ഏകദേശം 90 ഓളം ചലച്ചിത്രങ്ങളാണ് 2010-ൽ മലയാളത്തിൽ റിലീസ് ചെയ്യപ്പെട്ടത്. അന്യഭാഷകളിൽ നിന്നും ഡബ്ബുചെയ്‌തെത്തിയ ചിത്രങ്ങളും മറ്റ് അന്യഭാഷാ ചിത്രങ്ങളും ഒഴിച്ചുള്ള കണക്കാണിത്. പൊതുവേ പറഞ്ഞാൽ മലയാള സിനിമാലോകത്ത് ഒരു പുത്തനുണർവ്വു പ്രകടമായ വർഷമായിരുന്നു 2010. ഹോളിവുഡ്‌ഡിൽ നിന്നും ബോളിവുഡ്‌ഡിൽ നിന്നും കേളിവുഡ്‌ഡിൽ നിന്നും എത്തിയ വമ്പൻ ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുമായി കടുത്ത മത്സരത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും മലയാള സിനിമയ്‌ക്ക് യാതൊരു ക്ഷീണവും കൂടാതെ പിടിച്ചുനില്‌ക്കുവാനായി. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരജോഡിയിൽ, 2010 മമ്മൂട്ടിയ്‌ക്കനുകൂലമായിരുന്നു. കൂടുതൽ ഹിറ്റു ചിത്രങ്ങളുടെ ഭാഗഭാക്കാവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങിയ നായകനിരയിൽ നിന്നും ഏതാനും ഹിറ്റുകൾ മാത്രമാണ് പിറന്നത്. യുവനിരയിൽ ഇന്ദ്രജിത്തിനും കുഞ്ചാക്കോ ബോബനും കൈ നിറയെ പടങ്ങൾ കിട്ടി. പൃഥ്വിരാജിന്റെ വളർച്ചയാണ് 2010-ൽ മലയാള സിനിമാലോകം കണ്ട ഒരു പ്രധാന സംഭവം. മലയാളത്തിലെ സൂപ്പർ നായക നിരയിലേക്ക് പൃഥ്വിരാജ് തലയെടുപ്പോടെ കടന്നെത്തി.
അന്യഭാഷാ ചിത്രങ്ങൾ
2012, അവതാർ എന്നീ ബിഗ് ബഡ്‌ജറ്റ് ഹോളിവുഡ്‌ഡ് ചിത്രങ്ങൾ ജനുവരിയിൽ കേരളത്തിൽ നിന്നും പണം വാരി കടന്നുപോയി. ലോകാവസാനത്തിന്റെ വിസ്‌മയ ദൃശ്യങ്ങൾ അഭ്രപാളികളിൽ പകർത്തിയ 2012ഉം അവതാറും ജനുവരിയിൽ മലയാള ചലച്ചിത്രങ്ങൾക്ക് ഭീഷണി ഉണ്ടാക്കി. ബോളിവുഡ്‌ഡിൽ നിന്നെത്തിയ മൈ നേം ഈസ് ഖാനും രാവണനും പ്രതീക്ഷിച്ച പ്രേക്ഷകസ്വാധീനം കേരളത്തിൽ ഉണ്ടാക്കിയില്ല. എന്നാൽ വർഷത്തിന്റെ നാലാം പകുതിയിൽ വന്ന രജനിച്ചിത്രം യന്തിരൻ തീയേറ്ററുകളിൽ ആളെ നിറച്ചു. ചുരുക്കത്തിൽ മുൻ വർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്തതുപോലെയുള്ള സമ്മർദ്ദങ്ങളാണ് ഇക്കുറി അന്യഭാഷകളിൽ നിന്ന് മലയാളസിനിമയ്‌ക്കു നേരിടേണ്ടിവന്നത്. ഏറെ വ്യത്യസ്‌ഥവും പുതുമകൾ നിറഞ്ഞതുമായ ആ ചിത്രങ്ങളോടു മത്സരിച്ച് ഒരു പോറൽ പോലുമേല്‌ക്കാതെ പിടിച്ചു നില്‌ക്കാൻ ഇക്കുറി മലയാളസിനിമക്കു കഴിഞ്ഞു.
2010 മമ്മൂട്ടി ചിത്രങ്ങൾ
മമ്മുട്ടിക്ക് ഈ വർഷം 8 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യമാസങ്ങളിൽ ഇറങ്ങിയ ദ്രോണ, പ്രമാണി, യുഗപുരുഷൻ തുടങ്ങിയ ചിത്രങ്ങൾ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ മെയ് 7നു റിലീസ് ചെയ്‌ത പോക്കിരിരാജ ഒരു വമ്പൻ ഹിറ്റായി മാറി. കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചേരുവകളും ചേർത്തിറക്കിയ പോക്കിരിരാജയുടെ പ്രധാന ആകർഷണം അതിൽ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമാണ്. സംഗീത സംവിധായകനായ ജാസി ഗിഫ്‌റ്റിന് ഒരു തിരിച്ചു വരവു സാധ്യമാക്കിയ ഈ ചിത്രം തീയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചു.
ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത കുട്ടിസ്രാങ്കും രഞ്ഞ്‌ജിത്ത് സംവിധാനം ചെയ്‌ത പ്രാഞ്ചിയേട്ടനും കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രങ്ങളായിരുന്നു. തൃശ്ശൂരിലെ ഒരു അരിവ്യവസായിയും സെന്റ് ഫ്രാൻസീസിന്റെ കടുത്ത വിശ്വാസിയുമായ പ്രാഞ്ചിയേട്ടന്റെ കഥ പറഞ്ഞ ചലച്ചിത്രം ആദ്യം രണ്ടാഴ്‌ചകൊണ്ട് 3 കോടി നേടി.
എന്നാൽ അരവിന്ദ് രാജ് സംവിധാനം ചെയ്‌ത വന്ദേമാതരം സാമ്പത്തികമായി വലിയ പരാജയമാണുണ്ടാക്കിയത്. വിവാദങ്ങൾ പലതുമുയർത്തിയ ഈ ചിത്രം നിർമ്മാതാവിന്റെ കൈ പൊള്ളിച്ചു. ഡിസംബർ 9ന് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ട് മമ്മൂട്ടിയുടെ കോമഡിച്ചിത്രം ബെസ്‌റ്റ് ആക്‌ടറും തീയേറ്ററുകളിലെത്തി. സിനിമാ നടനാകാൻ മോഹിച്ചിറങ്ങുന്ന ഒരധ്യാപകന്റെ കഥ പറയുന്ന ഈ ചിത്രം ജനം ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാൻ
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം 2010 അത്ര നല്ല വർഷമായിരുന്നില്ല. ഒരു വിജയചിത്രമിറങ്ങാൻ സെപ്‌റ്റംബർ 9 വരെ കാത്തിരിക്കേണ്ടിയും വന്നു. വർഷാവസാനം തീയേറ്ററുകളിലെത്തിയ, കാണ്ഡഹാർ വിമാന റാഞ്ചൽ പ്രമേയമായ മേജർ രവി ചിത്രം കാണ്ഡഹാറിനും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനായില്ല. മോഹൻലാലും ബിഗ്‌ബിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയൊന്നും ചിത്രത്തെ സഹായിച്ചില്ല.
ഏപ്രിൽ 7നു റിലീസ് ചെയ്‌ത സസ്‌പെൻസ് ത്രില്ലറായി ജനകൻ ആയിരുന്നു ഈ വർഷത്തെ ആദ്യത്തെ മോഹൻലാൽ ചിത്രം. സജീവ് എൻ.ആർ. സംവിധാനം ചെയ്‌ത പ്രസ്‌തുത ചിത്രം പ്രേക്ഷകർ സ്വീകരിച്ചില്ല. മെയ് 7നു റിലീസ് ചെയ്‌ത അടുത്ത ചിത്രമാകട്ടെ (അലക്‌സാണ്ടർ ദ ഗ്രേറ്റ് – സംവിധാനം മുരളി നാഗവള്ളി) ദയനീയ പരാജയമായിരുന്നു.
ശ്രീനിവാസൻ തിരക്കഥയെഴുതി റ്റീ.കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത ഒരു നാൾ വരും ഏറെ വിവാദങ്ങൾക്കൊടുവിൽ തീയേറ്ററുകളിലെത്തിയെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരുകയുണ്ടായില്ല. എന്നാൽ ഈ കോട്ടങ്ങളെല്ലാം തീർക്കത്തക്ക വിജയമായിരുന്നു സെപ്‌റ്റംബർ 9ന് റിലീസ് ചെയ്‌ത ശിക്കാറിന്റേത്. കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തെ മോഹൻലാൽ ഫാൻസ് ഒരാഘോഷമാക്കി മാറ്റി. ആ ആഘോഷത്തിന്റെ ചൂടാറും മുമ്പാണ് അടുത്ത ചിത്രമായ കാണ്ഡഹാറും എത്തിയിരിക്കുന്നത്. വർഷാന്ത്യത്തോടെ മോഹൻലാൽ ശക്തമായ തിരിച്ചുവരവു നടത്തുമെന്നാശിച്ച ആരാധകർ പക്ഷേ നിരാശയിലാണ്.
പൃഥ്വിരാജ്
2010, മലയാളത്തിൽ പൃഥ്വിരാജിന്റെ വർഷമായിരുന്നു. ഈ വർഷം 5 മലയാള ചലച്ചിത്രങ്ങളും ഒരു സൂപ്പർ ഹിറ്റ് തമിഴ് ചിത്രവുമാണ് പൃഥ്വിരാജിന്റേതായി കേരളത്തിലെ തീയേറ്ററുകളിലെത്തിയത്. രാജ് നായർ സംവിധാനം ചെയ്‌ത പുണ്യം അഹം ജനുവരി 23ന് തീയേറ്ററുകളിലെത്തി. മാർച്ച് 19നു റിലീസായ താന്തോന്നിയായിരുന്നു അടുത്തത്. താന്തോന്നി ചെറുപ്പക്കാരെ ഒട്ടൊന്ന് ആകർഷിച്ചെങ്കിലും ഈ രണ്ടു ചിത്രങ്ങളും വിജയമെന്നു പറയാനാവില്ല. മമ്മൂട്ടിയോടൊത്ത് പോക്കിരിരാജയിലെത്തുമ്പോൾ അത് ശക്തമായ തിരിച്ചു വരവായി. ആക്ഷൻ രംഗങ്ങളിൽ താൻ തന്നെ ഒന്നാമൻ എന്നു പ്രഖ്യാപിക്കുന്നതായിരുന്നു പോക്കിരിരാജയിലെ പൃഥ്വിയുടെ വേഷം. ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റുന്ന നടൻ എന്ന പേരിൽ നിന്നും സൂപ്പർ സ്‌റ്റാർ എന്ന നിലയിലേക്കുള്ള പൃഥ്വിരാജിന്റെ വളർച്ചയ്‌ക്കും 2010 സാക്ഷ്യം വഹിച്ചു.
വിക്രത്തോടൊപ്പം പ്രധാനവേഷത്തിലെത്തിയ ബിഗ് ബഡ്‌ജറ്റ് മണിരത്‌നം ചിത്രം രാവണൻ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. തീവ്രവാദത്തിലേക്കാകർഷിക്കപ്പെടുന്ന യുവത്വത്തിന്റെ പ്രശ്‌നങ്ങൾ പറഞ്ഞെത്തിയ അമൽ നീരദ് ചിത്രം അൻവർ ഒക്‌റ്റോബർ 15 തീയേറ്ററുകളിൽ ആളെ കയറ്റി. നവംബർ 10നു പുറത്തിറങ്ങിയ ബി ഉണ്ണികൃഷ്‌ണന്റെ ദി ത്രില്ലർ എന്ന ചിത്രവും പൃഥ്വിരാജിന്റെ സൂപ്പർതാരാപരിവേഷത്തിന് ഇളക്കം തട്ടിച്ചില്ല.
ദിലീപ് ചിത്രങ്ങൾ
ജനപ്രിയ നായകൻ ദിലീപിന് 2010-ൽ 5 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് നയൻതാര നായികയായെത്തിയ ബോഡിഗാർഡാണ്. സിദ്ദിഖ് സംവിധാനം ചെയ്‌തൊരുക്കിയ ഈ പക്കാ കൊമേർഷ്യൽ ചിത്രം സാമാന്യ വിജയം നേടി. കമൽ സംവിധാനം ചെയ്‌ത ആഗതൻ പക്ഷേ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. മമാസ് സംവിധാനം ചെയ്‌ത് ഏപ്രിൽ 15നു പുറത്തുവന്ന പാപ്പി അപ്പച്ചാ എന്ന പടം ദിലീപ് കാവ്യാ കൂട്ടുകെട്ടിന്റെ തിരിച്ചു വരവുകൊണ്ട് ശ്രദ്ധനേടി. ചിത്രം വൻ വിജയമായിരുന്നു. നവംബർ 15ന് എത്തിയ സിബി കെ. തോമസ് ഉദയകൃഷ്‌ണ ടീമിന്റെ കോമഡിച്ചിത്രം കാര്യസ്‌ഥനും ചലനം സൃഷ്‌ടിച്ചു. ക്രിസ്‌തുമസ്സിന് ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിനേയും കുട്ടികളും കുടുംബപ്രേക്ഷകരും ചെറുപ്പക്കാരും അടക്കമുള്ള പ്രേക്ഷക സമൂഹം ഏറ്റെടുത്തു. ചുരുക്കത്തിൽ ദിലീപിന് ഏറെ ആശ്വസിക്കാൻ വക നല്‌കുന്ന വർഷമാണ് കടന്നു പോയത്.
മറ്റു നായകർ
ജയറാമിന് 2010-ൽ ചിത്രങ്ങൾ കുറവായിരുന്നു. പക്ഷേ അഭിനയിച്ച 3 കുടുംബചിത്രങ്ങളും വൻ വിജയമായിരുന്നു എന്നത് ജയറാമിനെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ എന്ന സ്‌ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നു. ഹാപ്പി ഹസ്‌ബെന്റ്‌സും, 4 ഫ്രണ്ട്‌സും ജയറാം ചിത്രമെന്ന നിലയിലല്ല ശ്രദ്ധിക്കപ്പെട്ടത്. ജയസൂര്യ കുഞ്ചാക്കോ ബോബൻ ഇന്ദ്രജിത്ത് തുടങ്ങിയവരും ഈ ചിത്രങ്ങളിൽ തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കഥ തുടരുന്നു എന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ 50-ാം ചിത്രം എന്ന നിലയിലാണ് തീയേറ്ററുകളിലെത്തിയത്.
സുരേഷ് ഗോപി നായകനായെത്തിയ സദ്‌ഗമയ, രാമരാവണൻ, കടാക്ഷം, റിങ്ങ് ടോൺ, കന്യാകുമാരി എക്‌സ്‌പ്രസ്സ്, സഹസ്രം എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ജയസൂര്യയുടെ കോക്‌ടെയിൻ സാമാന്യ വിജയം നേടി. കലാഭവൻ മണി നായകനായ ബ്ലാക്ക് സ്‌റ്റാലിൻ, അണ്ണാറക്കണ്ണനും തന്നാലായത്, പുള്ളിമാൻ, ഓറഞ്ച് എന്നീ ചിത്രങ്ങൾ നിർമ്മാതാക്കളുടെ കീശകാലിയാക്കിയിട്ടുണ്ടാവണം.
നായികമാരിൽ ഈ വർഷം ശ്രദ്ധ നേടിയത് മംമ്‌ത മോഹൻദാസാണ്. നായികാപ്രധാനമായ കഥ തുടരുന്നതിലെ വേഷം മംമ്‌തയ്‌ക്ക് ശക്തമായ അടിത്തറ നല്‌കി. തുടർന്ന് നിറക്കാഴ്‌ച അൻവർ എന്നീ ചിത്രങ്ങളിലും നല്ല വേഷങ്ങളാണ് മംമ്‌തക്കു ലഭിച്ചത്. മമ്മി ആന്റ് മി, സകുടുംബം ശ്യാമള, എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും സജ്ജീവ സാന്നിധ്യമറിയിച്ചു. പാട്ടിന്റെ പാലാഴി, 4 ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളിലൂടെ മീരാ ജാസ്‌മിനും, പാപ്പീ അപ്പച്ചായിലൂടെ കാവ്യ മാധവനും, കോക്‌ടെയിനിലൂടെ സംവൃതയും കുട്ടിസ്രാങ്കിലൂടെ പത്മപ്രിയയും പ്രേക്ഷകശ്രദ്ധ നേടി. രേവതി, കെ.പി.എ.സി. ലളിത, വിഷ്‌ണുപ്രിയ, ശ്വേതാമേനോൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ പെൺപക്ഷ സിനിമയായ പെൺപട്ടണവും 2010-ലെ ഇടം നേടി.
ആർ സുകുമാരന്റെ ദീർഘകാലത്തിനു ശേഷം എത്തിയ യുഗപുരുഷൻ പ്രിയനന്ദനന്റെ സുഫി പറഞ്ഞ കഥ, അനിൽ കെ നായർ സംവിധാനം ചെയ്‌ത റ്റി ഡി ദാസൻ, ജിത്തു ജോസഫിന്റെ മമ്മി ആന്റ് മി, ഷാജി എൻ കരുണിന്റെ കുട്ടിസ്രാങ്ക്, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി, പ്രേം ലാലിന്റെ ആത്മകഥ, ഹരി നാരായണന്റെ നീലാംബരി എന്നിവ 2010ലെ കലാമേന്‌മയുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയവയാണ്.
ശ്രീനിവാസൻ തിരക്കഥയൊരുക്കി 2010-ലെ ഏകചിത്രം ഒരു നാൾ വരും ഹിറ്റ് ചിത്രമെന്ന വിശേഷണം നേടിയെങ്കിലും വേണ്ടത്ര വിജയകരമായില്ല. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത കഥ തുടരുന്നുവിന് സത്യന്റെ സൂപ്പർ ഹിറ്റുകളുടെ നിലവാരത്തിലേക്കുയരാൻ കഴിഞ്ഞില്ല. കമലിന്റെ ആഗതനാകട്ടെ ഒന്നുമാകാതെ പോയി. ഹൊററും കോമഡിയും കൂട്ടി യോജിപ്പിച്ച് ലാൽ സംവിധാനം ചെയ്‌ത ഇൻ ഗോസ്‌റ്റ് ഹൗസ് ഇൻ 2010 ൽ പണം വാരിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അണുകുടുംബങ്ങളിലെ ജീവിതമുണ്ടാക്കുന്ന പ്രശ്‌നങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധയാകർഷിച്ച മമ്മി ആന്റ് മി വൻവിജയമായിരുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ മലർവാടി ആർട്ട്‌സ് ക്ലബ്ബ് എന്ന ചിത്രം മ്യൂസിക്കൽ കോമഡി എന്ന നിലയിൽ ശ്രദ്‌ധ നേടി. ലാൽ ജോസ് സംവിധാനം ചെയ്‌ത എൽസമ്മ എന്ന ആൺകുട്ടിയും 2010ലെ ഹിറ്റുചിത്രങ്ങളുടെ പട്ടികയിലുള്ള ഒന്നാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ കഥപറയുന്ന സിനിമകൾക്ക് എന്നും പ്രേക്ഷക പിൻതുണയുണ്ട് എന്ന സത്യത്തിന് അടിവരയിടുന്ന ഒന്നാണ് എൽസമ്മയുടെ വിജയം. ചുരുക്കത്തിൽ ഒട്ടേറെ പുതുമകൾ പരീക്ഷിക്കപ്പെട്ട 2010 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകൾക്കു വക നല്‌കിക്കൊണ്ടാണ് കടന്നുപോകുന്നത്.
Generated from archived content: cinema1_jan19_11.html Author: c_sreekumar-1