കേരളവർമ്മ പഴശ്ശിരാജ‘

ചരിത്രത്തോട്‌ നൂറുശതമാനവും നീതിപുലർത്തിയ ഒരു മഹത്തായ ചലച്ചിത്രം മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നു. ‘കേരളവർമ്മ പഴശ്ശിരാജ’. മലയാളം കണ്ട ഏറ്റവും മഹത്തായ ചരിത്രസിനിമയെന്നതിനെ നിസ്സംശയം വിശേഷിപ്പിക്കാം. കേരള ചരിത്രം കണ്ട ഏറ്റവും ശക്തനായ, പഴശ്ശിരാജയെന്ന പോരാളിയ്‌ക്ക്‌ എം.ടി.യും ഹരിഹരനും മമ്മൂട്ടിയും ചേർന്ന്‌ ഒരു സ്‌മാരകം പണിതിരിക്കുകയാണ്‌. അനശ്വരമായ ഒരു സ്‌മാരകം.

കേരളചരിത്രവും സംസ്‌കാരവും പഠിക്കുമ്പോൾ ആവേശത്തോടെയും അഭിമാനത്തോടെയും ആരാധനയോടെയും മാത്രം നാം വായിച്ചറിഞ്ഞ ജീവിതമാണ്‌ പഴശ്ശിരാജയെന്ന ധീരയോദ്ധാവിന്റേത്‌. ആർക്കുമുന്നിലും തലകുനിക്കാതെ നിന്ന ഈ തന്ത്രശാലിയായ യോദ്ധാവിന്റെ ഒളിപ്പോരാളികൾക്കു മുന്നിൽ ബ്രിട്ടീഷുകാരുടെ പീരങ്കിപ്പട തോറ്റോടുമായിരുന്നു; നിർണ്ണായക ഘട്ടങ്ങളിൽ നമ്മുടെ നാട്ടുകാർ തന്നെ അദ്ദേഹത്തെ ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കിൽ!

വാസ്‌തവത്തിൽ ‘കേരളവർമ്മ പഴശ്ശിരാജ’യെന്ന ചലച്ചിത്രം പഴശ്ശിരാജയുടെ സമ്പൂർണ്ണജീവിതകഥയല്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ചിന്തിയെടുത്ത ഒരേടുമാത്രം. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ സംഭവബഹുലമായ അവസാനത്തെ അധ്യായത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായി ഇതിനെ കണക്കാക്കാം.

ബ്രിട്ടീഷുകാർക്കെതിരേ ഉണ്ടായ ആദ്യത്തെ സ്വാതന്ത്ര്യസമരമായി നാമൊക്കെ വാഴ്‌ത്തുന്നത്‌ 1857-ലെ ശിപായി ലഹളയെയാണ്‌. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പഴശ്ശിരാജയെന്ന ധീരയോദ്ധാവ്‌ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ഉറക്കം കെടുത്തിയത്‌ 1700 കളുടെ അന്ത്യത്തിലും. ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനിയ്‌ക്കെതിരെ സായുധ സമരം നയിച്ച കേരളവർമ്മ പഴശ്ശിരാജയ്‌ക്ക്‌ വേണ്ടത്ര പിൻതുണ മറ്റു നാട്ടുരാജ്യങ്ങളിൽ നിന്നുകൂടി ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദക്ഷിണേന്ത്യയിൽ നിന്നുതന്നെ കമ്പനിയുടെ വേരുകളറുക്കാൻ കേരളസിംഹത്തിനു കഴിയുമായിരുന്നു. ആ ധീരദേശാഭിമാനിയെ ഭാരതീയർക്കാകമാനം പരിചയപ്പെടുത്തിക്കൊടുക്കാൻ കഴിഞ്ഞു എന്ന മഹത്തായ നേട്ടവും ഈ ചലച്ചിത്രത്തിനുണ്ട്‌.

ചില അനിവാര്യഘട്ടങ്ങളിൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവേണ്ടതുണ്ട്‌. ഇന്നലെകളെ മറന്ന്‌ സ്വാതന്ത്ര്യത്തിന്റെ ലഹരി നുണയുകയാണ്‌ ഇന്നത്തെ പുതുതലമുറ. പൗരുഷവും സത്യസന്ധതയും ത്യാഗമനോഭാവവും അവരെ വിട്ടകന്നിരിക്കുന്നു. നാടിനെക്കുറിച്ചുള്ള ചിന്തകൾ അവർക്കില്ല. പണത്തിനും സുഖത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിലാണവർ. അങ്ങനെയുള്ള ഇക്കാലത്ത്‌ ഇങ്ങനെയൊരോർമ്മപ്പെടുത്തൽ അനിവാര്യമായിരുന്നു. അത്‌ പുതുതലമുറയുടെ കലാമാധ്യമമായ സിനിമയിലൂടെത്തന്നെ വേണമായിരുന്നു താനും. അത്തരമൊരു നിയോഗത്തിന്റെ പൂർത്തീകരണമാണ്‌ മലയാളത്തിന്റെ മണിമുത്തായ ശ്രീ. എം.ടി. വാസുദേവൻ നായരിൽ നിന്നും പിറന്നു വീണത്‌. മഹാനായ ഒരു തിരക്കഥാകൃത്തും സംവിധായകനും നടനും ഒന്നിച്ചതിന്റെ ഫലമാണ്‌ ‘പഴശ്ശിരാജ’യെന്ന ചലിചിത്രകാവ്യം.

ഖ്യാതിനേടിയ ചരിത്രാഖ്യായികകളും ചരിത്രാനാടകങ്ങളും പിറവികൊണ്ട ഭാഷയാണ്‌ മലയാളം. സി.വി.രാമൻപിള്ളയുടേയും ഇ.വി.കൃഷ്‌ണപിള്ളയുടേയും ഭാവനകളിൽ ചരിത്രം പുനർജനിച്ചപ്പോൾ, ചരിത്രത്തേക്കാളേറെ സാങ്കല്‌പിക സംഭവങ്ങളും കഥാപാത്രങ്ങളുമാണ്‌ അവയിൽ ഇടം നേടിയത്‌.

ഭാരതത്തിനു മുന്നിൽ കേരളത്തിന്റെ പഴശ്ശിയെന്ന ധീരനായ സായുധ സ്വാതന്ത്ര്യസമരപ്പോരാളിയെ, ആദ്യത്തെ ബ്രിട്ടീഷ്‌ വിരുദ്ധ സ്വാതന്ത്ര്യസമരചരിത്രത്തെ അവതരിപ്പിക്കാൻ എം.ടി.യെന്ന മഹാസാഹിത്യകാരൻ ഒരുങ്ങുന്നുവെന്നു കേട്ടപ്പോൾ സി.വി.യിൽ നിന്നുണ്ടായതു പോലെ തന്നെ, ചരിത്രപശ്ചാത്തലമുള്ള ഒരു കല്‌പിതകഥയാവാനേ തരമുള്ളു എന്നാണു കരുതിയത്‌. പക്ഷേ കേരളസിംഹത്തിന്റെ ജീവിതം അതിശയോക്തിയില്ലാതെ അവതരിപ്പിച്ച്‌ ശ്രീ.എം.ടി.വാസുദേവൻ നായർ ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഈ ചലച്ചിത്രം ഒരടയാളപ്പെടുത്തലാണ്‌. ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിൽ വിട്ടുപോയ ചില കണ്ണികളുടെ അടയാളപ്പെടുത്തൽ! ഇതും ഒരു ചരിത്രദൗത്യം തന്നെ!

ഓരോ ചരിത്ര പുരുഷന്മാർക്കും ചലച്ചിത്രത്തിൽ ജീവൻ നല്‌കിയ നടൻമാർ ഓരോരുത്തരോടും നീതി പുലർത്തി എന്നു പറയാം. ആരും മോശമായില്ല. കടച്ചേന കുങ്കനെ ശരത്‌കുമാറും, തലയ്‌ക്കൽ ചന്തുവിനെ മനോജും, കണ്ണവത്തുശങ്കരൻ നമ്പ്യാരെ ദേവനും അനശ്വരമാക്കി. ചന്തുവിന്റെ സൈന്യത്തിലെ പെൺകരുത്ത്‌ കേരളീയ വനിതകളുടെ യശസ്സുയർത്തി.

ഏതാനും ഗാനങ്ങളുമുണ്ട്‌ ഈ ചിത്രത്തിൽ. ഒരു ചരിത്ര സിനിമയിൽ ഗാനങ്ങൾക്കെന്തു പ്രസക്തി എന്നു തോന്നാം. എന്നാൽ തികച്ചും ഔചിത്യപൂർവ്വം കലർത്തിയിരിക്കുന്ന ഗാനങ്ങളിൽ, “ആദിയുഷസ്സന്ധ്യപൂത്തതിവിടെ……” എന്ന ഗാനം തിയേറ്റർ വിട്ട്‌ കൂടെപ്പോരുന്നതാണ്‌.

റസൂൽപൂക്കുട്ടിയുടെ ശബ്‌ദമാന്ത്രികത്വം മഴയായും പുഴയായും വാളൊലിയായും ഞാണൊലിയായും നാം കേട്ടറിഞ്ഞു. ഘോര കാനനത്തിലെ കരിയിലകളിൽ പതിഞ്ഞ പാദസ്‌പർശം കണ്ണടച്ചിരുന്നവർക്കും അനുഭവിക്കാൻ കഴിഞ്ഞു. ഓസ്‌കർ ജേതാവിനെക്കുറിച്ച്‌ കൂടുതലെന്തു പറയാൻ ആ പ്രതിഭാവിലാസം ‘സ്ലം ഡോഗ്‌ മില്ലെനെയർ’ എന്ന ചലച്ചിത്രത്തിലൂടെ ഞങ്ങൾ കണ്ടറിഞ്ഞതാണല്ലോ. വൻ മുതൽമുടക്കാവശ്യമായ ഇത്തരമൊരു പ്രോജക്‌ട്‌ സധൈര്യം ഏറ്റെടുത്ത നിർമ്മാതാവിനേയും അനുസ്‌മരിക്കാതിരിക്കുന്നത്‌ അനീതിയായിരിക്കും.

ഹരിഹരൻ എന്ന സംവിധായകന്റെ കയ്യൊപ്പ്‌ ഓരോ ഫ്രെയിമിലും നമുക്കു കാണാൻ കഴിയുന്നുണ്ട്‌. ഈ ചിത്രം മലയാളി കാത്തിരുന്ന ഒന്നാണ്‌. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മഹത്തായ കലാസൃഷ്‌ടിയാണിത്‌. അത്‌ നമ്മുടെ ധീര ചരിത്ര നായകർക്കായിത്തീർത്ത അനശ്വരസ്‌മാരകം കൂടിയാകുമ്പോൾ മധുരം ഇരട്ടിയാകുന്നു.

നന്ദി……….നന്ദി……….

Generated from archived content: cinema1_nov4_09.html Author: c_sreekumar-1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൊബൈൽഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?
Next articleആക്ഷൻ ഹീറോ ജോൺ എബ്രഹാം
തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു. വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌. ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി. 2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. വിലാസംഃ കരോട്ടുമഠത്തിൽ തട്ടക്കുഴ (പി.ഒ.) തൊടുപുഴ- 685 581. Address: Phone: 9496745304

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English