‘കൊമാല’ പോലൊരു കേരളം

കൊമാല ആത്മാക്കളുടെ ഗ്രാമമാണ്‌. അവിടുത്തെക്കാറ്റിനു പോലും കെട്ട പുളിച്ച നാറ്റം മാത്രം! തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്‌ടങ്ങൾ. മനുഷ്യന്റെ കാൽ പതിഞ്ഞിട്ട്‌ പതിറ്റാണ്ടുകൾ കഴിഞ്ഞ ഇടവഴികൾ. എരിഞ്ഞടങ്ങുവാൻ കൂട്ടാക്കാത്ത നിരവധി മോഹങ്ങളുമായി ഒരു കൂട്ടം ആത്മാക്കൾ കാറ്റുപോലെ അലയുന്ന വിജനമായ ഗ്രാമം!

മെക്‌സിക്കൻ നോവലിസ്‌റ്റായ ‘ഹുവാൻ റൂൾഫോ’ യുടെ ‘പെദ്രോപരാമോ’ എന്ന നോവലിലൂടെ പ്രസിദ്ധമായിത്തീർന്ന ‘കൊമാല’ എന്ന ഗ്രാമത്തിന്റെ പേര്‌ തലക്കെട്ടായി നല്‌കിക്കൊണ്ട്‌ ഒരു ചെറുകഥ 2004 നവംബർ മാസത്തിലെ മാതൃഭൂമി ആഗ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ ഏറെ കൂതുകത്തോടെയാണ്‌ അത്‌ വായിച്ചു തുടങ്ങിയത്‌. കർഷക ആത്മഹത്യകൾ നിത്യവാർത്തകളായി പത്രത്താളുകളിൽ നിറഞ്ഞിരുന്ന കാലമായിരുന്നു അത്‌. മലയാള ടെലിവിഷൻ ചരിത്രത്തിൽ, സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം പുതിയൊരു ദൃശ്യമാധ്യമ സമസ്‌കാരത്തിനു രൂപം കൊടുത്ത കാലം. കൊമാല എന്ന കഥയിലും ഇതുതന്നെയായിരുന്നു വിഷയം. സന്തോഷ്‌ ഏച്ചിക്കാനം എന്ന ചെറുകഥാകൃത്ത്‌ ആദ്യമായി നാലാളറിയുന്ന എഴുത്തുകാരനായതും അന്നാണ്‌.

മലയാള ചെറുകഥാ ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റടിപ്പിച്ച ചെറുകഥയായിത്തീർന്നു കൊമാല. ഒരു പക്ഷേ 1992-ൽ പുറത്തുവന്ന എൻ എസ്സ്‌ മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന കഥ നമ്മുടെ ചെറുകഥാരംഗത്തുണ്ടാക്കിയ വൻ മാറ്റത്തിനു സമാനമായിരുന്നു അത്‌. ഈ കഥ മലയാളിയുടെ നിസ്സംഗമനോഭാവത്തെ മാത്രമല്ല തൊട്ടത്‌. ദൃശ്യമാധ്യമങ്ങളെ, പൊങ്ങച്ചപ്രകടനം മാത്രം ലക്ഷ്യമാക്കി ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്‌ഥപ്രമാണിമാരെ, തട്ടിപ്പു വീരന്മാരെ എന്നു വേണ്ട സമസ്‌ത മലയാളിക്കും അപ്രതീക്ഷിതമായി കിട്ടിയ ഒരടിയായിരുന്നു ആ ചെറുകഥ.

ടെലിവിഷൻ ചാനലിലെ ന്യൂസ്‌ ടൈം വാക്കുകളിലൂടെ പകർത്തിക്കാട്ടിയാണ്‌ കഥ ആരംഭിക്കുന്നത്‌. ദൃശ്യ പ്രതീതി പൂർണ്ണമായും സൃഷ്‌ടിച്ചാണ്‌ അതിന്റെ വളർച്ച. ദൃശ്യഭാഷയെ പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കഥ മുന്നേറുമ്പോൾ പുത്തൻ മാദ്ധ്യമ സംസ്‌കാരത്തിന്റെ ചീഞ്ഞമുഖം വലിച്ചു കീറപ്പെടുകയായിരുന്നു.

ചർച്ചകളെ പൊങ്ങച്ചപ്രകടനത്തിനുള്ള വേദിയാക്കി ഉപയോഗിക്കാൻ പഠിച്ചു കഴിഞ്ഞ സമൂഹ്യപ്രമാണിമാർ നടത്തുന്ന വാഗ്വിലാസങ്ങളുടെ പെരുമഴതീരുമ്പോഴും ദരിദ്രവാസിയായ വിശ്വൻ കുണ്ടൂർ എന്ന കഥാനായകന്റെ പ്രശ്‌നം ഒരു പരിഹാരവുമില്ലാതെ അവശേഷിക്കുകയാണ്‌. സുധാകരൻ എന്ന സുഹൃത്തിന്‌ ജാമ്യം നിന്നതിന്റെ പേരിൽ, വിശ്വന്റെ ആകെയുള്ള ​‍േഏഴര സെന്റ്‌ ഭൂമിയും തേപ്പുകഴിയാത്ത വീടും ബാങ്ക്‌ ജപ്‌തി ചെയ്യും എന്ന അവസ്‌ഥയിലാണ്‌. കുടുംബത്തോടൊപ്പം തെരുവിലേക്കിറങ്ങുന്നതിലും ഭേദം ആത്മഹത്യയാണെന്ന്‌ തീരുമാനിച്ച ആ കുടുംബം അതിനായി ആഗസ്‌റ്റ്‌ 15 തന്നെ തിരഞ്ഞെടുത്തു. ഈ വിവരം വീടിനു മുന്നിൽ ബോർഡെഴുതി തൂക്കിയതാണ്‌ അയാളുടെ പ്രശ്‌നം മാദ്ധ്യമ ശ്രദ്ധയാകർഷിക്കാൻ കാരണമായത്‌. മാധ്യമങ്ങൾ ഈ പ്രശ്‌നം ഏറ്റെടുക്കുകയും അവർക്ക്‌ ആവശ്യമായ വിധത്തിൽ അതിനെ പൊലിപ്പിച്ചെടുക്കുകയും ചെയ്‌തു.

ന്യൂസ്‌ ടൈമിലെ ചർച്ചകൾക്കിടയിൽ കടന്നു വരുന്ന പരസ്യങ്ങളും പ്രധാനവാർത്തകളും വിശ്വൻ കുണ്ടൂരടക്കമുള്ള പാവപ്പെട്ടവരുടെ നേരെ കൊഞ്ഞനം കുത്തുന്നവയാണ്‌. ‘മുലൂർ ടവേഴ്‌സ്‌ ആന്റ്‌ റസിഡെൻസി’ എന്ന വൻകിട ഫ്‌ളാറ്റ്‌ നിർമ്മാതാക്കളാണ്‌ ന്യൂസ്‌ ടൈം സ്‌പോൺസർ ചെയ്യുന്നത്‌. പ്രധാന വാർത്തകളിൽ ആണവ സഹകരണവും അമ്യൂസ്‌മെന്റ്‌ പാർക്കും ശബരിമലയും ക്രിക്കറ്റ്‌ ടെസ്‌റ്റും കടന്നു വരുന്നു. ആകെയുള്ള ഏഴരസെന്റ്‌ ഭൂമിയും തേപ്പുകഴിയാത്ത വീടും ബാങ്ക്‌ ജപ്‌തി ചെയ്യും എന്ന അവസ്‌ഥയും, ഈ വാർത്തകളും പരസ്യങ്ങളും, തമ്മിലുള്ള പൊരുത്തക്കേട്‌ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്‌.

കഥയിൽ വിശ്വൻ ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്ന വിഷയത്തിൽ എസ്സ്‌ എം.എസ്സ്‌ അയക്കാൻ ഒരു മലയാളിയും തയ്യാറായില്ല. ആണവസഹകരണമായിരുന്നു വിഷയമെങ്കിൽ എസ്സ്‌ എം എസ്സുകൾ കുമിഞ്ഞു കൂടിയേനെ! മലയാളിയുടെ കപട പ്രതികരണശേഷിയുടെ യഥാർത്ഥ മുഖം കഥയുടെ 2-​‍ാം പകുതിയിൽ കൂടുതൽ വ്യക്തമാകുന്നുണ്ട്‌. അപകടത്തിൽപ്പെട്ട മനുഷ്യനെ രക്ഷിക്കുന്നതിനു പകരം ‘മൃതശരീരങ്ങൾ പോലെ’ ഭക്ഷണം കഴിക്കുന്നതിൽ മുഴുകിയിരിക്കുന്ന മലയാളികൾ പേടിപ്പെടുത്തുന്ന ഒരു യഥാർത്ഥ്യമാണ്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച ആളുടെ അവസാന ദൃശ്യങ്ങൾ ലൈവായി ടെലിവിഷനിൽ കണ്ട മലയാളികൾക്ക്‌ ഇതിലൊന്നും അതിശയോക്തിയുടെ തെല്ലുമുള്ളതായി തോന്നുകയില്ല. പക്ഷേ കഥയുടെ അന്ത്യത്തിൽ വലിയൊരു ജീവിതപാഠമാണ്‌ വിശ്വൻ കുണ്ടൂർ നേടുന്നത്‌. ഓരോ മനുഷ്യനും സമൂഹത്തോട്‌ കടക്കാരനാണെന്നും മരണത്തെ അഭിമുഖീകരിച്ച അപരിചിതനോട്‌, രണ്ടു തുള്ളി വെള്ളത്തിന്റ കടമാണ്‌ തനിക്കുണ്ടായിരുന്നതെന്നും വിശ്വൻ കുണ്ടൂർ തിരിച്ചറിയുന്നു. തന്നെക്കൊണ്ട്‌ ആർക്കൊക്കെയോ ഇനിയും ആവശ്യമുണ്ടെന്നും കടങ്ങൾ പലതും തനിക്ക്‌ സമൂഹത്തോട്‌ ബാക്കി നില്‌ക്കുന്നുണ്ടെന്നും തിരിച്ചറിയുന്ന വിശ്വൻ ആത്മഹത്യാതീരുമാനം മാറ്റുകയാണ്‌.

സുധാകരന്റെ പ്രവർത്തിയുടെ ഫലമെന്നോണം തെറ്റായ ജീവിത പാഠങ്ങൾ പഠിച്ച വിശ്വൻ കുണ്ടൂർ പക്ഷേ കഥാന്ത്യത്തിൽ ശരിയായ കാഴ്‌ചപ്പാടിനുടമയാവുകയാണ്‌. ഈ കാഴ്‌ചപ്പാട്‌ ഏതൊരു മലയാളിക്കും ഉണ്ടായിരിക്കേണ്ടതും എന്നാൽ ഇന്ന്‌ കൈമോശം വന്നുകൊണ്ടിരിക്കുന്നതുമാണ്‌. ഇത്തരമൊരു കഥ പ്രമേയത്തിലെ പുതുമയും ഭാഷയിലെ പുതുമയും കൊണ്ടുമാത്രമല്ല. സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നതാകയാലും പ്രാധാന്യം അർഹിക്കുന്നതായിരുന്നു. കഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ട്‌ ആറു വർഷം പിന്നിടുമ്പോൾ ആ വിഷയത്തിന്റെ പ്രാധാന്യം അന്നത്തേക്കാൾ വർദ്ധിച്ചിരിക്കുകയാണ്‌. ഈ കഥയുടെ ഒരു പുനർവായന പുതിയ തലമുറയ്‌ക്ക്‌ കൈമോശം വന്ന ജീവിതവീക്ഷണത്തിന്റെ രൂപീകരണത്തിന്നുതകുമെന്ന്‌ പ്രത്യാശിക്കാം.

Generated from archived content: essay1_nov18_10.html Author: c_sreekumar-1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസെൽഫോണും മാനവസുരക്ഷയും – 4
Next articleശുദ്ധഭാഷ = പക്വമനസ്സ്‌
തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു. വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌. ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി. 2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. വിലാസംഃ കരോട്ടുമഠത്തിൽ തട്ടക്കുഴ (പി.ഒ.) തൊടുപുഴ- 685 581. Address: Phone: 9496745304

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English