ഇവിടം സ്വർഗ്ഗമാണ്‌ഃ ചലച്ചിത്ര നിരൂപണം

ആശിർവാദ്‌ സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചലച്ചിത്രമാണ്‌ ‘ഇവിടം സ്വർഗ്ഗമാണ്‌.’ ജയിംസ്‌ ആൽബർട്ട്‌ തിരക്കഥയൊരുക്കി റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം ഭൂമാഫിയയുടെ ചതികളെ അതിജീവിക്കുന്ന മാത്യൂസ്‌ എന്ന കോടനാടൻ കർഷകന്റെ കഥ പറയുന്നു. മാത്യൂസായി മോഹൻലാലും മാത്യൂസിന്റെ പിതാവ്‌ ജെർമിയാസായി തിലകനും വേഷമിട്ടിരിക്കുന്നു.

പെരിയാറിന്റെ തീരത്തുള്ള തന്റെ മൂന്നേക്കർ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്‌ത്‌ പൊന്നുവിളയിക്കുന്ന കർഷകനാണ്‌ കോടനാട്ടുകാരുടെ പ്രിയപ്പെട്ട ‘മാത്തേവൂസ്‌. അയാളുടെ ഫാമും കൃഷി ഭൂമിയും ആരിലും മോഹമുദിപ്പിക്കുന്ന ഒന്നാണ്‌. മാത്യൂസിന്റെ കൃഷിയിടത്തോടു ചേർന്ന്‌ ഭൂമി വാങ്ങിയ ആലുവാ ചാണ്ടി എന്ന ഭൂമാഫിയക്കാരൻ മാത്യൂസിന്റെ പുരയിടവും നോട്ടമിടുന്നു. ഭൂമിയ്‌ക്കും ഫാമിനും മോഹവില പറഞ്ഞ്‌ അയാൾ പടികയറി എത്തുന്നതോടെ ആ കർഷക കുടുംബത്തിന്റെ സ്വസ്‌ഥതയും സമാധാനവും തകരുകയാണ്‌.

ജെർമിയാസിന്റെ പുരയിടത്തിനു ചുറ്റുമുള്ള കൊച്ചുകൊച്ചു പ്ലോട്ടുകൾ ഒന്നൊന്നായി സ്വന്തമാക്കുന്ന ആലുവചാണ്ടി മെല്ലെ മെല്ലെ മാത്യൂസിനെതിരേയും കരുക്കൾ നീക്കുന്നു. മാത്യൂസ്‌ സ്‌ഥലമുപേക്ഷിച്ച്‌ നാടുവിടാൻ നിർബന്ധിതനാവണം എന്ന ഉദ്ദേശ്യത്തോടെ ചാണ്ടി പയറ്റുന്ന തന്ത്രങ്ങളും നീക്കങ്ങളും പ്രേക്ഷകരുടെ കൂടി സ്വസ്‌ഥത തകർക്കുന്നവയാണ്‌. രാഷ്‌ട്രീയ സാമൂഹ്യ ഉദ്യോഗസ്‌ഥ രംഗത്തെ അഴിമതിയെ കൂട്ടുപിടിച്ച്‌ ഭൂമാഫിയ പിടിമുറുക്കുമ്പോൾ മാത്യൂസ്‌ ഒറ്റപ്പെടുന്നു. ഒടുവിൽ നന്മ നഷ്‌ടപ്പെടാത്ത ചുരുക്കം ചില മനുഷ്യരുടേയും ജുഡീഷറിയുടേയും സഹായത്തോടെ മാത്യൂസ്‌ വിജയം നേടുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു.

ജീവിതത്തിന്റെ സമസ്‌തമേഖലകളിലും മാഫിയകൾ പിടിമുറുക്കുന്ന കാഴ്‌ച ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിൽ കേരളമാകെ കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ്‌. ഭൂമാഫിയ, മണൽ മാഫിയ, ബ്ലേഡ്‌ മാഫിയ, കൊള്ളസംഘങ്ങൾ, കള്ളക്കടത്തു മാഫിയ, കള്ളനോട്ടു മാഫിയ, തീവ്രവാദസംഘങ്ങൾ എന്നിവയെല്ലാം ഇവയിൽപെടുന്നു. ഈ ദശകത്തിന്റെ തുടക്കത്തിൽ ഇത്തരം മാഫിയകളുടെ വളർച്ചയെ നിസ്സംഗതയോടെ നോക്കിക്കണ്ടവരാണ്‌ ഇവിടുത്തെ സാധാരണക്കാർ. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല എന്നാണവർ കരുതിയത്‌. എന്നാൽ ദശകത്തിന്റെ അന്ത്യത്തോടെ ഈ സംഘങ്ങൾ സാധാരണക്കാരന്റെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തിത്തുടങ്ങിയതോട അവരാകെ അങ്കലാപ്പിലായി. ആകെക്കൂടി ഒരു അരക്ഷിതാവസ്‌ഥയാണ്‌ സാധാരണക്കാരന്റെ ജീവിതത്തിൽ ഇന്നു കാണുന്നത്‌. ആ അവസ്‌ഥയെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്‌ ’ഇവിടം സ്വർഗ്ഗമാണ്‌‘ എന്ന ചലച്ചിത്രത്തിന്റെ മുഖ്യ സവിശേഷത.

ഭൂമാഫിയയുടെ കള്ള പ്രചാരണങ്ങളിൽ അറിഞ്ഞോ അറിയാതെയോ വീണടിയുന്നവരാണ്‌ കോടനാട്ടിലെ ഗ്രാമീണരിലധികവും. പലരും എതിർത്തു നില്‌ക്കാൻ ശേഷിയില്ലാഞ്ഞ്‌ കീഴടങ്ങിക്കൊടുക്കുന്നവരാണ്‌. ആദ്യം കിട്ടുന്ന വലിയ ഓഫർ സ്വീകരിച്ച്‌ പലായനം ചെയ്യുകയാണു ബുദ്ധി എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ എവിടെയും എതിർത്തു നില്‌ക്കാൻ ആരെങ്കിലുമൊക്കെ കാണുമല്ലോ. യഥാർത്ഥ ജീവിതത്തിൽ ഇവരൊക്കെ മാഫിയകളൊരുക്കുന്ന ദുരന്തങ്ങളിൽപ്പെട്ട്‌ ജീവിതമവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നവരാണ്‌. അപൂർവ്വം ചിലർ വിജയം നേടിയെന്നും വരാം. അത്തരത്തിലൊരു വിജയം നേടലിന്റെ കഥയാണ്‌ മാത്തേവൂസിന്റേത്‌. ആപത്‌ഘട്ടങ്ങളിൽ വിട്ടൊഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ കൂടുതലുമെങ്കിലും സന്മനസ്സുള്ള ചിലരെങ്കിലും കൂടെയുണ്ട്‌ എന്നതാണ്‌ മാത്തേവൂസിന്റെ വിജയം! സമസ്‌തമേഖലകളിലുമുണ്ടായിട്ടുള്ള അധഃപതനം ജുഡീഷറിയേയും ബാധിച്ചിട്ടുണ്ടെങ്കിലും ആ നിയമ വ്യവസ്‌ഥയുടെ ചില നന്മകളാണ്‌ മാത്യൂസിന്‌ ആശ്വാസമാകുന്നത്‌.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മദ്ധ്യത്തിൽ എഴുതപ്പെട്ട മലയാള സാഹിത്യ കൃതികളിൽ മിക്കവയും നഗരവത്‌കരണവും വ്യവസായവത്‌കരണവും ഗ്രാമീണ ജീവിതശൈലി മാറ്റിമറിക്കുന്നതിന്റേയും അവിടെ പച്ചമനുഷ്യർ ഒറ്റപ്പെട്ടു പോകുന്നതിന്റേയും ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്‌. എം. മുകുന്ദന്റെ ’പ്ലാസ്‌റ്റിക്‌‘ എന്ന ചെറുകഥയിൽ, സ്വാഭാവികപൂക്കൾ വിറ്റ്‌ ഉപജീവനം കഴിച്ചിരുന്ന ഇട്ടുണ്ണി നായർ എന്ന പൂക്കച്ചവടക്കാരന്റെ ജീവിതം, നഗരത്തിൽ നിന്നെത്തുന്ന പ്ലാസ്‌റ്റിക്ക്‌ പൂവില്‌പനക്കാരന്റെ വരവോടെ തകർന്നടിയുന്ന കാഴ്‌ച അവതരിപ്പിക്കുന്നു. നിസ്സഹായനായിത്തീരുന്ന ഒരു സാധാരണക്കാരന്റെ അരക്ഷിതാവസ്‌ഥയാണ്‌ ഈ കഥയുടെ വിഷയം. നമ്മുടെ സാഹിത്യകൃതികൾ എല്ലാം തന്നെ അതാതു കാലങ്ങളിൽ മനുഷ്യർ നേരിട്ട പ്രശ്‌നങ്ങളേയും വേദനകളേയും പകർത്തിയിട്ടുള്ളവയാണ്‌. ഭാവനാത്മകവും ജീവിതത്തിന്റെ പുറം പൂച്ചുകൾ മാത്രം പകർത്തുന്നവയുമായ സാഹിത്യത്തെ നാമെന്നും തള്ളിക്കളയുകയും ചെയ്‌തിരുന്നു. നമ്മുടെ സിനിമയും ഈ നിലവാരത്തിലേയ്‌ക്ക്‌ വളരുന്നതിന്റെ ശുഭസൂചനയായി ’ഇവിടം സ്വർഗ്ഗമാണ്‌‘ എന്ന ചലച്ചിത്രത്തെ നമുക്കു നോക്കിക്കാണാം.

ഇത്‌ മോഹൻലാൽ എന്ന സൂപ്പർതാരത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള ഒരു തിരക്കഥയല്ല. ലാൽ എന്ന പ്രതിഭാസമ്പന്നനായ നടന്റെ കഴിവുകൾ സിനിമയ്‌ക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നതിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ്‌ വിജയിക്കുകയും ചെയ്‌തിരിക്കുന്നു.

പാട്ട്‌, നായകനും വില്ലനും തമ്മിൽ നേരിട്ടു നടത്തുന്ന സംഘട്ടനം, നായകനു പ്രിയപ്പെട്ടവരുടെ വേർപാടു ചിത്രീകരിച്ച്‌ അനാവശ്യമായി സൃഷ്‌ടിച്ചെടുക്കുന്ന സെന്റിമെന്റ്‌സ്‌, തമാശയ്‌ക്കു വേണ്ടിമാത്രം ചില കോമഡി താരങ്ങളെ അണിനിരത്തി ഒരുക്കുന്ന വളിപ്പു കോമഡി തുടങ്ങി നമ്മുടെ സിനിമാക്കാർക്കിടയിൽ വളർന്നിട്ടുള്ള തെറ്റായ വിജയസങ്കല്‌പങ്ങളെ പൊളിച്ചെഴുതാനും ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കായി എന്നത്‌ സന്തോഷകരമാണ്‌. ഇവിടെ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനേയും നമുക്കു നന്ദിയോടെ സ്‌മരിക്കാം.

സാധാരണ പ്രേക്ഷകർക്ക്‌ ഏറ്റവും നിരാശയുണ്ടാക്കിയ ഒന്നാണ്‌ ഈ ചിത്രത്തിൽ ഗാനങ്ങളില്ല എന്നത്‌. പക്ഷേ, “പാട്ടൊന്നും ഇല്ലായിരുന്നല്ലോ?” എന്ന്‌ പ്രേക്ഷകർ ഓർക്കുന്നത്‌ തീയേറ്റർ വിട്ടിറങ്ങുമ്പോൾ മാത്രമാണ്‌! അതുന്നെ പാട്ടിന്റെ ആവശ്യകതയില്ലായ്‌മയെ സൂചിപ്പിക്കുന്നു. കഥാനായകനും കുടുംബവും ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന്‌ അയവുവരുത്തുന്ന ഒന്നും വേണ്ടെന്ന തീരുമാനമായിരിക്കണം ഗാനങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച ഘടകം. അങ്ങനെയെങ്കിൽ അതു നല്ലതു തന്നെ! എങ്കിലും കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ ഉചിതമായ ഒരു ഗാനമെങ്കിലും ചിത്രത്തിന്റെ ഗൗരവ സ്വഭാവത്തിന്‌ യാതൊരു കുറവും വരാത്തവിധം ചേർക്കാമായിരുന്നു എന്നാണ്‌ എന്റെയഭിപ്രായം. ചില ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന ചലച്ചിത്രമാണിത്‌. ഇതിലെ കഥാപാത്രങ്ങളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെല്ലാം തന്നെ ഇന്നോ നാളെയോ നമ്മളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കേണ്ടി വന്നേക്കാവുന്നതുമാണ്‌. ചിന്തിക്കാനും പ്രവർത്തിക്കാനും അധികം സമയം ബാക്കിയില്ല എന്ന ഓർമ്മപ്പെടുത്തൽ നല്‌കുന്ന ഈ ചിത്രത്തിൽ ഗാനം വേണോ വേണ്ടയോ എന്നത്‌ ഏറെ ചർച്ച ചെയ്യേണ്ടുന്ന ഒരു വിഷയമേയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ജയിംസ്‌ ആൽബർട്ടിന്റെ തിരക്കഥ ആദ്യന്തം പിരിമുറുക്കമുള്ളതാണ്‌. ഉപേക്ഷിക്കാമായിരുന്നത്‌ എന്ന്‌ പ്രേക്ഷകനെക്കൊണ്ടു തോന്നിക്കത്തക്ക ഒരു രംഗവും ഈ ചിത്രത്തിലില്ല. അത്‌ തിരക്കഥാകൃത്തിന്റെയും സംവിധായകന്റേയും ഔചിത്യബോധവും പ്രതിഭാവിലാസവും വ്യക്തമാക്കുന്നു.

മാത്തേവൂസായി സ്വാഭാവികാഭിനയത്തികവോടെ മോഹൻലാൽ തന്മയീഭാവം നേടുമ്പോൾ ഏറെക്കാലത്തിനു ശേഷം (നരസിംഹത്തിനു ശേഷം) ലാലിന്റെ അച്‌ഛനായി തിലകനും എത്തുന്നു എന്നതു പ്രത്യേകതയാണ്‌ തിലകൻ, കവിയൂർപൊന്നമ്മ, കെ.പി.എ.സി.ലളിത, ജഗതി, ശ്രീനിവാസൻ എന്നിവരുടെയൊന്നും അഭിനയമികവിനെപ്പറ്റിയെഴുതി സ്‌ഥലം നഷ്‌ടപ്പെടുത്തേണ്ട കാര്യമില്ല. ഏതു ചിത്രത്തിലും ഏതു വേഷത്തിലും എന്നതുപോലെ അവരൊക്കെ ഇതിലും കഥാപാത്രങ്ങളായി ജീവിക്കുന്നുണ്ട്‌. എടുത്തു പറയേണ്ട അഭിനയത്തികവു പുലർത്തിയിരിക്കുന്ന മറ്റൊരാൾ ആലുവ ചാണ്ടിയെന്ന ഭൂമാഫിയക്കാരനായി വേഷമിടുന്ന ലാലു അലക്‌സാണ്‌. വില്ലൻ വേഷങ്ങൾക്ക്‌ പുതിയൊരു മാനം കൈവന്നിരിക്കുകയാണ്‌ ഇവിടെ. മസിൽ പെരുപ്പിച്ചും, അസാന്മാർഗ്ഗിക പ്രവർത്തികൾ ചെയ്‌തും, നായകനുമായി കായികശക്തി പരീക്ഷണങ്ങളിൽ ഏർപ്പെട്ടും നടക്കുന്ന സിനിമകളിലെ സ്‌ഥിരം വില്ലൻ വേഷമല്ല ചാണ്ടിയുടേത്‌. ജീവിതത്തിലെ വില്ലന്മാർ ഭൂരിപക്ഷവും ഇത്തരക്കാരല്ല എന്ന യാഥാർത്ഥ്യം സിനിമാക്കാർ പലപ്പോഴും മറന്നുപോകാറാണു പതിവ്‌. നൂറ്റാണ്ടുകൾക്കു മുൻപ്‌ ’ഇയാഗോ‘ എന്ന വില്ലനെ വില്ല്യം ഷേയ്‌ക്‌സ്‌പിയർ സൃഷ്‌ടിച്ചിട്ടുള്ളത്‌ എത്തരത്തിലാണെന്ന്‌ ’ഒഥെല്ലോ‘ വായിച്ചിട്ടുള്ളവർക്കറിയാം. ഇതിലും വലിയൊരു വില്ലനെ പിന്നീടാർക്കും സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്‌ നിരൂപകമതം. ആലുവചാണ്ടിയെന്ന വില്ലനെ സമൂഹത്തിൽ നിന്നും പറിച്ചെടുത്ത്‌ സിനിമയിൽ നട്ടിരിക്കുകയാണ്‌ തിരക്കഥാകൃത്തും സംവിധായകനും. ലാലു അലക്‌സാകട്ടെ തന്റെ എല്ലാ കഴിവും ഉപയോഗിച്ച്‌ ആ വില്ലന്‌ അനുയോജ്യമായ ശരീരഭാഷ്യം ചമയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. മലയാളത്തിൽ പുതിയൊരു ചലച്ചിത്ര സംസ്‌കാരത്തിന്‌ ഈ ചിത്രം തുടക്കം കുറിയ്‌ക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.

Generated from archived content: cinema1_jan12_10.html Author: c_sreekumar-1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleശ്രീനിയുടെ ഭാഗ്യനായിക
Next articleമലയാള സിനിമ 2008
തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു. വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌. ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി. 2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. വിലാസംഃ കരോട്ടുമഠത്തിൽ തട്ടക്കുഴ (പി.ഒ.) തൊടുപുഴ- 685 581. Address: Phone: 9496745304

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English