രാവണൻ

മണിരത്നത്തിന്റെ ‘രാവണൻ’ പോലെ അടുത്തനാളിൽ ഇത്രയേറെ കൊട്ടിഘോഷിച്ചെത്തിയ മറ്റൊരു ചലച്ചിത്രം ഉണ്ടായിരിക്കുകയില്ല. രാമായണത്തിന്‌ പുതിയ ഭാഷ്യം ഒരുങ്ങുന്നു, അതും മണിരത്നത്തിന്റെ തൂലികയിലൂടെ, എന്നതു മാത്രമായിരുന്നില്ല ചിത്രത്തെ റിലീസിങ്ങിനു മുൻപ്‌ ഇത്രയേറെ പ്രശസ്‌തമാക്കിയ ഘടകങ്ങൾ അഭിഷേക്‌ ബച്ചനും ഐശ്വര്യറായിയും നായികാ നായകന്മാരാകുന്നു (?) എന്നതും സൂപ്പർസ്‌റ്റാർ വിക്രം മറ്റൊരു പ്രധാന റോളിൽ എത്തുന്നു എന്നതും ചിത്രത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകൾ ഉണ്ടാവാൻ കാരണമായി. ഹിന്ദിയിൽ അഭിഷേക്‌ ചെയ്‌ത റോളിൽ തമിഴിൽ വിക്രമും, വിക്രം ചെയ്‌ത റോളിൽ പൃഥ്വിരാജും എത്തിയത്‌ തമിഴ്‌നാട്ടിലും കേരളത്തിലും വലിയ ചർച്ചകൾക്കു കാരണമായി. എന്തുകൊണ്ടും വലിയ പ്രതീക്ഷകൾ സൃഷ്‌ടിച്ചാണ്‌ ഹിന്ദി ‘രാവണും’ തമിഴ്‌ ‘രാവണനും’ തീയേറ്ററുകളിലെത്തിയത്‌.

വൻ പ്രതീക്ഷകളുണർത്തിയെത്തുന്ന സിനിമകൾ പരാജയപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്‌. ഇതിഹാസത്തിന്‌ പുതുമകളില്ലാത്ത ഭാഷ്യവുമായി മണിരത്നം എത്തിയപ്പോൾ അതുതന്നെ സംഭവിച്ചു. സഹോദരിയ്‌ക്കേറ്റ അപമാനത്തിന്‌ പ്രതികാരം ചെയ്യുകയായിരുന്നു സീതാപഹരണത്തിലൂടെ രാവണൻ എന്ന വ്യാഖ്യാനം പുതുമയുള്ളതല്ല. സ്‌ത്രീയുടെ ചാരിത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന വ്യക്തിയായിട്ടാണ്‌ രാവണനെ വാല്‌മീകി തന്നെ ചിത്രീകരിച്ചിട്ടുള്ളത്‌. മണിരത്നത്തിന്റെ രാമായണ വ്യാഖ്യാനം കാണാനുണ്ടായ കൗതുകം, ചിത്രം കണ്ടിരിക്കുമ്പോൾ കടുത്ത നിരാശയായിത്തീരുകയാണുണ്ടായത്‌. പ്രമേയത്തിന്റെയും അവതരണത്തിന്റെയും പുതുമയില്ലായ്‌മ മാത്രമല്ല; സൂപ്പർ താരങ്ങളുടെ അമിതാഭിനയം, ചിത്രത്തിലുടനീളം നിറഞ്ഞു നില്‌ക്കുന്ന അസ്വാഭാവികത, ഗാനങ്ങളുടെ നിലവാരത്തകർച്ച എന്നിങ്ങനെ നിരവധി കുറവുകൾ ചിത്രത്തിന്റെ പരാജയത്തിന്‌ കാരണമായി.

പുരാണ കഥാസന്ദർഭങ്ങളെ മണിരതനം വിഷയമാക്കുന്നത്‌ ആദ്യമായല്ല . ‘നായകനിലും’ ‘ദളപതി’യിലും ‘റോജ’യിലും ‘ബോംബെ’യിലും ‘ഗുരു’വിലും സമാനമായ സമീപനമായിരുന്നു മണിരത്നം അവലംബിച്ചത്‌. ദളപതി ദുര്യോധനകർണ്ണബന്ധത്തെ ഓർമ്മിപ്പിച്ചെങ്കിൽ റോജ ശകുന്തളയുടെ ദുഃഖം അനുസ്‌മരിപ്പിച്ചു. ബാബറി മസ്‌ജിദിന്റെ പദനത്തിനു ശേഷം നടന്ന ഹിന്ദുമുസ്ലീം കലാപത്തെ ‘ബോംബെ’യിലൂടെയും ധീരുഭായ്‌ അംബാനിയുടെ ജീവിതത്തെ ‘ഗുരു’വിലൂടെയും മണിരത്നം പകർത്തിക്കാട്ടി. രാവണപക്ഷത്തുനിന്ന്‌ രാമായണത്തെ സമീപിക്കുന്നു എന്നതിനൊപ്പം, മാവോയിസ്‌റ്റ്‌ നേതാവ്‌ കൊബാസ്‌ ഗാണ്ഡിയുടെ ജീവിതമാണ്‌ ‘രാവണൻ’ എന്ന ചിത്രം വിഷയമാക്കുന്നത്‌ എന്ന വാർത്ത മണിരത്നം നിഷേധിച്ചിരുന്നു. പക്ഷേ ‘രാവണൻ’ കണ്ടിരുന്നപ്പോൾ ആ ആരോപണത്തിൽ കഴമ്പുള്ളതായാണ്‌ അനുഭവപ്പെട്ടത്‌.

വീരയുടെ തടവിൽ കൊടുങ്കാട്ടിൽ ബന്ധിതയായി കഴിയുന്ന രംഗങ്ങളിൽപ്പോലും പൂർണ്ണാമായും മേക്കപ്പിട്ട്‌ പ്രത്യക്ഷപ്പെട്ട ഐശ്വര്യാറായ്‌ സിനിമയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തുന്നതിൽ തന്റേതായ പങ്കു വഹിച്ചു. ലോകസുന്ദരിയുടെ ശരീസൗന്ദര്യം പകർത്തുന്നതിലും പ്രകൃതിയുടെ അകൃത്രിമസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ അതു പ്രദർശിപ്പിക്കുന്നതിലും കാണിച്ച പാടവം തിരക്കഥയൊരുക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ ചിത്രം എത്രയോ നന്നാകുമായിരുന്നു! മണിരത്നവും സുഹാസിനിയും ചേർന്നൊരുക്കിയ തിരക്കഥ മികവിലേയക്കുയർന്നില്ല. ചിത്രത്തിന്റെ നിലവാരത്തകർച്ചയുടെ അടിസ്‌ഥാനകാരണവും ഇതുതന്നെ.

ഗാനരംഗങ്ങളാണ്‌ പ്രേക്ഷകരെ തീർത്തും നിരാശരാക്കിയത്‌. കാടിന്റെ പശ്ചത്തലത്തിനും ‘വീര’യെപ്പോലൊരു കഥാപാത്രത്തിന്റെ മാനസികാവസ്‌ഥയ്‌ക്കും അനുയോജ്യമായ ഈണമൊരുക്കാനുള്ള ശ്രമം ഇ.ആർ. റഹ്‌മാന്‌ തിരിച്ചടിയായി. ഗാനരചനയിൽ വീരമുത്തുവും പാടേ പതറി.

ക്ലാസ്സിക്കൽ ഡാൻസിന്റെ ആരാധകനായ പോലീസ്‌ ഓഫീസർ ദേവ്‌ (തമിഴിൽ പൃഥ്വിരാജ്‌) രാഗിണിയെന്ന (ഐശ്വര്യ) നർത്തകിയെ വിവാഹം കഴിക്കുന്നു. സമർത്ഥനായ ഈ എസ്‌.പി.യുടെ സേവനം നക്‌സൽ ബാധിത റൂറൽ ദേശങ്ങളിൽ ആവശ്യമുണ്ടെന്നു കണ്ടറിയുന്ന പോലീസ്‌ വകുപ്പ്‌ അത്തരമൊരു പ്രദേശത്തേയ്‌ക്ക്‌ ദേവിനെ നിയോഗിക്കുന്നു. ‘വീര’യുടെ സമാന്തര ഭരണം നിലനില്‌ക്കുന്ന ആ ദേശത്ത്‌ ക്രമസമാധാനം പുനഃസ്‌ഥാപിക്കണമെങ്കിൽ വീരയെ നശിപ്പിക്കണം എന്നു തിരിച്ചറിയുന്ന ദേവ്‌ അതിനായുള്ള കുരുക്കുകൾ ഒരുക്കുന്നു. ഇതിനിടെ രാഗിണി വീരയുടെ പിടിയിലകപ്പെടുന്നു. രാവണസന്നിധിയിലെ സീതയെപ്പോലെ രാഗിണിയുടെ കാനനവാസം! അവിടെ കുംഭകർണ്ണന്റെ വേഷത്തിൽ പ്രഭുവും ഹനുമാനായി കാർത്തിക്കും എത്തുന്നുണ്ട്‌. ഇതിനിടെ ‘വീര’യുടെ ജീവിതകഥയറിയുന്ന രാഗിണിയുടെ മനസ്സിൽ അയാളോട്‌ ആരാധനജനിക്കുന്നു. (ഈ ആരാധനയെ ന്യായീകരിക്കത്തക്ക ഒരു കാരണവും സിനിമയിൽ ചിത്രീകരിക്കപ്പെടുന്നില്ല. വീര, തന്നെ ശാരീരികമായി കീഴ്‌പ്പെടുത്താൻ ശ്രമിച്ചില്ല എന്നതും അയാളുടെ ശരിരസൗന്ദര്യവും ഇതിനുള്ള കാരണമായി തോന്നിപ്പിക്കുന്നത്‌ രാഗിണിയെന്ന കഥാപാത്രത്തെ അവഹേളിക്കുന്നതിനു തുല്ല്യമാണ്‌!) കഥാന്ത്യത്തിൽ വീരയും ദേവും നേർക്കുനേർ പൊരുതുമ്പോഴും വീരയുടെ ഔദാര്യം കൊണ്ടുമാത്രമാണ്‌ ദേവ്‌ രക്ഷപെടുന്നത്‌.

മടക്കയാത്രയ്‌ക്കിടെ നുണപരിശോധനയ്‌ക്ക്‌ വിധേയയാവണമെന്ന്‌ രാഗിണിയോട്‌ ദേവ്‌ ആവശ്യപ്പെടുന്നതോടെ രാമായണത്തോട്‌ കഥ അടുത്തുവരുന്നുണ്ടെങ്കിലും ആ രംഗങ്ങൾ സിനിമയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നതായി മാറി. സ്വാഭാവികത നഷ്‌ടപ്പെട്ടാൽ സിനിമ പ്രേക്ഷകനെ വെറുപ്പിക്കും എന്ന സാമാന്യതത്ത്വം പോലും മണിരത്നം മറന്നുപോയെന്നു തോന്നുന്നു! അതുകൊണ്ടും നിർത്താതെ വീരനിലഭയം തേടി രാഗിണിയെത്തുന്ന രംഗവും, കൂടുതൽ ഫോഴ്‌സുമായെത്തുന്ന ദേവ്‌ വീരയെ വെടിവച്ചുകൊക്കയിൽ തള്ളുന്ന രംഗവും കൂടി കാണുന്നതോടെ തങ്ങളെ ആകെ വിഡ്‌ഢികളാക്കുകയായിരുന്നു ഈ സിനിമ എന്ന്‌ പ്രേക്ഷകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവു തന്നെയാണ്‌ ഈ ചലച്ചിത്രത്തിന്റെ ദയനീയ പരാജയത്തിനു കാരണവും!

അതിരപ്പള്ളി വെള്ളച്ചാട്ടം മലയാളികൾക്കു സുപരിചിതമായ ടൂറിസ്‌റ്റു കേന്ദ്രമാണ്‌. ആ ലൊക്കേഷൻ മലയാളി പ്രേക്ഷകർക്ക്‌ അസ്വഭാവികത ജനിപ്പിച്ചു. വെള്ളച്ചാട്ടത്തിലേയ്‌ക്കുള്ള നായികയുടെ പതനം സങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഗംഭീരമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത്‌ നേട്ടമാണ്‌. സാങ്കേതികമായി ഹേളിവുഡ്‌ മികവിലേയ്‌ക്ക്‌ ഇന്ത്യൻ സിനിമയും വളരുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി മറ്റു രണ്ടു സീനുകൾകൂടി ‘രാവണ’നിൽ ഉണ്ട്‌. കൂറ്റൻ തൂക്കുപാലത്തിന്റെ തകർച്ച കാണിക്കുന്ന സീനും കൊക്കയിലേയ്‌ക്കു പതിക്കുന്ന വീരയെ കാണിക്കുന്ന അവസാന സീനുമാണ്‌ അവ.

ശ്രീകർ പ്രസാദിന്റെ എഡിറ്റിംങ്ങിൽ ബിഗ്‌ ബിയ്‌ക്കു തോന്നിയ കുറവുകളൊന്നും പ്രേക്ഷകർക്ക്‌ അനുഭവപ്പെട്ടില്ല. സിനിമ രണ്ടേകാൽ മണിക്കൂറിൽ തീർത്തുകൊടുത്തതിൽ അവർ സന്തുഷ്‌ടരുമാണ്‌. കലാസംവിധാനം പിഴവുകൾ നിറഞ്ഞതായിരുന്നു. അടിയ്‌ക്കടി താവളങ്ങൾ മാറിക്കൊണ്ടിരുന്ന വീരന്റെ കാനനത്താവളങ്ങൾക്കു നല്‌കിയ പെർഫെക്‌ഷൻ സ്വാഭാവികത നഷ്‌ടപ്പെടുത്തി. രാമരാവണയുദ്ധം നടക്കുന്ന തൂക്കുപാലമാണ്‌ മറ്റൊന്ന്‌. പ്രകൃതി രമണീയമെങ്കിലും അത്തരമൊരു ഭൂപ്രദേശത്ത്‌ ഇത്രയും വലിയൊരു തൂക്കുപാലം സ്വാഭാവികമല്ല. പ്രഗല്‌ബനായ സംവിധായകനു കീഴിൽ ജോലി തീർക്കുന്ന പണി മാത്രമേ കലാസംവിധായകൻ നിർവ്വഹിച്ചിട്ടുണ്ടാവൂ. തൂക്കു പാലത്തിന്‌ പഴമ തോന്നത്തക്കവിധം അതൊരുക്കിയിരുന്നെങ്കിൽ ഇത്തിരിയെങ്കിലും യുക്തി അവിടെ ചേരുമായിരുന്നു. രാമരാവണയുദ്ധം കടൽച്ചിറയിൽ വച്ചു നടന്നതായി കേട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ പ്രതീകാത്മക സ്വഭാവം അവിടെ ആരോപിക്കാമായിരുന്നു

വിശ്വസുന്ദരിയുടെ, പ്രായം കീഴ്‌പ്പെടുത്താത്ത അഭൗമ (?) സൗന്ദര്യം ആദ്യന്തം ഒപ്പിയെടുത്തിട്ടുണ്ട്‌ സന്തോഷ്‌ ശിവന്റെ ക്യാമറക്കണ്ണുകൾ. പുഴയിലും മഴയിലും തടാകത്തിലുമായി നായികയുടെ വസ്‌ത്രങ്ങൾ എപ്പോഴും നനഞ്ഞൊട്ടി നില്‌ക്കണമെന്ന്‌ മണിരത്നത്തിനു നിർബന്ധമുണ്ടായിരുന്നിരിക്കണം! എന്തായാലും ഈ ചിത്രത്തിൽ തെറ്റുപറയാനൊന്നുമില്ലാതെ വിജയം വരിച്ച പിന്നണി പ്രവർത്തകർ ഛായാഗ്രഹണം നിർവ്വഹിച്ച സന്തോഷ്‌ ശിവനും, വി. മണികണ്‌ഠനുമാണ്‌. അവരൊരുക്കിയ ആ ദൃശ്യവിരുന്നുകൂടി ഇല്ലാതിരുന്നെങ്കിൽ ജനം തീയേറ്ററുകൾ കത്തിച്ചേനേ!

Generated from archived content: cinema1_juy7_10.html Author: c_sreekumar-1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅബു ഇപ്പോഴും വേദനിപ്പിക്കുന്നു
Next articleമംമ്‌തയുടെ പാട്ട്‌, പൃഥ്വിയുടെയും
തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു. വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌. ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി. 2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. വിലാസംഃ കരോട്ടുമഠത്തിൽ തട്ടക്കുഴ (പി.ഒ.) തൊടുപുഴ- 685 581. Address: Phone: 9496745304

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here