കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്നു എന്നതുകൊണ്ട് ഒരു ചലച്ചിത്രം മഹത്വമുള്ളതാകുമെങ്കിൽ ഒരു പക്ഷേ ഈ നൂറ്റാണ്ടിലിറങ്ങിയ ഏറ്റവും മഹത്തായ ചലച്ചിത്രം 2012 ആയിരിക്കും. വിസ്‌മയകരമായ ദൃശ്യങ്ങളുടെ കോർത്തിണക്കലിനുപരി മറ്റൊന്നുമില്ലീ ചിത്രത്തിൽ.
കോർത്തിണക്കലിനുപയോഗിച്ചിരിക്കുന്ന ചരടാകട്ടെ (കഥാതന്തു) തീർത്തും ദുർബലവും!
മായന്മാരുടെ കലണ്ടർ പ്രകാരം 2012 ലോകാവസാനമാണ്. ഈ വിശ്വാസവും ‘ഗ്രഹാം ഹാൻ കോക്കിന്റെ’ നോൺ-ഫിക്‌ഷൻ വിഭാഗത്തിൽ പെടുന്ന ‘ഫിംഗർ പ്രിന്റ്‌സ് ഓഫ് ദ ഗോഡ്‌സ്’ എന്ന കൃതിയും, തന്നെ ആഴത്തിൽ സ്വാധീനച്ചതിന്റെ ഫലമാണ് ഈ ചലച്ചിത്രം എന്ന് ‘2012’ ന്റെ നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീ ‘റൊണാൾഡ് എമ്മേറിച്ച്’ പ്രസ്‌താവിക്കുകയുണ്ടായി. 900 കോടിയിലേറെ രൂപ മുടക്കി അങ്ങനെ പൂറത്തിറങ്ങിയ ഈ ചലച്ചിത്രം സാമ്പത്തികമായി വൻവിജയം നേടിക്കൊണ്ട് ലോകമെങ്ങും പ്രദർശിപ്പിക്കപ്പെടുകയാണ്. ഭാവനയിൽ വിരിഞ്ഞ ലോകാവസാനത്തിന്റെ ചിത്രീകരണത്തിനു തന്നെയാവണം തുക അധികവും ചെലവായിക്കാണുക. ആ രംഗങ്ങൾ തന്നെയാണ് ചിത്രം കാണാൻ പ്രേക്ഷകർക്ക് കൗതുകം പകരുന്നതും. എന്റെ സുഹൃത്ത് ഈ ചിത്രത്തിന്റെ പരസ്യം കണ്ട് ഇങ്ങനെ പറഞ്ഞു, “900 കോടി മുടക്കിയെടുത്ത ഒരു പടം കേവലം 40 രൂപയ്‌ക്ക് കാണാൻ അവസരമുണ്ട്. ഒന്നു കണ്ടുകളയാം” ശരാശരി മലയാളി പ്രേക്ഷകന്റെ ഈ മനോഭാവം തന്നെയാവണം കേരളത്തിലെമ്പാടും ഈ ചിത്രം തീയറ്ററുകൾ നിറയ്‌ക്കാൻ ഇടയാക്കിയത്! കൊളംബിയ പിക്‌ചേഴ്‌സ് വിതരണത്തിനെടുക്കുന്ന ചിത്രങ്ങളൊന്നും മോശമാവാറില്ല എന്ന മുൻവിധിയും സാധാരണ പ്രേക്ഷകർക്കുണ്ടായിരുന്നു.
2009-ൽ അമേരിക്കൻ ജിയോളജിസ്‌റ്റായ ‘അഡ്രിയാൻ ഹെൽസ്‌ലിയോട് അദ്ദേഹത്തിന്റെ സുഹൃത്തായ ’സത്‌നം‘ എന്ന ഇന്ത്യൻ ശാസ്‌ത്രജ്ഞൻ മൂന്നുവർഷത്തിനുള്ളിൽ ഭൂമിയ്‌ക്ക് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള സൂചന നല്‌കുന്നു. അതു ബോധ്യപ്പെട്ട ’അഡ്രിയാൻ‘, വൈറ്റ് ഹൗസിൽ വിവരമറിയിക്കുന്നു. ജി.എട്ട് രാഷ്‌ട്രങ്ങളുടെ ഉച്ചകോടിയിലും ഇത് ചർച്ചചെയ്യപ്പെടുന്നു. തുടർന്ന് മനുഷ്യവംശത്തിന്റെ നിലനില്‌പിനായി വലിയൊരു പ്രോജക്‌ട് രഹസ്യമായി ഹിമാലയസാനുക്കളിൽ നടപ്പാക്കപ്പെടുകയാണ്.
ഈ സീക്രട്ട് സ്‌പേസ്‌ഷിപ്പ് തേടി കേയ്‌റ്റ്, ജാക്‌സൺ കുട്ടികളായ നോവ, ലില്ലി എന്നിവർ സഞ്ചാരം ആരംഭിക്കുന്നു. ഇവരുടെ സാഹസിക സഞ്ചാരത്തിനിടയിലൂടെയാണ് നാം ലോകാവസാനമെന്ന മഹാദുരന്തം കാണുന്നത്. സ്‌പേസ് ഷിപ്പ് മഹാപ്രളയത്തെ അതിജീവിക്കുന്ന മുഹൂർത്തങ്ങൾ ’ടൈറ്റാനിക്‘ എന്ന ഹോളിവുഡ് ചിത്രത്തിലെ പല രംഗങ്ങളും അതേപടി അനുകരിക്കുന്നതാണ്.
ഉൽക്കാ പതനത്തിനിടയിലൂടെ വിമാനം പറത്തി രക്ഷപ്പെടുന്ന കുടുംബം ഒന്നോ രണ്ടോ വട്ടമല്ല ഭാഗ്യം കൊണ്ടുമാത്രം രക്ഷ പ്രാപിക്കുന്നത്. ഒരു രജനീകാന്ത് തമിഴ് ചിത്രം കണ്ട പുഞ്ചിരി പലപ്പോഴും മലയാളി പ്രേക്ഷകന്റെ മുഖത്തു വിടർന്നത് ’2012‘ എന്ന സിനിമയുടെ പ്രധാന പേരായ്‌മയായി. സത്യസന്ധമായ മനുഷ്യജീവിതങ്ങളെ സിനിമയിൽ പകർത്തി മഹത്തായ ചലച്ചിത്ര കാവ്യങ്ങൾ സൃഷ്‌ടിച്ച എത്രയോ മഹാന്മാരുടെ ദേശമാണ് ഭാരതം. സത്യജിത്ത് റേ മുതൽ അടൂർ ഗോപാലകൃഷ്‌ണൻവരെയുള്ള, സിനിമയെ കലാമൂല്യമുള്ളതാക്കിയ ചലച്ചിത്രകാരന്മാരും; സത്യൻ അന്തിക്കാടും, ശ്രീനിവാസനും, ലോഹിതദാസും, എം.ടി.വാസുദേവൻ നായരും അടക്കം ജനപ്രിയസിനിമകളെ ജീവിതഗന്ധിയും മൂല്യവത്തുമാക്കിയ മഹാന്മാരായ ചലച്ചിത്രകാരന്മാരും അരങ്ങുവാണ & വാഴുന്ന കേരളത്തിലും ഈ വിസ്‌മയചിത്രം പണം വാരുന്നു എന്നത് വിരോധാഭാസം എന്നല്ലാതെ എന്തുപറയാൻ! ഇങ്ങനെയൊക്കെയാണെങ്കിലും ലോകവസാനത്തിന്റെ ചില വിദൂരദൃശ്യങ്ങളുടെ കാവ്യാത്മകത ഏറെ ആകർഷണീയമാണ്.
ആകെക്കൂടി ഇതൊരു തട്ടുപൊളിപ്പൻ ചിത്രമാണ്. മഹത്തായ കലാസൃഷ്‌ടിയെന്നൊന്നും ഇതിനെ വിളിക്കാനാവില്ല. കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നല്‌കിയ ജോൺ കസാക്ക്, ചിവേറ്റൽ എജിയോഫർ, അമൻഡപീറ്റ്, താൻസൈ ന്യൂട്ടൻ, ഒളിവർപാറ്റ് തുടങ്ങിയ അഭിനേതാക്കൾ സുന്ദരവും സ്വാഭാവികവുമായ അഭിനയത്തികവു പുലർത്തി എന്നത് എടുത്തു പറയേണ്ടതാണ്. ഡീൻ സെംലറിന്റെ ഛായാഗ്രഹണത്തെക്കുറിച്ച് അത്‌ഭുതമെന്നേ പറയാനാവൂ.
ഒരോ സമയത്ത് രണ്ടിടത്തു നടക്കുന്ന കാര്യങ്ങളെ മാറിമാറി അവതരിപ്പിച്ച് കാണികളുടെ ആകാംക്ഷ വളർത്തുന്ന തന്ത്രം മലയാളസിനിമയിൽ നിരവധിതവണ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ് അതുകൊണ്ടുതന്നെ ഈ ശൈലി 2012 എന്ന സിനിമയിൽ കാണുമ്പോൾ പ്രത്യേകിച്ച് ഒരു കൗതുകവും മലയാളിപ്രേക്ഷകന് ഉണ്ടാവുന്നില്ല. മാത്രമല്ല അത്തരം മുറിച്ചൊട്ടിക്കലിലെ കൃത്യതയില്ലായ്‌മ ചിലയിടങ്ങളിലെങ്കിലും ആ സിനിമയുടെ വ്യക്തത കുറയ്‌ക്കുന്നുമുണ്ട്. അതിവിദൂരദൃശ്യങ്ങളിൽ നിന്നും പൊടുന്നനേ മറ്റൊരു മീഡിയം ഷോട്ടിലേയ്‌ക്കുള്ള പരിവർത്തനം പലയിടങ്ങളിലും ഏറ്റവും സുന്ദരമാാണ്. ഡേവിഡ് ബ്രന്നറിന്റെ എഡിറ്റിങ്ങ് മികവും റൊണാൾഡ് എമിറിച്ചിന്റെ സംവിധാന പരിചയവും ഇത്തരം ദൃശ്യങ്ങളൊരുക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. പക്ഷേ ശരാശരി പ്രേക്ഷകന് ഇത് ബോറായി അനുഭവപ്പെട്ടു എന്നാണ് അഭിപ്രായം. സുനാമിയായി ഇരമ്പിയെത്തുന്ന സാഗരത്തെ ഒരു നിമിഷം കാട്ടി പിൻവാങ്ങുന്ന ഒരവസരത്തിൽ തീയേറ്ററിൽ കൂവലുയർന്നത് മറ്റൊന്നും കൊണ്ടല്ല. ഇത് സിനിമയുടെ പോരായ്‌മയല്ല, കാണികളുടെ നിലവാരമില്ലായ്‌മയാണ് കാണിക്കുന്നത് എന്നു കരുതിയാൽ മതി.
വെളുത്ത വർഗ്ഗക്കാരന്റെ വർണ്ണവെറി പ്രകടമാക്കുന്നവയായിരുന്നു ഒരു കാലത്തെ ഹോളിവുഡ് സിനിമകൾ. എന്നാലിന്ന് കറുത്ത വർഗ്ഗക്കാരെ അംഗീകരിക്കാൻ അമേരിക്കക്കാർ തയ്യാറായിത്തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണല്ലോ അവരുടെ പുതിയ പ്രിസിഡന്റ്. കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ് ജനങ്ങളോടൊപ്പം നിലകൊള്ളുന്ന നിരവധി രംഗങ്ങളിലൂടെ തങ്ങളുടെ വർണ്ണവെറി കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് അമേരിക്കക്കാർ ലോകത്തോടു വിളിച്ചുപറയുന്നുമുണ്ട് ഈ സിനിമയിലൂടെ.
അയഥാർത്ഥങ്ങളുടെ കൂട്ടിയോജിപ്പിക്കലാണീ ചിത്രം. പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യൻ അഭിമുഖീകരിച്ച ഭയാശങ്കകൾ ആവിഷ്‌ക്കരിച്ചിരുന്നെങ്കിൽ ഈ ചലച്ചിത്രം കൂടുതൽ ജീവിതഗന്ധിയാകുമായിരുന്നു. അതിവിദൂര ദൃശ്യങ്ങളിൽ നിറയുന്ന വിസ്‌മയങ്ങൾ പകർത്തി വരുമ്പോൾ പച്ചമനുഷ്യരുടെ ഭയാശങ്കകൾ സംവിധായകൻ മറന്നുപോയതാണ് ഈ ചലച്ചിത്രത്തിന്റെ പ്രധാന പോരായ്‌മ. പാശ്ചാത്യർക്ക് ചലച്ചിത്രം ജീവിതഗന്ധിയാവണം എന്നൊന്നുമില്ല. അവർക്കു വേണ്ടത് വിസ്‌മയവും വിഭ്രമവുമാണ്. ത്രില്ലിങ്ങ് എക്‌സ്‌പീരിയൻസ് നല്‌കുന്നതെന്തും അവർക്ക് താല്‌പര്യമുളവാക്കുന്നതാണ്. ജുറാസിക് പാർക്കും, അനാക്കോണ്ടയും മമ്മി റിട്ടേൺസുമൊക്കെ കളക്‌ഷൻ റെക്കോഡുകൾ ഭേദിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല.
ശാസ്‌ത്രപുരോഗതിയിൽ അഹങ്കരിച്ച് പ്രകൃതി ചൂഷണം നടത്തുന്ന പാശ്ചാത്യലോകത്തിന് വിപത്‌സൂചനകൾ നല്‌കാനൊക്കും വിധം അവതരിപ്പിച്ചിരുന്നെങ്കിൽ മഹത്വമുള്ളതാക്കാൻ കഴിയുമായിരുന്ന ഒരു ചലച്ചിത്രത്തെ മനുഷ്യരിൽ അന്ധവിശ്വാസങ്ങൾ വളർത്താൻ ഉപകരിക്കും വിധം അധപ്പതിപ്പിക്കുകയാണ് സംവിധായകൻ ചെയ്‌തത്. എന്തായാലും ’സ്ലം ഡോഗ് മിലെനെയറി‘നു ശേഷം മറ്റൊരു ഹോളിവുഡ് ചിത്രം കൂടി ഇന്ത്യൻ തീയേറ്ററുകളിൽ നിന്ന് പണം വാരുകയാണ്. കോടികളുടെ നിറപ്പൊലിമകളിലേയ്‌ക്ക് ഇന്ത്യൻ പ്രേക്ഷകരും കാലിടറി വീഴുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
Generated from archived content: cinema1_dec17_09.html Author: c_sreekumar-1
Click this button or press Ctrl+G to toggle between Malayalam and English