ലോകം വീണ്ടും ഇന്ത്യയെ കാണുകയാണ്. അധോലോകവും ചേരികളും മതതീവ്രവാദവും പട്ടിണിയും വ്യഭിചാരശാലകളും നിറഞ്ഞ നഗരങ്ങളുടെ നേർക്കാഴ്‌ചയിലൂടെ ഇന്ത്യയെന്ന യഥാർത്ഥ്യത്തെ അവരറിയുകമയാണ്. ‘സ്ലം ഡോഗ് മിലെനിയർ’ എന്ന ചലച്ചിത്രം 8 ഓസ്‌കറുകൾ നേടി ചരിത്രം തിരുത്തിക്കുറിക്കുമ്പോൾ ആനന്ദം കൊള്ളുന്നതിനോടൊപ്പം അസ്വസ്‌ഥനാവാതിരിക്കാനും ഇന്ത്യാക്കാരനു സാധിക്കുകയില്ല. കാരണം ആ ചിത്രം പുതിയ സഹസ്രാബ്‌ദത്തിലെ ഇന്ത്യയുടെ ഒരു നേർ ചിത്രം കൂടിയാണ്. ആക്ഷേപങ്ങൾ അനവധിയുണ്ടാകാം. പക്ഷേ ഇതും ഇന്ത്യ തന്നെ. അല്ലെന്നു പറയാൻ ഒരിന്ത്യക്കാരനും കഴിയുകയില്ല. എന്നാൽ ലോകമറിയേണ്ട ഒന്നു കൂടിയുണ്ട്. ഇതുമാത്രമല്ല ഞങ്ങളുടെ ഇന്ത്യ. ഇത് ഇന്ത്യൻ ജീവിതത്തിന്റെ ഒരു വശം. അതുമാത്രം. അത്രമാത്രം. ഇന്ത്യയെന്ന യഥാർത്ഥ്യം അതിനുമപ്പുറത്തു പലതുമാണ്. ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ വിദേശിയും ഇതിൽ കണ്ടതു മാത്രമാണ് യഥാർത്ഥ ഇന്ത്യ എന്നു ചിന്തിക്കുന്നണ്ടെങ്കിൽ ഞങ്ങൾ ദുഖിതരാണ്.
മുംബൈ എന്ന മഹാനഗരിയിലെ ചേരികളിലൊന്നിൽ (ധാരാവി). പൊള്ളിക്കുന്ന ജീവിതാനുഭവങ്ങൾക്കിടയിൽ അവർ സുഹൃത്തുക്കളായി. ജമാലും സലീമും. പേമഴ പെയ്യുന്ന ഒരു രാത്രിയിൽ അവരോടൊപ്പം ലതികയെന്ന കൊച്ചുപെൺകുട്ടിയും എത്തുന്നു. കുട്ടികളെ തട്ടിയെടുത്ത് ഭിക്ഷാടനത്തിനും മോഷണത്തിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്ന സംഘത്തിന്റെ വലയിലാവുന്ന ഈ കുട്ടികളിൽ ജമാലും സലീമും പിന്നീട് രക്ഷപെടുന്നു. ലതികയെ രക്ഷിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. നഗരത്തിന്റെ ഇരുണ്ട കോണുകളിൽ വളരുന്ന അവർ തങ്ങളുടെ ഓരോ ശ്വാസത്തിലും ലതികയെന്ന കൂട്ടുകാരിയുടെ രോദനം മറക്കാതെ സൂക്ഷിച്ചു. അധോലോക സംഘത്തിലൂടെ വളർച്ച നേടുന്ന സലീമും, നഗരത്തിലെ ചായക്കച്ചവടക്കാരനാവുന്ന ജമാലും വർഷങ്ങൾക്കുശേഷം ലതികയെ കണ്ടെത്തി രക്ഷപെടുത്തുന്നു. പ്രേം എന്ന സൂപ്പർ താരം അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ പങ്കടുക്കാൻ കിട്ടുന്ന അവസരം ജമാലിന്റെ ജീവിതം മാറ്റിമറിക്കുന്നു. ഓരോ ചോദ്യത്തിനും അവന് കൃത്യമായ ഉത്തരമുണ്ട്. കാരണം ജീവിതമാണ് അവന്റെ പാഠപുസ്‌തകം. അനുഭവങ്ങളാണ് ഗുരു. റിയാലിറ്റി ഷോയിലൂടെ കോടീശ്വരനാവുന്ന ജമാലിന്റെ തീവ്ര പ്രണയത്തിനു മുൻപിൽ തടസ്സങ്ങൾ വഴിമാറുമ്പോൾ ലതികയെന്ന ബാല്യകാല സഖിയും അവനു സ്വന്തം.
“വിദേശ സിനിമകൾ ഇന്ന് വിഷയ ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. സാങ്കേതിക മായാജാലങ്ങൾ നിറഞ്ഞ ഒരു തരം സർക്കസ്സായി ഇന്നത്തെ സിനിമ മാറിയിരിക്കുന്നു. അമ്പരപ്പിക്കുന്ന അന്തരീക്ഷം, അവിശ്വസനീയമായ സംഭവഗതികൾ അപരിചിതമായ കഥാപാത്രങ്ങൾ എന്നിവയാണതിൽ കാണുക. ജുറാസ്സിക് പാർക്ക്, ഇൻഡിപെൻഡൻസ് ഡേ, ട്വിസ്‌റ്റർ. വിഷൻ ഇംപോസ്സിബിൾ തുടങ്ങി കോളിളക്കം സൃഷ്‌ടിച്ച ചിത്രങ്ങൾ നോക്കുക. ഇവയിലൊന്നും തന്നെ നമുക്കു പരിചിതമായ മനുഷ്യ ജീവിതമല്ല. മനുഷ്യ സഹജമായ വികാരങ്ങളും.” ഹോളിവുഡ്‌ഡ് ചിത്രങ്ങളെക്കുറിച്ച് ചലച്ചിത്രദർശനത്തിൽ വി ആർ. ഗോവിന്ദനുണ്ണി നടത്തുന്ന ഈ പരാമർശം കേവലം യാഥാർത്ഥ്യം മാത്രമാണ്. ഈ സാഹചര്യത്തിൽ തീവ്ര പ്രണയത്തിന്റേയും പൊള്ളിക്കുന്ന ജീവിത സാഹചര്യങ്ങളുടേയും വിലയിരുത്തലായി പ്രത്യക്ഷപ്പെടുന്ന ‘സ്ലം ഡോഗ് മിലെനിയർ’ എന്ന ചലച്ചിത്രം നിരവധി ബ്രിട്ടീഷ് ചലച്ചിത്രപുരസ്‌കാരങ്ങൾക്കു പുറമേ, മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരങ്ങൾ അടക്കം 8 ഓസ്‌കറുകൾ വാരിക്കൂട്ടിയതിലും അത്ഭുതമില്ല. വഴി തെറ്റി മേഞ്ഞു നടന്ന ഹോളിവുഡ്്ഡിന് നേർ വഴി സംബന്ധിച്ച മുന്നറിയിപ്പുകൾ നല്‌കാൻ ഡാനി ബോയിലിന്റെ സ്ലം ഡോഗ് മിലെനിയറിനു കഴിഞ്ഞിട്ടുണ്ട് എന്നതും ആശ്വാസകരമാണ്.
കച്ചവട സിനിമയുടെ നിക്ഷിപ്‌ത താല്‌പര്യങ്ങൾ ഏൽപ്പിക്കുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ബോളിവുഡ്‌ഡിനും ഒരിക്കലും കഴിയാറില്ല. വെറും മാംസ പ്രദർശനമായി മാറുന്ന ഗാനരംഗങ്ങളും യാഥാർത്ഥ്യത്തിനും നേരേ കൊഞ്ഞനം കുത്തുന്ന ആക്‌ഷൻ രംഗങ്ങളും കുത്തി നിറച്ച്, യുവാക്കളെ മാത്രം അഭിസംബോധന ചെയ്‌ത് പുറത്തു വരുന്ന സ്വപ്നങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കരണങ്ങളാണ് ബോളിവുഡ്‌ഡ് സിനിമ. ബോളിവുഡ്‌ഡിനേയും ഹോളിവുഡ്‌ഡിനേയും മാറിചിന്തിക്കുവാൻ പ്രേരിപ്പിച്ചു എന്നതാണ് സ്ലം ഡോഗ് മിലെനിയറിനു ലഭിച്ച ഓസ്‌കറിനേക്കാൾ വിലമതിക്കുന്ന പുരസ്‌ക്കാരം.
‘സ്ലം ഡോഗ് മിലെനിയർ’ ഒരു മനോഹരമായ പ്രണയചിത്രമാണ്. റ്റൈറ്റാനിക്കിനു ശേഷം ഹോളിവുഡ്‌ഡിൽ നിന്നും ലോകത്തിനു ലഭിക്കുന്ന മികച്ച പ്രണയചിത്രവും ഇതുതന്നെയാവണം. ഒരു ചെറുകഥയുടെ ശില്‌പഭംഗി ഈ സിനിമയ്‌ക്കുണ്ട്. മിതത്വവും ഒതുക്കവുമുള്ള ചിത്രം. റഹ്‌മാന്റെ സംഗീതം റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും ഏറ്റവും മികച്ചതും തികഞ്ഞ ഔചിത്യം പുലർത്തുന്നതുമാണ്. ആന്റണി ഡോഡ് മാന്റലിന്റെ ഫോട്ടോഗ്രാഫിയും, ക്രിസ്‌ഡിക്കൻസിന്റെ എഡിറ്റിങ്ങും എടുത്തു പറയേണ്ടവ തന്നെ.
ജമാൽ മാലിക്കിനെ അവതരിപ്പിച്ച ദേവ് പട്ടേലും ജമാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച താനയ് ഹേമന്ദും ആയുഷ് മഹേഷും ലതികയെ അവതരിപ്പിച്ച ഫ്രീഡ പിന്റോയും പോലീസ് ഓഫീസറുടെ വേഷമിട്ട ഇർഫാൻ ഖാനും പ്രേമായി എത്തുന്ന സാക്ഷാൽ അനിൽ കപൂറും തന്മയത്വത്തോടെ കഥാപാത്രങ്ങൾക്കു ജീവൻ പകർന്നിരിക്കുന്നു. ഹിന്ദി സിനിമയുടെ അമിതാഭിനയ വ്യഗ്രത ഈ ഹോളിവുഡ്‌ഡ് ചിത്രത്തിൽ തീർത്തുമില്ല എന്നത് ആശ്വാസകരമായി അനുഭവപ്പെടും.
വികാസ് സ്വരൂപ് എഴുതിയ “Q&a” എന്ന നോവലിനെ ആസ്‌പദമാക്കി സേർച്ച് ലൈറ്റ് പിക്‌ചേഴ്‌സിനു വേണ്ടി സെലാഡർ ഫിലിംസ് പുറത്തിറക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഡാനി ബോയിലും തിരക്കഥ സൈമൺ ബ്യൂട്ടോയും നിർവ്വഹിക്കുന്നു. ഒരു സാഹിത്യകൃതിയെ ആസ്‌പദമാക്കി ചലച്ചിത്രമെടുക്കുമ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിൽ ചലച്ചിത്രകാരൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബിഭൂതി ഭൂഷന്റെ ‘പഥേർ പാഞ്ചാലി’ എന്ന നോവലിനെ ചലച്ചിത്രമാക്കിയപ്പോൾ സത്യജിത്ത് റേ വരുത്തിയ മാറ്റങ്ങൾ ഉദാഹരണമാണ്. മലയാളത്തിൽ എം.ടി.യുടേയും മറ്റും ചില ചെറുകഥകളെ ചലച്ചിത്രമാക്കിയപ്പോൾ സാഹിത്യകാരന്റെ വാക്കുകളെ അതേപടി ചിത്രീകരിക്കാൻ ശ്രമിച്ച സംവിധായകർ പരാജയപ്പെട്ടത് നമുക്കറിവുള്ളതാണ്. ഈ കാര്യങ്ങളിലെല്ലാം വേണ്ട ശ്രദ്ധ കൊടുക്കുവാൻ ‘സ്ലം ഡോഗ് മിലെനിയറിന്റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഓസ്‌കർ നാമനിർദ്ദേശം ലഭിച്ചതോടുകൂടി ’സ്ലം ഡോഗ് മിലെനിയർ‘ പ്രദർശിപ്പിക്കപ്പെടുന്ന തിയേറ്ററുകൾ നിറഞ്ഞുകവിയുകയുണ്ടായി. ഓസ്‌കർ നാമനിർദ്ദേശത്തിനായി എന്തുവൃത്തുകെട്ട മാർഗ്ഗവും സ്വീകരിക്കാൻ ലോക സിനിമ മടിക്കാത്തതിന്റെ മുഖ്യ കാരണവും ഈ സാമ്പത്തിക ലാഭം തന്നെ ’സ്ലം ഡോഗ് മിലെനിയർ അത്തരത്തിലൊന്നാണെന്ന് ഞാൻ അർത്ഥമാക്കുന്നില്ല. ഓസ്‌കർ പുരസ്‌ക്കാരം സിനിമാ മികവിന്റെ അവസാന വാക്കാണ് എന്ന് കരുതരുത് എന്നു പറഞ്ഞുവെന്നു മാത്രം.
‘ലഗാൻ എന്ന ഇന്ത്യൻ ചലച്ചിത്രത്തിനു നേടാൻ കഴിയാതെ പോയതും അതിനപ്പുറവും സ്ലം ഡോഗ് മിലെനിയർ നേടിയിരിക്കുന്നു. ലഗാന് ആ നേട്ടം കൈവരിക്കാൻ കഴിയാതെ പോയത് എന്തു കാരണം കൊണ്ടായാലും സ്ലം ഡോഗ് മിലെനിയർ അതു നേടിയതിൽ അത്്ഭുതപ്പെടാനില്ല. സാമ്രാജ്യശക്തികൾക്കുമേൽ ദരിദ്രജനത നേടുന്ന വിജയം ഘോഷിക്കുന്ന ലഗാനെ അമേരിക്കൻ അക്കാദമിക്ക് ഒരിക്കലും അംഗീകരിക്കുവാൻ കഴിയുകയില്ല എന്നത് നമുക്കന്നേ അറിയാവുന്നതായിരുന്നു. അമേരിക്കൻ ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ എന്നും വിമുഖത പ്രകടിപ്പിച്ച ഹോളിവുഡ്‌ഡ് ഇന്ത്യയെന്ന വികസ്വര രാജ്യത്തിന്റെ ചേരിക്കാഴ്‌ചകളെ സ്വാഗതം ചെയ്‌തതിൽ ആർക്കാണത്ഭുതം!
എന്തായാലും 2009 ഫെബ്രുവരി 22 ഒരു മലയാളിക്കും മറക്കാനാവുന്നതല്ല. കാരണം ലോസ് ആഞ്ചലസ്സിലെ കൊഡാക് തിയേറ്ററിൽ, ഓസ്‌ക്കാർ നിശയിൽ ആദ്യമായി ഒരു മലയാളി ആദരിക്കപ്പെട്ടത് അന്നാണ്. റസൂൽ പൂക്കുട്ടി എന്ന സൗണ്ട് എഞ്ചിനീയർ. ഒപ്പം മലയാളത്തിന് മറക്കാനാവാത്ത നിരവധി ഈണങ്ങൾ നല്‌കിയ ആർ.കെ.ശേഖറിന്റെ മകനും. ഇ.ആർ. റഹ്‌മാന് ലഭിച്ചത് ഇരട്ട ഓസ്‌കർ. കൊല്ലം ജില്ലയിലെ കുഗ്രാമത്തിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള പൂക്കുട്ടിയുടെ പ്രയാണം കഷ്‌ടപ്പാടുകളുടേയും കൂടിയാണത്. സ്‌പോട്ടിൽ നിന്നു തന്നെ ശബ്‌ദങ്ങൾ പകർത്തി സന്ദർഭവുമായി സിനിമയിൽ കൂട്ടി യോജിപ്പിക്കുന്ന കോടികൾ മുടക്കുവരുന്ന പൂക്കുട്ടിയുടെ മാജിക്ക് മലയാള സിനിമയിൽ എന്നാണ് നമുക്കൊന്ന് കേൾക്കാൻ കഴിയുക? അനുദിനം പ്രതിസന്ധിയിലേയ്‌ക്കു കൂപ്പുകുത്തുന്ന മലയാളസിനിമയ്‌ക്ക് അതൊരു സ്വപ്‌നം മാത്രമാവുമോ? കാത്തിരുന്നു കാണാം. നേടാൻ ഏറെയുണ്ട് നമുക്ക്.
Generated from archived content: essay1_mar14_09.html Author: c_sreekumar-1