിനു പിന്നില്‍ കയറി. ആ പോലീസ് ജീപ്പ് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ്.
വെയിറ്റിങ്ങ് ഷെഡ്ഡിനു മുന്നില്‍ പോലീസ് വണ്ടി സ്ളോ ചെയ്തതോടെ ഞാനാകെ പരിഭ്രമിച്ചു. ഇന്‍സ്പെക്ടര്‍ സംശയത്തോടെ എന്നെ വീക്ഷിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പരിഭ്രമം തലചുറ്റലായി. ജീപ്പിനു പിന്നിലിരുന്ന പോലീസുകാരന്‍ ഇറങ്ങി വരുന്നതും എന്നോട് എന്തെക്കെയോ ചോദിക്കുന്നതും ഞാന്‍ ആ വാഹനത്തിലേക്ക് എടുത്തു കയറ്റപ്പെടുന്നതും ഒരു നേര്‍ത്ത ഓര്‍മ്മയായുണ്ട്. മുഖത്തു പൊഴിഞ്ഞുവീണ വെള്ളത്തുള്ളികളുടെ തണുപ്പ് തീയുണ്ട പോലുള്ള രണ്ടു ചോദ്യങ്ങളുടെ ചൂടിനു വഴി മാറിപ്പോയത് ഞൊടിയിട കൊണ്ടാണ് . “താനേതാ…….എന്തിനിവിടെ വന്നു…….”
എന്നെ സംബന്ധിക്കുന്ന എല്ലാ സത്യങ്ങളിലും ആ തീഗോളങ്ങള്‍ കത്തിപ്പടര്‍ന്നു. ഒടുവില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കുന്ന സംതൃപ്തിയോടെ ആ മഹാരഹസ്യവും ഞാന്‍ വെളിപ്പെടുത്തി ,”സര്‍, ഞാനെന്നും കണ്ടിട്ടില്ല. ഈ നാട്ടിലെ ഒരു കാര്യവും എനിക്കറിയില്ല. ഞാനൊന്നും കണ്ടിട്ടില്ല. ഇന്നലെ രാത്രി പ്രത്യേകിച്ചും.”
ഞാന്‍ പറഞ്ഞു നിര്‍ത്തിയതും വണ്ടി നിന്നതും പെട്ടെന്നായിരുന്നു. അതുവരെ മറ്റെന്തോ ശ്രദ്ധിച്ചിരുന്ന ചട്ടമ്പിയുടെ മുഖം ചുവന്നുതുടുത്തു.
തെല്ലു നേരത്തെ നിശബ്ദ്തയെ ഭഞ്ജിച്ചുകൊണ്ട് ഇന്‍സ്പെക്ടര്‍ കല്പിച്ചു.
“ഉം….. നീ പൊയ്ക്കോ………..”
ജീപ്പിന്റെ പിന്‍ഡോര്‍ തുറക്കപ്പെട്ടു. ചട്ടമ്പിയുടെ ചോരക്കണ്ണുകള്‍ ഒരു താക്കീതു പോലെ തിളങ്ങി നിന്നു .ഞാനിറങ്ങി തൊട്ടടുത്ത ബസ്സ് സ്റോപ്പിലേക്കു പാഞ്ഞു, ഒന്നും കാണാതെ, ഒന്നും കേള്‍ക്കാതെ, ഒന്നും മിണ്ടാതെ.
Generated from archived content: story1_feb24_12.html Author: c_sreekumar-1